ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വ്യാപാരികൾ ഡിസ്‌കൗണ്ടുകളും പ്രമോഷണൽ ഓഫറുകളും നൽകുന്നുണ്ട്.
ദില്ലി: ഈ ദീപാവലി സീസണിൽ രാജ്യത്തെ വ്യാപാരികൾ ഏകദേശം 4.25 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി). ദീപാവലി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ രാജ്യമെമ്പാടും തുടങ്ങി കഴിഞ്ഞു. ദില്ലിയിൽ മാത്രം ഇതുവരെ 75,000 കോടി രൂപയുടെ വ്യാപാരം നടന്നതായി വ്യാപാരികളുടെ സംഘടന വ്യക്തമാക്കുന്നു.
ഈ ഉത്സവ സീസണിൽ രാജ്യത്തുടനീളമുള്ള വിപണികളിൽ വലിയ തയ്യാറെടുപ്പുകൾ ആണ് നടക്കുന്നത് മെട്രോപൊളിറ്റൻ നഗരങ്ങളിലെയും ടയർ 2, ടയർ 3 നഗരങ്ങളിലെയും പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും കടകൾ ദീപാവലിക്ക് വേണ്ടി ഒരുങ്ങി കഴിഞ്ഞു. വർണ്ണാഭമായ വിളക്കുകൾ, രംഗോലികൾ, മറ്റ് അലങ്കാരങ്ങൾ എന്നിവകൊണ്ട് അലങ്കരിച്ച് വിപണികളെല്ലാം ഉത്സവ പ്രതീതി സൃഷിടിച്ചിട്ടുണ്ട്. കൂടുതൽ ആളുകളെ വിപണിയിലേക്ക് ആകർഷിക്കാൻ വേണ്ടതൊക്കെ വ്യപാരികൾ ചെയ്തിട്ടുണ്ട്.
ഡിമാൻഡ് കൂടുന്നതിനാൽ സമ്മാന വസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, ഫർണിച്ചറുകൾ, അലങ്കാര വസ്തുക്കൾ, പൂജാ സാമഗ്രികൾ, രംഗോലികൾ, ദേവീ വിഗ്രഹങ്ങൾ, ചിത്രങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷ്യവസ്തുക്കൾ, പലഹാരങ്ങൾ തുടങ്ങി വിവിധ ഇനങ്ങൾ വിപണിയിൽ കൂടുതലായി എത്തിച്ചിട്ടുണ്ട്.
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വ്യാപാരികൾ ഡിസ്‌കൗണ്ടുകളും പ്രമോഷണൽ ഓഫറുകളും നൽകുന്നുണ്ട്. ദീപാവലി സമയത്ത് പ്രതീക്ഷിക്കുന്ന കനത്ത തിരക്ക് കണക്കിലെടുത്ത്, സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി വ്യാപാരികൾ പോലീസിൽ നിന്നും പ്രാദേശിക ഭരണകൂടത്തിൽ നിന്നും സഹായം അഭ്യർത്ഥിച്ചതായി സിഎഐടി വ്യക്തമാക്കിയിട്ടുണ്ട്.