തിരുപ്പതി ക്ഷേത്രത്തിന് നെയ്യ് നൽകിയിട്ടില്ല; ഉത്പന്നങ്ങൾ ഗുണമേന്മയുള്ളതെന്ന് അമുൽ

By Web Team  |  First Published Sep 21, 2024, 5:22 PM IST

ക്ഷേത്രത്തിന് നെയ്യ് നൽകുന്നതായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ  അമുലിന്റെ പേര് പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അമുൽ പ്രസ്താവന ഇറക്കിയത്.


മുംബൈ: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) ഇതുവരെ നെയ്യ് നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ക്ഷീരോൽപ്പന്ന വിതരണക്കാരായ അമുൽ. തിരുപ്പതി ലഡ്ഡൂ തയ്യാറാക്കുന്നതിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് അമുലിന്റെ വിശദീകരണം. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നെയ്യ് എത്തിച്ച് നൽകുന്നത് അമുൽ ആണെന്നുള്ള ചില സോഷ്യൽ മീഡിയ പോസ്റ്റുകളെ പരാമർശിച്ചാണ് അമുൽ പ്രതികരിച്ചിരിക്കുന്നത്. 

സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്സിലാണ് അമുൽ ഇതിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് ഐഎസ്ഒ സർട്ടിഫൈഡ് കമ്പനികളിൽ അത്യാധുനിക ഉൽപ്പാദന കേന്ദ്രങ്ങളിൽ ഗുണമേന്മയുള്ള പാലിൽ നിന്നാണ് അമുൽ നെയ്യ് നിർമ്മിക്കുന്നതെന്ന് പോസ്റ്റിൽ പറയുന്നു. 

Latest Videos

undefined

ഉയർന്ന ഗുണമേന്മയുള്ള ശുദ്ധമായ പാൽ കൊഴുപ്പിൽ നിന്നാണ് അമുൽ നെയ്യ് നിർമ്മിക്കുന്നത്. എഫ്എസ്എസ്എഐ മാർഗ്ഗനിര്ദേശപ്രകാരമുള്ള  എല്ലാ ഗുണനിലവാര പരിശോധനകളിലൂടെയും കടന്നുപോകുന്നതാണ് അമുലിന്റെ ഉത്പന്നങ്ങൾ. അമുലിനെതിരായ  തെറ്റായ പ്രചാരണം അവസാനിപ്പിക്കാനാണ് ഈ പോസ്റ്റ് എന്നും അമുൽ വ്യക്തമാക്കി 

ക്ഷേത്രത്തിന് നെയ്യ് നൽകുന്നതായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ  അമുലിന്റെ പേര് പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അമുൽ പ്രസ്താവന ഇറക്കിയത്. സമീപ വർഷങ്ങളിൽ ടിടിഡി നന്ദിനിയിൽ നിന്നല്ലാതെ അമുലിൽ നിന്നും നെയ്യ് വാങ്ങുന്നതായി ആരോപണം ഉണ്ടായിരുന്നു. 

 

Issued in Public Interest by Amul pic.twitter.com/j7uobwDtJI

— Amul.coop (@Amul_Coop)


എന്താണ് വിവാദം?

തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നു. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിലാണ് പ്രസിദ്ധമായ തിരുപ്പതി ലഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി അറിയിച്ചത്. ഇതിനു പിന്നാലെ വൈഎസ്ആർ കോൺ​ഗ്രസിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു രം​ഗത്തെത്തി.  വൈഎസ്ആർ കോൺ​ഗ്രസ് അധികാരത്തിലായിരുന്ന സമയത്തെ ലഡുവാണ് പരിശോധിച്ചത്. നെയ്യിൽ മത്സ്യ, പന്നി എന്നിവയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും രം​ഗത്തെത്തി. തിരുപ്പതിയിൽ പ്രതിദിനം മൂന്ന് ലക്ഷം ലഡു നിർമ്മിക്കപ്പെടുന്നുവെന്നാണ് കണക്ക്. ഇവ നിർമ്മിക്കുന്നതിനായി ക്ഷേത്ര ട്രസ്റ്റ് ആറുമാസം കൂടുമ്പോൾ ഇ-ടെൻഡർ വഴി വൻതോതിൽ നെയ്യ് വാങ്ങുകയാണ് പതിവ്.
 

click me!