1957 കോടി ബജറ്റിൽ അനുവദിച്ചതോടെ മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ കെഎംആർഎല്ലിന് ട്രാക്കിലാക്കാം. 11.7 കിലോ മീറ്റർ ദൂരത്തിൽ 11 സ്റ്റേഷനുകളാണുളളത്.
ദില്ലി/ കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ജീവൻ നൽകുന്നതാണ് കേന്ദ്ര ബജറ്റിലെ 1957 കോടി രൂപയുടെ പ്രഖ്യാപനം. ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുളള 11 കിലോമീറ്റർ നീളുന്നതാണ് രണ്ടാംഘട്ടം. 1957 കോടി രൂപ വകയിരുത്തിയെങ്കിലും 338 കോടി രൂപയാണ് കേന്ദ്ര സർക്കാർ പദ്ധതിക്കായി മുടക്കേണ്ടത്.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ മുന്നൊരുക്കങ്ങൾ തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനം. 1957 കോടി ബജറ്റിൽ അനുവദിച്ചതോടെ മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ കെഎംആർഎല്ലിന് ട്രാക്കിലാക്കാം. 11.7 കിലോ മീറ്റർ ദൂരത്തിൽ 11 സ്റ്റേഷനുകളാണുളളത്. ഇടപ്പളളി, കാക്കനാട് വില്ലേജുകളിലായി രണ്ട് ഹെക്ടർ സ്ഥലമാണ് പദ്ധതിക്കായി പൊന്നുംവില കൊടുത്ത് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്.
undefined
ഈ നടപടികൾ തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്‍റെ സുപ്രധാനമായ പ്രഖ്യാപനം. എന്നാൽ കേന്ദ്ര സർക്കാരുമായി നേരത്തെ തന്നെയുളള ധാരണയനുസരിച്ച് 338 കോടി 75 ലക്ഷമാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തുല്യവിഹിതമായി മുടക്കേണ്ടത്. ബാക്കി തുക വായ്പയിലൂടെയാണ് കണ്ടെത്തേണ്ടത്. അതായത് ബജറ്റിൽ മുഴുവൻ പദ്ധതിത്തുകയുമുണ്ടെങ്കിലും കേന്ദ്ര സർക്കാർ നേരിട്ട് മുടക്കുക നാലിലൊന്ന് മാത്രം. എന്നാലിത്രയും പണം ലഭിക്കുന്നത് സ്ഥലമേറ്റെടുപ്പ് അടക്കമുള്ളവയെ സഹായിക്കുമെന്ന് തൃക്കാക്കര എംഎൽഎ പി ടി തോമസ് പറയുന്നു.
''ആളുകൾക്ക് പണം കൊടുത്ത് സ്ഥലമേറ്റെടുത്ത്, അതല്ലെങ്കിൽ മറ്റ് സ്ഥലമേറ്റെടുത്ത് നൽകി, അത്തരം നടപടികൾ വേഗത്തിലാക്കാൻ ഈ പ്രഖ്യാപനം സഹായിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല'', എന്ന് പി ടി തോമസ് പറയുന്നു.
കാക്കനാടേക്കുളള രണ്ടാംഘട്ടത്തിന് മുന്നോടിയായി സീ പോർട്ട് എയർ പോർട്ട് റോഡിലടക്കം വീതി കൂട്ടുന്ന നടപടികൾ തുടരുകയാണ്. കാക്കനാട് സിഗ്നൽ ജംങ്ഷൻ മുതൽ ഇൻഫോപാർക്ക് എക്സ്പ്രസ് വേ തുടങ്ങുന്നയിടം വരെയാണ് നാലുവരിപ്പാതയായി വീതികൂട്ടുന്നത്.
ഏറെക്കാലമായി മുടങ്ങിക്കിടന്ന റോഡുവികസനമാണ് ഈ മേഖലയിൽ കെഎംആർഎൽ പൂർത്തിയാക്കുന്നത്. ഇൻഫോപാർക്ക് ഉൾപ്പെടുന്ന രണ്ടാംഘട്ടം കൂടി വന്നാലേ കൊച്ചി മെട്രോയെ കൂടുതൽ നഷ്ടങ്ങളിൽ നിന്ന് കരകയറ്റാനാകൂ എന്നാണ് വിലയിരുത്തൽ.