പല രാജ്യങ്ങളും വിസ രഹിത നയം ഏർപ്പെടുത്തി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ പോകാൻ ഇഷ്ട്ടപെടുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്
അവധിക്കാലത്ത് ഇന്ത്യക്കാർ കൂടുതലും യാത്രകൾക്കാണ് ഇപ്പോൾ മുൻതൂക്കം നൽകുന്നത്. പ്രത്യേകിച്ചും കോവിഡിന് ശേഷം ഇന്ത്യക്കാർ യാത്രകൾ നടത്തുന്നത് വർധിച്ചിട്ടുണ്ട്. പല രാജ്യങ്ങളും വിസ രഹിത നയം ഏർപ്പെടുത്തി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ പോകാൻ ഇഷ്ട്ടപെടുന്ന രാജ്യങ്ങളെ റാങ്ക് ചെയ്തിരിക്കുകയാണ് ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോം അഗോഡ.
അഗോഡയിലെ ബുക്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളെയാണ് റാങ്കിംഗ് ഏറ്റവും ജനപ്രിയ സ്ഥലങ്ങളായി പട്ടികപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് തായ്‌ലൻഡ് വിസ ഇളവ് ഏർപ്പെടുത്തിയതിനെത്തുടർന്ന് നിരവധി സഞ്ചാരികളാണ് ഇവിടേക്കെത്തിയത്. മലേഷ്യ കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇളവ് ഏർപ്പെടുത്തി. ഇതോടെ 2023-ലെ എട്ടാം സ്ഥാനത്തുനിന്നും 2024-ൻ്റെ ആദ്യ പകുതിയിൽ നാലാം സ്ഥാനത്തേക്ക് മലേഷ്യ എത്തി.
വിസ രഹിത ലക്ഷ്യസ്ഥാനങ്ങളോടുള്ള ഇന്ത്യൻ യാത്രക്കാരുടെ താൽപ്പര്യം ഉയർന്നിട്ടുണ്ടെന്ന് അഗോഡയിലെ ഇന്ത്യയുടെ സീനിയർ കൺട്രി ഡയറക്ടർ കൃഷ്ണ രതി പറഞ്ഞു. വിസ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് ഇൻബൗണ്ട് ടൂറിസത്തിന് വലിയ മാറ്റമുണ്ടാക്കുമെന്ന് അഗോഡ സിഇഒ ഒമ്രി മോർഗൻഷേൺ പറഞ്ഞു.
അതേസമയം, ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയെടുത്താൽ ഇന്ത്യയ്ക്ക് 82-ാം സ്ഥാനമാണുള്ളത്. എന്താണ് ഇതിലെ കാര്യം എന്നല്ലേ.. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയുടെ ആവശ്യമില്ലാതെ 58 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ട്. ഇത്രയും സ്ഥലങ്ങളിൽ നിന്നാണ് ജനപ്രിയ സ്ഥലങ്ങളായി തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, നേപ്പാൾ എന്നിവ മാറിയത്