മെയ്ക്ക് ഇന്‍ ഇന്ത്യ: തദ്ദേശീയമായി നിര്‍മ്മിച്ച ഇലക്ട്രിക് ലോക്കോയുടെ ട്രയല്‍ റണ്‍ വിജയകരമെന്ന് റെയില്‍വേ

By Web Team  |  First Published May 20, 2020, 6:18 PM IST

ബീഹാറിലെ മാധേപുര ഇലക്ട്രിക് ലോക്കോ മോട്ടീവ് പ്രൈവറ്റ് ലിമിറ്റഡാണ് ഫ്രഞ്ച് കമ്പനിയുമായി ചേര്‍ന്ന് തദ്ദേശീയമായി ലോക്കോ നിര്‍മ്മിച്ചത്. ഇതോടെ കൂടിയ ശക്തിയുള്ള ലോക്കോ നിര്‍മ്മിക്കുന്ന ലോകത്തിലെ ആറ് രാജ്യങ്ങളിലൊന്നായി ഇന്ത്യ. 


ദില്ലി: തദ്ദേശീയമായി ഉല്‍പാദിപ്പിച്ച 12000എച്ച് പി ഇലക്ട്രിക് ലോക്കോയുമായി പ്രവര്‍ത്തനമാരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ. ഫ്രഞ്ച് കമ്പനിയായ ആള്‍സ്റ്റോമുമായി ചേര്‍ന്നാണ് ആദ്യമായി ഈ ലോക്കോ തദ്ദേശീയമായി ഉല്‍പാദിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ശിവപൂറിനും  ദീന്‍ദയാല്‍ ഉപാധ്യായ സ്റ്റേഷനും ഇടയിലാണ് ഈ ലോക്കോയുടെ ട്രെയല്‍ റണ്‍ പൂര്‍ത്തിയാക്കിയത്. 

ബീഹാറിലെ മാധേപുര ഇലക്ട്രിക് ലോക്കോ മോട്ടീവ് പ്രൈവറ്റ് ലിമിറ്റഡാണ് ഫ്രഞ്ച് കമ്പനിയുമായി ചേര്‍ന്ന് തദ്ദേശീയമായി ലോക്കോ നിര്‍മ്മിച്ചത്. ഈ സംയുക്ത  സംരംഭത്തില്‍ 76 ശതമാനം ഓഹരിയും ഫ്രഞ്ച് കമ്പനിയുടേതാണ്. 26 ശതമാനമാണ് റെയില്‍വേയുടെ ഓഹരി. ഈ ലോക്കോയുടെ നിര്‍മ്മാണത്തോടെ കൂടിയ ശക്തിയുള്ള ലോക്കോ നിര്‍മ്മിക്കുന്ന ലോകത്തിലെ ആറ് രാജ്യങ്ങളിലൊന്നായി ഇന്ത്യ. 

Latest Videos

undefined

2015ല്‍ 25000 കോടി രൂപയുടെ കരാരാണ് ഫ്രഞ്ച് കമ്പനിയായ ആള്‍സ്റ്റോം സ്വന്തമാക്കിയത്. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പൊതുമേഖല ഇടപാടില്‍ രാജ്യത്തെ തന്നെ ഏറ്റവും  വലിയ സംരംഭമാണ് ഇത്. ഈ സംരംഭം 10000ല്‍ അധികം തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്നും ഇതിനോടകം 2000 കോടിയുടെ നിക്ഷേപം രാജ്യത്ത് പദ്ധതിയുമായി ചേര്‍ന്ന് നടത്തിയിട്ടുണ്ടെന്നുമാണ് ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റെയില്‍വേ വിശദമാക്കിയത്. 

കൂടുതല്‍ വേഗത്തിലും സുരക്ഷിതവുമായി സേവനം ലഭ്യമാക്കാന്‍ ഈ ലോക്കോ സഹായകരമാവുമെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ പോകുമ്പോള്‍ പോലും 6000 ടണ്‍ ഭാരം ഈ ലോക്കോയ്ക്ക് വഹിക്കാനാവുമെന്നാണ് ആള്‍സ്റ്റോം വിശദമാക്കുന്നത്. രാജ്യത്തെ ട്രെയിനുകളുടെ വേഗതയില്‍ മണിക്കൂറില്‍ 20-25 കിലോമീറ്റര്‍ വരെ കൂട്ടാനാവുമെന്നാണ് ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 35 ലോക്കോയും 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ 60 ലോക്കോയും പൂര്‍ത്തിയാക്കുമെന്നാണ് നിരീക്ഷണം. നേരത്തെ രണ്ട് തവണ പരീക്ഷണ ഓട്ടത്തില്‍ ഈ ലോക്കോ പരാജയപ്പെട്ടിരുന്നു. ഡിസൈനില്‍ ചില മാറ്റം വരുത്തിയാണ് പുതിയ കരുത്ത് റെയില്‍വേ സ്വന്തമാക്കുന്നത്. 

click me!