പൊതുബജറ്റ് അവതരണത്തിന് കേവലം ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. ബജറ്റ് പ്രതീക്ഷയില്‍ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന 10 ഓഹരികള്‍
2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് അവതരണത്തിന് കേവലം ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. ഓഹരി വിപണിയുടെ സമീപകാല ഭാഗധേയം നിര്‍ണയിക്കുന്നതിലും കേന്ദ്രബജറ്റ് മുഖ്യഘടകമായി വര്‍ത്തിക്കാറുണ്ട്. ധനനയങ്ങളിലെ ചില പരിഷ്‌കാരങ്ങളും മാറ്റങ്ങളും വിപണിയിലെ ഒരുവിഭാഗം നിക്ഷേപകര്‍ വരുന്ന ബജറ്റിലും പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമെന്നോണം ബജറ്റിന് മുന്നോടിയായുള്ള തന്ത്രപരമായ നിക്ഷേപത്തിന് ശ്രദ്ധലഭിക്കുന്ന 10 ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.
ഇന്‍ഫ്രാസ്ട്രക്ചര്‍
രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിന് സര്‍ക്കാര്‍ നല്‍കുന്ന പരിഗണന, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ ചില ഓഹരികളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ഉയര്‍ന്ന മൂലധന ചെലവിടലിനു പുറമെ മികച്ച വളര്‍ച്ചാ സാധ്യതകളും റെയില്‍വേയുമായി ബന്ധപ്പെട്ട ഓഹരികളെ ശ്രദ്ധാകേന്ദ്രമാക്കുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ ഉപകമ്പനിയായ 'ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍' ഓഹരിയെ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്ത് രണ്ട് പ്രമുഖ ബ്രോക്കറേജുകള്‍ രംഗത്തെത്തി.
ഇതിനോടൊപ്പം ഉപരിതല ഗതാഗത വികസനത്തിനും കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രതിദിനം 50 കിലോമീറ്റര്‍ ദൂരത്തിലെങ്കിലും ദേശീയപാത നിര്‍മാണത്തിന് ഉപരിതല ഗതാഗാത മന്ത്രാലയം ലക്ഷ്യമിടുന്നതിനെ പിന്തുണയ്ക്കു ബജറ്റ് വിഹിതം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി 'പിഎന്‍സി ഇന്‍ഫ്രാടെക്' ഓഹരിയെ 20 ബ്രോക്കറേജ് സ്ഥാപനങ്ങളും 'കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്' ഓഹരിയെ 22 ബ്രോക്കറേജ് സ്ഥാപനങ്ങളും ശുപാര്‍ശ ചെയ്തു.
പ്രതിരോധം
മികച്ച കരാറുകള്‍ ഇതിനകം കരസ്ഥമാക്കിയിട്ടുള്ളതും തദ്ദേശീയ ആയുധ നിര്‍മാണത്തിനായി ശക്തമായ പ്രോത്സാഹനം സര്‍ക്കാര്‍ തലത്തില്‍ നിന്നും ലഭ്യമാകുന്നതും പ്രതിരോധ മേഖലയിലെ ഓഹരികളെയും ഇത്തവണ ശ്രദ്ധാകേന്ദ്രമാക്കും. കൂടാതെ, തദ്ദേശീയമായി ആയുധ നിര്‍മാണത്തിന് പ്രേരണയേകുന്ന കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരുനന് ബജറ്റില്‍ പ്രതീക്ഷിക്കുന്നതും പ്രതിരോധ മേഖലയിലെ ഓഹരികളിലേക്ക്് നിരവധി ഫണ്ട് മാനേജര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
'ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്' (എച്ച്എഎല്‍)- 9 മുന്‍നിര ബ്രോക്കറേജുകള്‍ ശുപാര്‍ശ ചെയ്തു. സമാനമായി പൊതുമേഖല സ്ഥാപനങ്ങളായ 'ഭാരത് ഡൈനാമിക്‌സ്' ഓഹരിയെ 7 ബ്രോക്കറേജ് സ്ഥാപനങ്ങളും 'ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്' (ഭെല്‍) ഓഹരിയില്‍ 5 ബ്രോക്കറേജ് സ്ഥാപനങ്ങളും നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തു.
ഓഹരി വിറ്റഴിക്കല്‍
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ പുതിയ ബജറ്റിലും വിപണി പ്രതീക്ഷിക്കുന്നുണ്ട്. ഇതിനോടൊപ്പം കൂടുതല്‍ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനുള്ള സാധ്യതകളും സമയക്രമവുമൊക്കെ പ്രഖ്യാപിക്കുമെന്നും കരുതുന്നു. ഇതിന്റെ ഭാഗമായി 'ബിഇഎംഎല്‍', 'ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ' (എസ്‌സിഎല്‍), 'കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ' (കോണ്‍കോര്‍) ഓഹരികളെയാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നിക്ഷേപത്തിനായി ശുപാര്‍ശ ചെയ്യുന്നത്.
പുനരുപയോഗ ഊര്‍ജം
കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിന്റെ ഭാഗമായി പുനരുപയോഗ ഊര്‍ജം പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമം ഇന്ത്യയിലും വ്യാപകമാകുന്നു. പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ 65 ശതമാനത്തിലധികം ഊര്‍ജം, പുനരുപയോഗ സ്രോതസുകളില്‍ നിന്നും 2030-ഓടെ ലഭ്യമാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും വരുന്ന കേന്ദ്രബജറ്റിലും പ്രതീക്ഷിക്കുന്നു. ഇതു ലക്ഷ്യമിട്ടുകൊണ്ട് 10 ബ്രോക്കറേജ് സ്ഥാപനങ്ങള്‍ 'ടാറ്റ പവര്‍' ഓഹരിയില്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
(അറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ മാര്‍ഗോപദേശം തേടാം.)