യു.എ.ഇയിലെ കോര്‍പ്പറേറ്റ് കമ്പനിയിലെ മികച്ച ജോലി ഒഴിവാക്കിയാണ് ദേവകുമാര്‍ നാട്ടിലെ കമുകിന്‍ ചോട്ടില്‍ ഭാഗ്യം തേടി വന്നത്. ജൈവ സ്വഭാവമുള്ള, നാടിന്റെ മണമുള്ള സംരംഭം , അതായിരുന്നു സ്വപ്നം.
പ്ലാസ്റ്റിക്കിനെ വെല്ലുന്ന കമുകിന്‍ പാള; അതൊരു ഗംഭീര പ്രതികാര കഥയാണ്. കാരണം, വീടുകളില്‍ പണ്ട് സജീവമായിരുന്ന കമുകിന്‍ പാളയെ പടിക്ക് പുറത്താക്കിയത്, ഒരൊറ്റ വില്ലനാണ്-പ്ലാസ്റ്റിക്ക്! ഇപ്പോഴിതാ, പ്ലാസ്റ്റിക്കിനെ പടിക്കുപുറത്താക്കി കമുകിന്‍ പാള ഗംഭീരമായ തിരിച്ചുവരവ് നടത്തുകയാണ്.
പാളയിലൂടെ പ്ലാസ്റ്റിക്കിന് മറുപടി നല്‍കാന്‍ നേരത്തെയും ശ്രമം നടന്നിരുന്നു. നിരവധി സംരംഭകര്‍ മുമ്പേ പാളയുടെ ജൈവസാധ്യത തിരിച്ചറിയുകയും ഉത്പന്ന നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ വിപണന സാധ്യത വേണ്ടത്ര ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ അതൊന്നും കാര്യമായി വേരുപിടിച്ചില്ല.
പാള സമം പാപ്ല
ആ പരിമിതി മറികടക്കുകയാണ്, കാസര്‍കോട് നിന്നുള്ള ശരണ്യ-ദേവകുമാര്‍ ദമ്പതികള്‍. വിപണിയെയെയും വിപണന സാധ്യതയേയും കൂടുതല്‍ അറിഞ്ഞാല്‍ പാള മതി വിജയത്തിനെന്ന് തെളിയിക്കുകയാണ് ഈ ദമ്പതികള്‍. ടേബിള്‍വെയര്‍ മുതല്‍ ഗ്രോബാഗുകള്‍ വരെ ഇവര്‍ കമുകിന്‍ പാളകൊണ്ട് നിര്‍മ്മിക്കുന്നു. മടിക്കല്‍ പഞ്ചായത്തിലെ സ്വന്തം വീടിനോട് ചേര്‍ന്നുള്ള നിര്‍മ്മാണ യൂണിറ്റില്‍ നിന്നാണ് ഇവരുടെ യാത്ര തുടങ്ങുന്നത്. ഇന്ന് ചാളക്കടവ്, 2000 സ്വകയർഫീറ്റിലുള്ള നിർമ്മാണ യൂണിറ്റും 4000 സ്വകയർഫീറ്റിലുള്ള സ്റ്റോറേജ് യൂണിറ്റും ഉണ്ട്.
യു.എ.ഇയിലെ കോര്‍പ്പറേറ്റ് കമ്പനിയിലെ മികച്ച ജോലി ഒഴിവാക്കിയാണ് ദേവകുമാര്‍ നാട്ടിലെ കമുകിന്‍ ചോട്ടില്‍ ഭാഗ്യം തേടി വന്നത്. ശരണ്യയും ദേവകുമാറും യു എ ഇയിലായിരുന്നു താമസം. അവിടെ നിന്നാണ് സ്വന്തം നാട്ടിലേക്ക് അവര്‍ മടങ്ങി വന്നത്.
'യു. എ. ഇയിലെ തിരക്കുകളില്‍ മടുപ്പ് തോന്നി തുടങ്ങിയപ്പോഴാണ് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. കാസര്‍ഗോഡ് തന്നെ സ്വന്തം ബിസിനസ് തുടങ്ങാനായിരുന്നു ആഗ്രഹം. എന്നാല്‍ എന്ത്, എങ്ങനെ എന്ന ആശങ്കയുണ്ടായിരുന്നു. ജൈവ സ്വഭാവമുള്ള, നാടിന്റെ മണമുള്ള സംരംഭം , അതായിരുന്നു സ്വപ്നം. ആ അന്വേഷണമാണ് പാളയില്‍ എത്തിനിന്നത്.'-ദേവകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
മുന്നില്‍ നിരവധി സംരംഭ സാധ്യതകള്‍ ഉണ്ടായിരുന്നപ്പോഴാണ് ദേവകുമാറും ശരണ്യയും നാട്ടുവഴികളിലേക്ക് ഇറങ്ങി നടന്നത്. അധികമാളുകള്‍ പയറ്റി തെളിഞ്ഞ വഴിയായിരുന്നില്ല അത്. കമുകിന്‍ പാള പണ്ടേ വീടുകളിലുള്ളതാണ്. തൊട്ടി പോലെയുള്ള പലതും അതുകൊണ്ട് ഉണ്ടാക്കിയിരുന്നു. പാള ഉത്പന്നങ്ങള്‍ക്ക് എന്നും വിപണിയുണ്ടെന്ന് മനസിലായതോടെയാണ് അത് മതിയെന്ന് തീരുമാനത്തിലേക്ക് എത്തിയതെന്ന് ദേവകുമാര്‍ പറയുന്നു.
വേറിട്ട സംരംഭം മാത്രമായാല്‍ വിപണി പിടിക്കാനാവില്ല, നല്ലൊരു പേരു വേണം. ആ ആലോചനയാണ് പുതിയ ഒര പേരിലെത്തിച്ചത്-പാപ്ല!
'കമുകിന്‍ പാള കൊണ്ടുള്ള ഉത്പന്നങ്ങള്‍ മതിയെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ ബ്രാന്‍ഡ് നെയിമിനെ കുറിച്ച് ചിന്തിച്ച് തുടങ്ങി. മനസ്സിലെ ആശയത്തോട് യോജിച്ചതും അര്‍ഥവത്തായതുമായിരിക്കണം പേരെന്ന് നിര്‍ബന്ധമായിരുന്നു. അങ്ങനെയാണ് 'ലെസ് പേപ്പര്‍ ആന്‍ഡ് ലെസ് പ്ലാസ്റ്റിക്' എന്ന ആശയം ചുരുക്കി 'പാപ്ല' എന്ന പേരിലെത്തിയത്.-ശരണ്യ ഓര്‍ക്കുന്നു.
കയറ്റുമതി എന്ന സാധ്യത
അസംസൃത വസ്തുവായ പാള ശേഖരിക്കുന്നത് നാട്ടില്‍ നിന്ന് തന്നെയാണ്. ചില സമയങ്ങളില്‍ മാത്രം കര്‍ണാടകയില്‍ നിന്നും വാങ്ങാറുണ്ട്. ഗുണമേന്മയുള്ള പാളകള്‍ തെരഞ്ഞെടുത്ത് അത് മാത്രമാണ് നിര്‍മ്മാണ യൂണിറ്റിലേക്ക് എത്തിക്കുന്നത്. കമുകില്‍ നിന്നും വര്‍ഷത്തില്‍ ആറ് മാസം മാത്രമാണ് പാള ലഭിക്കുക. അതായത് കമുക് പൂവിടുന്ന സമയത്ത് മാത്രം. അതിനാല്‍, അടുത്ത ആറുമാസത്തേക്കുള്ള പാള കൂടി സംഘടിപ്പിക്കേണ്ടതുണ്ട്.'-ദേവകുമാര്‍ പറയുന്നു.
വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്നത് ടേബിള്‍വെയര്‍ ആണ്. പാളയുടെ പ്‌ളേറ്റുകള്‍. 10000 പ്ലേറ്റ് ആണ് പ്രതിദിനം നിര്‍മ്മിക്കുന്നത്. കൂടാതെ ബാഡ്ജുകള്‍ക്കും നല്ല മാര്‍ക്കറ്റ് ഉണ്ട്. ലൈറ്റ് വെയിറ്റ് ആയതുകൊണ്ടും വില കുറവും ആയതാണ് കാരണം. കയറ്റുമതിയും ചെയ്യുന്നുണ്ട്. ഇസ്രയേലിലേക്കാണ് കൂടുതലായും എക്‌സ്‌പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോ യുഎഇ, കാനഡ, ഖത്തര്‍ എന്നിവിടങ്ങളിലേക്കെല്ലാം കയറ്റുമതി ചെയ്യുന്നുണ്ടെന്ന് ദേവകുമാര്‍ പറഞ്ഞു
പുതിയ ആകാശങ്ങള്‍
പാള ബിസിനസില്‍ പുതിയ സാധ്യതകള്‍ ആരായുകയാണ് ഇപ്പോള്‍ ഇരുവരും. കൂടുതല്‍ ഡിമാന്റുള്ള ബാഡ്ജുകളില്‍ സ്‌ക്രീന്‍ പ്രിന്റ്, യു വി പ്രിന്റ് സ്വന്തമായി ചെയ്തു നല്‍കാൻ പ്രിന്റിങ് കൂടി ആരംഭിക്കണം. ടൂറിസം വകുപ്പുമായി ചേര്‍ന്ന് കൂടുതല്‍ പാള ഉത്പന്നങ്ങള്‍, വിശറി, പണ്ട് കര്‍ഷകര്‍ ഉപയോഗിച്ചിരുന്ന കൊട്ടന്‍പാള തൊപ്പി എന്നിവ നിര്‍മ്മിക്കാനും ആഗ്രഹിക്കുന്നുണ്ട്. തനത് ഉത്പന്നങ്ങളായതിനാല്‍ ഭൂമിശാസ്ത്ര സൂചിക പ്രാധാന്യമര്‍ഹിക്കുന്നതാണ്. അതും ഒരു ലക്ഷ്യമാണെന്ന് ദേവകുമാര്‍ പറയുന്നു. പാള കൊണ്ടുള്ള ഉത്പന്നങ്ങള്‍ നിർമ്മിക്കുന്നവരെ ഏകോപിപ്പിക്കാൻ സർക്കാരിന്റെ സഹായത്തോടെ ക്ളസ്റ്ററുകള്‍ രൂപീകരിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം.
ഈ വഴിക്ക് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരോട് ദേവകുമാറിന് ചില കാര്യങ്ങള്‍ പറയാനുണ്ട്: 'കാസര്‍ഗോഡ് പാള ധാരാളമായി ലഭിക്കും. കര്‍ഷകരുടെ അടുത്ത് നിന്നും നേരിട്ടാണ് സംഭരിക്കുന്നത്. അതിനാല്‍ ചെലവ് കുറയും. എന്നാല്‍ കമുക് കുറവുള്ള പ്രദേശത്തുള്ളവര്‍ ഇതേ രീതി പിന്തുടരുന്നത് ചെലവ് വര്‍ധിപ്പിക്കാനും നഷ്ടമുണ്ടാക്കാനും ഇടയുണ്ട്. എളുപ്പം ലഭ്യമാകുന്ന അസംസ്‌കൃത വസ്തു തെരഞ്ഞെടുത്ത് ഉത്പാദന ചെലവ് കുറച്ച് സംരംഭം ആരംഭിക്കുന്നതാകും ഉചിതം. '
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം