വായ്പ എടുക്കുന്ന വ്യക്തികൾ പ്രോസസ്സിംഗ് ചാർജുകൾ പ്രത്യേകം നൽകേണ്ടതില്ല. ബാങ്കുകൾ ഈ ഫീസ് കുറച്ചതിന് ശേഷമായിരിക്കും വായ്പ തുക നൽകുക
വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കുന്നവർ പലപ്പോഴും നേരിടുന്ന വെല്ലുവിളിയാണ് ബാങ്കുകൾ ഈടാക്കുന്ന അധിക നിരക്കുകൾ. പ്രോസസ്സിംഗ് ചാർജ് എന്ന പേരിൽ ഈടക്കുന്ന തുക ഓരോ ബാങ്കിനും വ്യത്യസ്തമായിരിക്കും. പേഴ്‌സണൽ ലോൺ എടുക്കുന്നതിന് മുൻപ് ബാങ്കുകൾ ഈടാക്കുന്ന പലിശ താരതമ്യം ചെയ്യുന്നതിനോടൊപ്പം ഇത്തരം ഫീസുകളും അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ ഒരു വായ്പ എടുക്കുമ്പോൾ മൊത്തം എത്ര ചെലവ് വരും എന്നുള്ളത് മനസിലാക്കാൻ കഴിയുകയുള്ളു.
വായ്പ എടുക്കുന്ന വ്യക്തികൾ പ്രോസസ്സിംഗ് ചാർജുകൾ പ്രത്യേകം നൽകേണ്ടതില്ല. ബാങ്കുകൾ ഈ ഫീസ് കുറച്ചതിന് ശേഷമായിരിക്കും വായ്പ തുക നൽകുക. അതിനാൽ വ്യക്തിഗത വായ്പ എടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ ആദ്യം പലിശയോടൊപ്പം അധിക നിരക്കുകൾ കുറിച്ച് അറിഞ്ഞിരിക്കാം
രാജ്യത്തെ മുൻനിര ബാങ്കുകൾ ഈടാക്കുന്ന പ്രോസസ്സിംഗ് ഫീസ്
എച്ച്‌ഡിഎഫ്‌സി ബാങ്ക്:
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി വ്യക്തിഗത വായ്പയ്ക്ക് പ്രോസസിംഗ് ചാർജായി ഈടാക്കുന്നത് 6,500 രൂപയും ജിഎസ്‌ടിയുമാണ്.
ഐസിഐസിഐ ബാങ്ക്:
സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ വ്യക്തിഗത വായ്പകൾക്ക് 2 ശതമാനം വരെ പ്രോസസ്സിംഗ് ചാർജുകൾ ഈടാക്കുന്നുണ്ട്. അതായത് ഒരു ലക്ഷം രൂപ വായ്പ എടുക്കുമ്പോൾ പ്രോസസിംഗ് ഫീസായി 2,000 രൂപ വരെ നൽകേണ്ടതുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക്:
സ്വകാര്യമേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് വ്യക്തിഗത വായ്പകൾക്ക് 5 ശതമാനം വരെ പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നു. അതായത്, ഒരു ലക്ഷം രൂപ വായ്പ എടുക്കുമ്പോൾ പ്രോസസിംഗ് ഫീസായി 5,000 രൂപ വരെ നൽകേണ്ടതുണ്ട്.
ആക്‌സിസ് ബാങ്ക്:
ആക്‌സിസ് ബാങ്കും വായ്പ തുകയുടെ 2 ശതമാനം വരെ പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ:
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ജനുവരി 31 വരെ പ്രോസസ്സിംഗ് ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല. എന്നാൽ ജനുവരിക്ക് ശേഷം 10,000 വരെ പ്രോസസ്സിംഗ് ചാർജുകൾ ഈടാക്കും എന്നാണ് റിപ്പോർട്ട്.