നിങ്ങളെടുത്തോ തിരുവോണം ബംപർ? 25 കോടി ഒന്നാം സമ്മാനം, ടിക്കറ്റ് വിൽപ്പന തുടരുന്നു

By Web Team  |  First Published Sep 12, 2024, 2:09 PM IST

ഒക്ടോബർ 9-ന് ആണ് നറുക്കെടുപ്പ്. ഇനിയും ടിക്കറ്റ് എടുക്കാത്തവർക്ക് 500 രൂപ മുടക്കി അംഗീകൃത ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ ഭാഗ്യപരീക്ഷണത്തിന് ടിക്കറ്റെടുക്കാം.


വിശ്വാസ്യത, ജനകീയത, സുതാര്യത - ഈ മൂന്ന് വിശേഷണങ്ങൾ കേരള ഭാഗ്യക്കുറിപ്പ് ആകസ്മികമായി ലഭിച്ചതല്ല. എല്ലാ ദിവസവും ഭാഗ്യവാന്മാരെ സൃഷ്ടിക്കുന്ന, ലക്ഷക്കണക്കിന് ടിക്കറ്റുകൾ വിൽക്കപ്പെടുന്ന, കൃത്യമായി വിജയികളെ പ്രഖ്യാപിക്കുന്ന കേരള ഭാഗ്യക്കുറി വകുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയുടെ ശക്തമായ നട്ടെല്ലാണ്.

വർഷത്തിൽ ഒരിക്കൽ മാത്രം നറുക്കെടുക്കുന്ന തിരുവോണം ബംപർ വിൽപ്പന തകൃതിയായി തുടരുകയാണ്. ഇനി കഷ്ടിച്ച് ഒരു മാസത്തിനുള്ളിൽ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടുന്നത് ആരാണെന്ന് അറിയാം. ഒക്ടോബർ 9-ന് ആണ് നറുക്കെടുപ്പ്. ഇനിയും ടിക്കറ്റ് എടുക്കാത്തവർക്ക് 500 രൂപ മുടക്കി അംഗീകൃത ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ ഭാഗ്യപരീക്ഷണത്തിന് ടിക്കറ്റെടുക്കാം.

Latest Videos

ഓണം ബംപർ ഉൾപ്പെടെ കേരള ഭാഗ്യക്കുറിയുടെ ടിക്കറ്റെടുക്കുമ്പോൾ സംസ്ഥാനത്തിന്റെ വികസനത്തിനും പൊതുക്ഷേമത്തിനും കൂടെയാണ് നിങ്ങൾ പിന്തുണ നൽകുന്നത്. കേരളത്തിന്റെ പല അഭിമാന പദ്ധതികൾക്കും മൂലധനമായി ഭാഗ്യക്കുറിയിൽ നിന്നും ലഭിക്കുന്ന വരുമാനം മാറുന്നു. മാത്രമല്ല, കാരുണ്യ ബെനവെലന്റ് സ്കീം പോലെയുള്ള കാരുണ്യ പദ്ധതികൾക്കും ഇത് പിന്തുണ നൽകുന്നു. കൂടാതെ ഏജന്റുമാർ, വിൽപ്പനക്കാർ എന്നിങ്ങനെ ലക്ഷക്കണക്കിന് പേർക്ക് തൊഴിലും ഉറപ്പാക്കുന്നു.

ലോട്ടറി വിൽപ്പനയിൽ നിന്നുള്ള പണം പൊതുജനക്ഷേമത്തിന് ഉപയോഗിക്കുമെന്നാണ് മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കുന്നത്. ഇത്തവണ സമ്മാനങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

സമ്മാനപ്പെരുമഴ

തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ 20 പേർക്ക്. മൂന്നാം സമ്മാനം ഓരോ പരമ്പരയിലും 50 ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പരമ്പരകൾക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പരമ്പരകൾക്ക്.

നറുക്കെടുപ്പ് ഇങ്ങനെ

സുതാര്യമായ നറുക്കെടുപ്പാണ് കേരള ഭാഗ്യക്കുറി വകുപ്പ് ഉറപ്പാക്കുന്നത്. ജഡ്ജിങ് പാനൽ അംഗങ്ങളുടെ മേൽനോട്ടത്തിൽ നറുക്കെടുപ്പ് യന്ത്രം പരിശോധിച്ച് അക്കങ്ങളും അക്ഷരങ്ങളും ഉറപ്പുവരുത്തുന്നതാണ് ആദ്യ പടി. ഒരു ട്രയൽ റൺ നടത്തിയാണ് ഇത് ചെയ്യുന്നത്. പാനൽ അംഗങ്ങൾ ബട്ടൺ അമർത്തി നറുക്കെടുപ്പ് നടത്തും. മെഷീനിൽ കാണിക്കുന്ന നമ്പർ വിറ്റുപോയതാണോ എന്ന് പരിശോധിക്കുന്നതാണ് അടുത്ത ഘട്ടം. ഇത് വിൽപ്പന റിപ്പോർട്ടും ലോട്ടീസ് സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് ചെയ്യുന്നത്. വിൽക്കാത്ത ടിക്കറ്റിലെ നമ്പർ ആണെങ്കിൽ അത് റദ്ദാക്കും. വീണ്ടും നറുക്കെടുക്കും. നറുക്കെടുപ്പ് അവസാനിച്ചശേഷം ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറുടെയും ജോയിൻറ് ഡയറക്ടറുടെയും പാനൽ അംഗങ്ങളുടെയും മേൽനോട്ടത്തിൽ സമ്മാന രജിസ്റ്റർ സാക്ഷ്യപ്പെടുത്തും. പിന്നീട് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം പുറത്തുവിടുന്നതോടെ ഭാഗ്യശാലികളെ കേരളം അറിയും. സമഗ്ര വിവരങ്ങൾക്ക് ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റ് www.statelottery.kerala.gov.in സന്ദർശിക്കാം. നറുക്കെടുപ്പ് ഫലം ഉടനടി അറിയാൻ @kslott എന്ന യൂട്യൂബ് ചാനൽ ഉണ്ട്. പരാതികൾ വിളിച്ചറിയാൻ ടോൾ ഫ്രീ നമ്പർ - 18004258474.

വാങ്ങുന്നത് യഥാർത്ഥ ടിക്കറ്റാണെന്ന് ഉറപ്പിക്കൂ!

സമ്പൂർണമായും പേപ്പർ ലോട്ടറിയാണ് കേരള ഭാഗ്യക്കുറി വകുപ്പ് നടത്തുന്നത്. ഓൺലൈൻ, വാട്ട്സാപ്പ് എന്നിവയിലൂടെ വിൽപ്പനയില്ല. ലോട്ടറി നേരിട്ട് അംഗീകൃത എജന്റുമാർ വഴിയോ വിൽപ്പനക്കാർ വഴിയോ വാങ്ങാം - കേരള ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ വിശദീകരിക്കുന്നു. നവീനമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയാണ് ലോട്ടറി പ്രിന്റ് ചെയ്യുന്നത്. ഫ്ലൂറസെൻസ് മഷിയിൽ അച്ചടിക്കുന്നതിനാൽ വ്യാജ പതിപ്പുകൾ ഇറക്കാനാകില്ല. ഇതിന് പുറമെ പ്രത്യേകം നിരീക്ഷണവും ഭാഗ്യക്കുറി വകുപ്പ് നടപ്പിലാക്കുന്നുണ്ട്.
 

click me!