ജൂണിൽ കിലോയ്ക്ക് 40 രൂപയായിരുന്ന തക്കാളി വില ജൂലൈ ആദ്യവാരത്തോടെ കിലോയ്ക്ക് 100 രൂപയായി ഉയർന്നു. വരും ആഴ്ചകളിൽ ഇത് 300 ലേക്കെത്തും
തിരുവനന്തപുരം: ദിവസം കൂടുംതോറും റോക്കറ്റ് കണക്കെയാണ് പച്ചക്കറിവില കൂടുന്നത്. തക്കാളിയുടെ കാര്യം പറയുകയും വേണ്ട. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ രാജ്യത്ത് വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും, വരും ആഴ്ചകളിൽ തക്കാളി കിലോയ്ക്ക് 300 രൂപ വരെ എത്തുമെന്നും കാർഷിക വിദഗ്ധർ പറയുന്നു. രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിയുടെ ഉൽപാദനത്തെയും, ലഭ്യതയെയും മോശമായി ബാധിക്കുമെന്നും, ഇത് വില ഉയരാൻ ഇടയാക്കുമെന്നാണ് റിപ്പോർട്ടുകൾ .
വിലക്കയറ്റത്തിന്റെ പ്രശ്നം കുറച്ചുകാലം കൂടി തുടരുമെന്നും, വില സ്ഥിരത കൈവരിക്കുന്നതിന് കുറഞ്ഞത് 2 മാസമെങ്കിലും വേണ്ടിവരുമെന്നും നാഷണൽ കമ്മോഡിറ്റീസ് മാനേജ്‌മെന്റ് സർവീസസ് ലിമിറ്റഡ് (എൻസിഎംഎൽ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സഞ്ജയ് ഗുപ്ത പറഞ്ഞു. കനത്ത മഴ തുടരുന്നതിനാൽ കൃഷിയിറക്കുന്നതിനും, മറ്റും പലവിധ തടസ്സങ്ങളുണ്ടെന്നും,മഴക്കെടുതിയിൽ പുതിയ പ്ലാന്റേഷൻ നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മെനുവിൽ നിന്നും തക്കാളിയെ ഒഴിവാക്കി മക്ഡൊണാൾഡ്സ്; കടകൾക്ക് മുൻപിൽ നോട്ടീസ്
ജൂണിൽ കിലോയ്ക്ക് 40 രൂപയായിരുന്ന തക്കാളി വില ജൂലൈ ആദ്യവാരത്തോടെ കിലോയ്ക്ക് 100 രൂപയായി ഉയർന്നു. കനത്ത മഴയെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിതരണത്തെ ബാധിച്ചതോടെ, ചിലയിടങ്ങളിൽ വില 200 രൂപയായും ഉയർന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം രാജ്യത്ത് തക്കാളിയുടെ വിലയിൽ 300 ശതമാനത്തിലേറെ വർധനവാണുണ്ടായിരിക്കുന്നത്
ആന്ധ്രാപ്രദേശ്, കർണാടക, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡീഷ, ബിഹാർ, ഛത്തീസ്ഗഡ്, തെലങ്കാന, ഉത്തർപ്രദേശ്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തക്കാളി പ്രധാനമായും കൃഷി ചെയ്യുന്നത്. കാർഷിക മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ മൊത്തം ഉൽപ്പാദനത്തിന്റെ 91 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.തെക്കൻ, വടക്കുകിഴക്കൻ മേഖലകളിൽ നിന്ന് മാത്രമാണ് ഇപ്പോൾ തക്കാളി വിതരണം ചെയ്യുന്നത്.
തക്കാളി വില കുടുംബ ബജറ്റ് തകർത്തതോടെ തക്കാളിക്ക് കേന്ദ്ര സർക്കാർ സബ്സിഡി നൽകിയിട്ടുണ്ട്. ദില്ലി, ലഖ്‌നൗ, പട്‌ന തുടങ്ങി രാജ്യത്തെ വൻനഗരങ്ങളിൽ തക്കാളി കിലോയ്ക്ക് 90 രൂപയ്ക്ക് വിൽപ്പന ആരംഭിച്ചു. ഒരാൾക്ക് സബ്‌സിഡി നിരക്കിൽ രണ്ട് കിലോ തക്കാളി മാത്രമേ ലഭിക്കൂ. പ്രതിസന്ധി ലഘൂകരിക്കാൻ ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സംഭരിച്ച തക്കാളി ഒറ്റരാത്രികൊണ്ട് ദില്ലിയിലെത്തിച്ചിട്ടുണ്ട്.