സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളിയായി ടാറ്റ; വിപണി പിടിക്കാൻ 'ന്യൂ ഫ്ളാഷ്'

By Web TeamFirst Published Oct 28, 2024, 12:12 PM IST
Highlights

വ്യക്തിഗത ശുചിത്വ ഉല്‍പ്പന്നങ്ങള്‍, തുടങ്ങി ചെറിയ അളവിലുള്ള സാധനങ്ങളുടെ വിതരണമാണ് ക്വിക്ക് കൊമേഴ്സ് അഥവാ  ദ്രുത വാണിജ്യ മേഖലയിലെ കമ്പനികള്‍ നിര്‍വഹിക്കുന്നത്.

രാജ്യത്തെ വന്‍കിട കമ്പനികളെല്ലാം ക്വിക്ക് കൊമേഴ്സ് രംഗത്തേക്ക് പ്രവേശിക്കുമ്പോള്‍ ടാറ്റ ഗ്രൂപ്പും ഇതേ പാതയിലാണ്. ടാറ്റ ഗ്രൂപ്പും ഉടന്‍ തന്നെ ക്വിക് കൊമേഴ്സ് രംഗത്ത് പുതിയ സംരംഭം തുടങ്ങുമെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടാറ്റ ഗ്രൂപ്പിന്‍റെ ഇ-കൊമേഴ്സ് സംരംഭമായ ടാറ്റ ന്യൂവിന്‍റെ അനുബന്ധ സ്ഥാപനമായി ന്യൂ ഫ്ളാഷ് എന്ന് ബ്രാന്‍ഡിലായിരിക്കും പുതിയ കമ്പനി തുടങ്ങുന്നത്. ഓര്‍ഡര്‍ ചെയ്ത് 10-30 മിനിറ്റിനുള്ളില്‍ സാധനങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്ന  ബിസിനസ്സ് മോഡലാണ് ക്വിക്ക് കൊമേഴ്സ്. പലചരക്ക് സാധനങ്ങള്‍, സ്റ്റേഷനറികള്‍, വ്യക്തിഗത ശുചിത്വ ഉല്‍പ്പന്നങ്ങള്‍, തുടങ്ങി ചെറിയ അളവിലുള്ള സാധനങ്ങളുടെ വിതരണമാണ് ക്വിക്ക് കൊമേഴ്സ് അഥവാ  ദ്രുത വാണിജ്യ മേഖലയിലെ കമ്പനികള്‍ നിര്‍വഹിക്കുന്നത്.

പലചരക്ക്, ഇലക്ട്രോണിക്സ്, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ച് അതിവേഗം വീട്ടിലെത്തിക്കുന്ന രീതിയിലായിക്കും ടാറ്റ ന്യൂ ഫ്ളാഷിന്‍റെ പ്രവര്‍ത്തനം. ക്വിക്ക് കൊമേഴ്സ് മുന്‍നിര കമ്പനികളായ സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ എന്നിവയ്ക്ക് വെല്ലുവിളിയുയര്‍ത്തിയാണ് ടാറ്റയുടെ രംഗപ്രവേശം. ഫ്ലിപ്പ്കാര്‍ട്ടും റിലയന്‍സ് ഇന്‍ഡസ്ട്രീസും  ക്വിക്ക് കൊമേഴ്സ് രംഗത്തേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
 
ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഗ്രോസറി വിഭാഗമായ ബിഗ് ബാസ്കറ്റാണ് ന്യൂ ഫ്ളാഷിനു വേണ്ട നിത്യോപയോഗ സാധനങ്ങള്‍ കൈമാറുക. ടാറ്റയുടെ കീഴിലുള്ള ഇലക്ട്രോണിക്സ് കമ്പനിയായ ക്രോമയായിരിക്കും ഈ വിഭാഗത്തില്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍ ന്യൂ ഫ്ളാഷിന് നല്‍കുക. ടാറ്റ ക്ലിക് ഫാഷന്‍, ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യും. ക്വിക്ക് കൊമേഴ്സ് വിപണിയുടെ 85 ശതമാനവും ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ എന്നിവയുടെ നിയന്ത്രണത്തിലാണ്. ഇ-കൊമേഴ്സിനേയും മറ്റ് ചില്ലറ വ്യാപാര മേഖലയേയും അപേക്ഷിച്ച് ക്വിക്ക് കൊമേഴ്സ്  അതിവേഗം വളരുന്നതിനാല്‍ ഈ മേഖലയിലെ കമ്പനികള്‍ തമ്മിലുള്ള മല്‍സരവും മുറുകുകയാണ്

Latest Videos

click me!