ഇ പ്ലാറ്റ്ഫോം വഴി ഗണ്യമായ അളവിൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതിയും രാജ്യത്ത് നിന്ന് കയറ്റുമതിയും ചെയ്യപ്പെടുന്നുണ്ട്.
ദില്ലി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ, അതിവേഗം വളരുന്ന ഇ-കൊമേഴ്സ് വിഭാഗത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായുളള പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് സൂചന. ഇ-കൊമേഴ്‌സ് ഇറക്കുമതിക്കും കയറ്റുമതിക്കും ബൾക്ക് ക്ലിയറൻസ് സൗകര്യം വിപുലീകരിക്കുക തുടങ്ങിയ നടപടികൾ സർക്കാർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇ പ്ലാറ്റ്ഫോം വഴി ഗണ്യമായ അളവിൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതിയും രാജ്യത്ത് നിന്ന് കയറ്റുമതിയും ചെയ്യപ്പെടുന്നുണ്ട്. അതിനാൽ നിയന്ത്രണവും സൗകര്യവും തമ്മിൽ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതിന്റെ ആവശ്യകത വലുതാണെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
നിലവിൽ, ഇറക്കുമതിക്കാരും കയറ്റുമതിക്കാരും ഓരോ പാക്കേജിനും വ്യക്തിഗത / പ്രത്യേക ക്ലിയറൻസ് രേഖകൾ ഇന്ത്യൻ കസ്റ്റംസ് വകുപ്പിന് സമർപ്പിക്കേണ്ടതുണ്ട്, ഇത് വ്യാപാരികൾക്ക് ഇ-കൊമേഴ്സ് വഴി ബിസിനസ്സ് നടത്തുന്നതിന്റെ ചെലവ് വർദ്ധിപ്പിക്കുന്നു. ഇ-കൊമേഴ്സ് മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ, ഇ-കൊമേഴ്സ് ഇറക്കുമതിയും കയറ്റുമതിയും വൻതോതിൽ ക്ലിയറൻസ് ചെയ്യാനുള്ള സൗകര്യം ആവശ്യമാണെന്നും ഈ മേഖലയിലുളളവർ ആവശ്യപ്പെടുന്നു.
ഇ- കൊമേഴ്സ് രംഗത്തെ കയറ്റുമതി പ്രക്രിയകൾ ലഘൂകരിക്കുന്നത് രാജ്യത്തിന് പുറത്തേക്കുളള കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് കൂടുതൽ സഹായിക്കും.
"ബൾക്ക് ക്ലിയറൻസിന്റെ സൗകര്യം വിപുലീകരിക്കുന്നത് നല്ലതാണ്. ആഗോളതലത്തിൽ ഈ സൗകര്യം ഉണ്ട്. ഇടപാട് ചെലവ് കുറയ്ക്കുന്നതിന് ഇത് സഹായിക്കും. ഇത് അനുവദിക്കുകയാണെങ്കിൽ, അത് ഇ-കൊമേഴ് സ് വ്യാപാരത്തിന് വളരെയധികം ഗുണം ചെയ്യും, "ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ അജയ് സഹായ് ബിസിനസ് സ്റ്റാർഡേർഡിനോട് പറഞ്ഞു.