തക്കാളി വിറ്റ് ഒരു മാസം കൊണ്ട് മഹാരാഷ്ട്രയിലെ കർഷകൻ നേടിയത് ചില്ലറയല്ല, കോടികൾ. രാജ്യത്ത് തക്കാളി വില വരും ദിവസങ്ങളിൽ 300 രൂപ കടക്കുമെന്നാണ് സൂചന
മുംബൈ: രാജ്യത്തുടനീളം തക്കാളി വില കുതിച്ചുയരുന്നതിനിടയിൽ, മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ തക്കാളി കൃഷി ചെയ്ത ഒരു കർഷകന് ജാക്ക്പോട്ട് അടിച്ചു. തക്കാളി വില കത്തിക്കയറിയതോടെ കർഷകനായ തുക്കാറാം ഭാഗോജി ഗയാക്കറും കുടുംബവും തക്കാളി വിറ്റ് നേടിയത് കോടികൾ. ഒരു മാസം കൊണ്ട് 13,000 തക്കാളി പെട്ടികൾ വിറ്റ് 1.5 കോടിയിലധികം തുക്കാറാം സമ്പാദിച്ചു.
തുക്കാറാമിന് 18 ഏക്കർ കൃഷിഭൂമിയും മകന് 12 ഏക്കർ കൃഷി ഭൂമിയും ഉണ്ട്. തുക്കാറാമിനൊപ്പം മകൻ ഈശ്വർ ഗയാക്കറും മരുമകൾ സൊനാലിയും ചേർന്നാണ് തക്കാളി കൃഷി ചെയ്യുന്നത്. നല്ല ഗുണനിലവാരമുള്ള തക്കാളിയാണ് തങ്ങൾ കൃഷി ചെയ്യുന്നതെന്നും വിള കീടങ്ങളിൽ നിന്ന് സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ രാസവളങ്ങളെയും കീടനാശിനികളെയും കുറിച്ചുള്ള അറിവ് സഹായിക്കുമെന്നും കുടുംബം പറഞ്ഞു.
ALSO READ: 'ഇപ്പോഴൊന്നും കുറയില്ല! സാമ്പാറും വേണ്ട, രസവും വേണ്ട'; തക്കാളി വില 300 ലേക്കെത്തും
ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഒരു പെട്ടിക്ക് 1,000 രൂപ മുതൽ 2,400 രൂപ വരെ വിലയ്ക്ക് തക്കാളി വിൽക്കാൻ കഴിഞ്ഞു. പൂനെ ജില്ലയിലെ ജുന്നാർ എന്ന നഗരത്തിൽ ഇപ്പോൾ തക്കാളി കൃഷി ചെയ്യുന്ന നിരവധി കർഷകർ ഇതോടെ കോടീശ്വരന്മാരായി.
തക്കാളി വിൽപനയിലൂടെ ഒരു മാസം കൊണ്ട് 80 കോടി രൂപയുടെ ബിസിനസ് ഉണ്ടാക്കിയ കമ്മിറ്റി, പ്രദേശത്തെ 100 ഓളം സ്ത്രീകൾക്ക് തൊഴിലും നൽകി.
തുക്കാറാമിന്റെ മരുമകൾ സൊനാലി നടീൽ, വിളവെടുപ്പ്, പാക്കിങ് തുടങ്ങിയ ജോലികൾ കൈകാര്യം ചെയ്യുമ്പോൾ, മകൻ ഈശ്വർ വിൽപ്പന, നടത്തിപ്പ്, സാമ്പത്തിക ആസൂത്രണം എന്നിവ കൈകാര്യം ചെയ്യുന്നു. അനുകൂലമായ വിപണി സാഹചര്യങ്ങൾ അനുഭവിച്ചറിഞ്ഞതിനാൽ കഴിഞ്ഞ മൂന്ന് മാസത്തെ കഠിനാധ്വാനത്തിന് ഈ കർഷകർക്ക് നല്ല ഫലം ലഭിച്ചു.
നാരായണ്ഗഞ്ചിൽ സ്ഥിതി ചെയ്യുന്ന ജുന്നു അഗ്രികൾച്ചറൽ പ്രൊഡക്‌സ് മാർക്കറ്റ് കമ്മിറ്റിയുടെ മാർക്കറ്റിൽ, നല്ല ഗുണനിലവാരമുള്ള 20 കിലോഗ്രാം തക്കാളിക്ക് ഏറ്റവും ഉയർന്ന വില 2,500 രൂപയായിരുന്നു, അതായത് കിലോഗ്രാമിന് 125 രൂപ.
ALSO READ: മെനുവിൽ നിന്നും തക്കാളിയെ ഒഴിവാക്കി മക്ഡൊണാൾഡ്സ്; കടകൾക്ക് മുൻപിൽ നോട്ടീസ്
തക്കാളി വിറ്റ് കർഷകർ കോടീശ്വരന്മാരാകുന്നത് മഹാരാഷ്ട്രയിൽ മാത്രം ഒതുങ്ങുന്നതല്ല. ഈയാഴ്ച കർണാടകയിലെ കോലാറിൽ നിന്നുള്ള കർഷക കുടുംബം 2000 പെട്ടി തക്കാളി വിറ്റ് 38 ലക്ഷം രൂപ നേടിയിരുന്നു.
രാജ്യത്ത് തക്കാളി വില വരും ദിവസങ്ങളിൽ 300 രൂപ പ്രകടക്കുമെന്നാണ് സൂചന. ദില്ലിയിൽ സബ്‌സിഡി നിരക്കിൽ കേന്ദ്ര സർക്കാർ തക്കാളി എത്തിച്ചിട്ടുണ്ട്. 90 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില എന്നാൽ രണ്ട് കിലോ തക്കാളി മാത്രമാണ് ഒരാൾക്ക് വാങ്ങാൻ സാധിക്കുക.