കഴിഞ്ഞ മാസം, ട്രംപിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം സ്ഥാപിച്ച സൂപ്പര്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയായ അമേരിക്ക പിഎസിക്ക് മസ്ക് ഏകദേശം 75 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു
'നമുക്കിതാ ഒരു പുതിയ താരകം, അദ്ദേഹം അത്ഭുതകരമായ ഒരു വ്യക്തിത്വത്തിന്‍റെ ഉടമ കൂടിയാണ'. പറയുന്നത് ഡൊണാള്‍ഡ് ട്രംപാണ്, പറഞ്ഞത് ലോകസമ്പന്നനും ടെസ്‌ല, എക്സ് എന്നിവയുടെ ഉടമയുമായ ഇലോണ്‍ മസ്കിനെക്കുറിച്ചും. ട്രംപിന്‍റെ ലീഡ് സൂചനകള്‍ വന്നയുടനെ ഇലോണ്‍ മസ്ക് സോഷ്യല്‍ മീഡിയയില്‍ പിന്തുണ അറിയിച്ചു, 'ഗെയിം, സെറ്റ് ആന്‍ഡ് മാച്ച്' എന്ന കുറിപ്പോടെ ട്രംപിനൊപ്പം ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തു. ട്രംപിന്‍റെ അടുത്തയാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇലോണ്‍ മസ്കിന്‍റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ ഓഹരികളും ഇന്ന് വന്‍ കുതിപ്പ് രേഖപ്പെടുത്തി. ടെസ്ലയുടെ ഓഹരികള്‍ വ്യാപാരത്തിന്‍റെ തുടക്കത്തില്‍ തന്നെ 14 ശതമാനം കുതിച്ചുയര്‍ന്നു.
മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ നടന്ന പ്രചാരണ റാലിക്കിടെ, തിരഞ്ഞെടുക്കപ്പെട്ടാല്‍ തന്‍റെ സര്‍ക്കാര്‍ കാര്യക്ഷമത കമ്മീഷനെ നിയോഗിക്കുമെന്നും അതിനെ നയിക്കാന്‍ മസ്കിനെ നിയമിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. മസ്കിനെ 'സൂപ്പര്‍ ജീനിയസ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, 'നമ്മുടെ പ്രതിഭകളെ നമ്മള്‍ സംരക്ഷിക്കണം- ഇത്തരത്തില്‍പ്പെട്ട അത്രയധികം പേര്‍ നമുക്കില്ല' എന്നും അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം, ട്രംപിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം സ്ഥാപിച്ച സൂപ്പര്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയായ അമേരിക്ക പിഎസിക്ക് മസ്ക് ഏകദേശം 75 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു. ട്രംപിനുള്ള പരസ്യ പിന്തുണ കൂടാതെ, സ്വിംഗ് സ്റ്റേറ്റുകളില്‍ ട്രംപിന് വേണ്ടി മസ്ക് പ്രചാരണവും നടത്തിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളടക്കം, ശുദ്ധോര്‍ജത്തിന്‍റെ ഉപയോഗത്തിലും ഉല്‍പാദനത്തിലും്ട്രംപിന് വലിയ താല്‍പര്യം ഇല്ലാതിരുന്നിട്ടുകൂടി മസ്കിന്‍റെ സംരംഭങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് ട്രംപിന്‍റേത്. ഇത് നിക്ഷേപകരില്‍ ശുഭാപ്തിവിശ്വാസം സൃഷ്ടിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഊര്‍ജ സംരംഭങ്ങളില്‍ ട്രംപിന്‍റെത് വിരുദ്ധ നിലപാട് ആങ്കെിലും മസ്കിന്‍റെ സ്വാധീനം ടെസ്ലയ്ക്ക് ഗുണം ചെയ്യുന്ന നയങ്ങള്‍ രൂപീകരിക്കുന്നതിലേക്ക് നയിക്കുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നു.