ഇത് മസ്കിന്റെ കാലം, സമ്പത്ത് മുകളിലേക്ക് തന്നെ; ടെസ്‌ലയിലെ ശമ്പളം കൂടി പോക്കറ്റിലാകും

By Web Team  |  First Published Jun 14, 2024, 6:14 PM IST

ഇലോൺ മസ്‌കിന് 4.68 ലക്ഷം കോടി രൂപയുടെ ശമ്പള പാക്കേജിനുള്ള നിർദ്ദേശം 2018 ൽ തന്നെ തയ്യാറാക്കിയിരുന്നുവെങ്കിലും അത് ഇതുവരെ കമ്പനിയുടെ നിക്ഷേപകർ അംഗീകരിച്ചിരുന്നില്ല.


ഒന്നും രണ്ടുമല്ല, 4.68 ലക്ഷം കോടി രൂപ! ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്‌കിന്റെ സമ്പത്തിലേക്ക് ഈ തുക കൂടി കൂട്ടിച്ചേർക്കപ്പെടും. ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയിൽ നിന്ന്  4.68 ലക്ഷം കോടി രൂപ  ശമ്പളമായി ഇലോൺ മസ്‌കിന്  ലഭിക്കുന്നതോടെയാണിത്. വാർഷിക പൊതുയോഗത്തിൽ, കമ്പനിയുടെ നിക്ഷേപകർ ഇലോൺ മസ്‌കിന്റെ  ശമ്പള പാക്കേജിന് അനുകൂലമായി വോട്ട് ചെയ്തു. മസ്‌കിന്റെ ശമ്പള പാക്കേജിനായുള്ള നിർദ്ദേശം വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകളുടെ മുമ്പാകെ വരികയും അവർ അതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു.  
 
ഇതോടെ, ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്ന നിലയിൽ ഇലോൺ മസ്‌കിന് ലഭിക്കുന്ന പണമിടപാടുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്നിരുന്ന തർക്കം പരിഹാരത്തിലേക്ക് നീങ്ങുകയാണ്. ഇലോൺ മസ്‌കിന് 4.68 ലക്ഷം കോടി രൂപയുടെ ശമ്പള പാക്കേജിനുള്ള നിർദ്ദേശം 2018 ൽ തന്നെ തയ്യാറാക്കിയിരുന്നുവെങ്കിലും അത് ഇതുവരെ കമ്പനിയുടെ നിക്ഷേപകർ അംഗീകരിച്ചിരുന്നില്ല. കമ്പനിയിലെ ഒരു കൂട്ടം നിക്ഷേപകർ ഈ വലിയ ശമ്പള  പാക്കേജിനെ എതിർക്കുകയായിരുന്നു.

മസ്‌കിന്റെ പാക്കേജിന് അനുകൂലമായി വോട്ടുചെയ്യാൻ കമ്പനിയുടെ മാനേജ്‌മെന്റ് ടെസ്‌ലയുടെ ഓഹരി ഉടമകളോട് അഭ്യർത്ഥിച്ചിരുന്നു. എജിഎമ്മിന് തൊട്ടുമുമ്പ് ടെസ്‌ല ചെയർപേഴ്‌സൺ റോബിൻ ഡെൻഹോം ഷെയർഹോൾഡർമാർക്ക്  ഇതുമായി ബന്ധപ്പെട്ട് കത്ത് നൽകിയിരുന്നു, മസ്‌കിന്റെ ശമ്പള പാക്കേജിന് അംഗീകാരം ലഭിച്ചില്ലെങ്കിൽ, അദ്ദേഹം കമ്പനിയിൽ നിന്ന് പുറത്തുപോകുമെന്ന് റോബിൻ ഡെൻഹോം മുന്നറിയിപ്പ് നൽകിയതോടെയാണ് പാക്കേജിന് അംഗീകാരം ലഭിച്ചത്. നേരത്തെ ടെസ്‌ലയിൽ 25 ശതമാനം ഓഹരിയെങ്കിലും ലഭിച്ചില്ലെങ്കിൽ കമ്പനി വിടുന്ന കാര്യം ആലോചിച്ചേക്കുമെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. നിലവിൽ മസ്‌കിന് ടെസ്‌ലയിൽ ഏകദേശം 13 ശതമാനം ഓഹരിയുണ്ട്.

Latest Videos

tags
click me!