ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഓഹരികള്‍ നിറംമങ്ങി; 2022-ല്‍ മാനം കാത്തത് മിഡ് കാപ് വിഭാഗം; ഇനിയെന്ത്?

By Web Team  |  First Published Dec 28, 2022, 1:58 PM IST

ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ക്ക് തിരിച്ചടിയേറ്റ വർഷമാണ് 2022.  ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട വിവിധ ഓഹരികൾ അറിയാം.  


നിരവധി ടാറ്റ ഗ്രൂപ്പ് ഓഹരികളാണ് 2021-ല്‍ നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ (100%-ത്തിലധികം) ആദായം സമ്മാനിച്ചത്. എന്നാല്‍ സമാനമായി തിളക്കമേറുന്ന പ്രകടനം 2022 വര്‍ഷക്കാലയളവില്‍ പുറത്തെടുക്കുന്നതില്‍ ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ പരാജയപ്പെട്ടു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 24 ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ 15 എണ്ണവും 2022-ല്‍ നഷ്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്.

ഇതില്‍ ഏറ്റവും തിരിച്ചടി നേരിട്ട ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ ടാറ്റ പവര്‍ കമ്പനി, നെല്‍കോ, ടിസിഎസ്, ടാറ്റ മെറ്റാലിക്‌സ്, ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്‌സ്, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, റാലീസ് ഇന്ത്യ, ടാറ്റ മോട്ടോര്‍സ്, വോള്‍ട്ടാസ്, ഓട്ടോമോട്ടീവ് സ്റ്റാംപിങ്‌സ് & അസംബ്ലീസ്, ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര) എന്നിവയാകുന്നു. ഈ ഓഹരികള്‍ 2022-ല്‍ ഇതുവരെയായി 11% മുതല്‍ 60% വരെയുള്ള നഷ്ടമാണ് രേഖപ്പെടുത്തിയത്.

അതേസമയം ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, ഓറിയന്റ് ഹോട്ടല്‍സ്, ട്രെന്റ്, ടിആര്‍എഫ്, ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ടാറ്റ കോഫീ എന്നിവയാണ് 2022-ല്‍ നേട്ടം കുറിച്ച ടാറ്റ ഗ്രൂപ്പ് ഓഹരികള്‍. ഇതില്‍ 66% വില ഉയര്‍ന്ന ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെയും 64% മുന്നേറിയ ഓറിയന്റ് ഹോട്ടല്‍സിന്റേയും ഓഹരികളാണ് നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ നേട്ടം സമ്മാനിച്ചത്. ഇതില്‍ ട്രെന്റ് ഓഹരിയാകട്ടെ തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് മുന്നേറുന്നതും തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഇരട്ടയക്ക നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നതും. അതുപോലെ ഇന്ത്യന്‍ ഹോട്ടല്‍സിന്റെ ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇരട്ടയക്ക നേട്ടം കരസ്ഥമാക്കുന്നത്.

ആഗോള തലത്തില്‍ ടെക്‌നോളജി കമ്പനികള്‍ക്ക് നേരിട്ട തിരിച്ചടിയും ഉയര്‍ന്ന പണപ്പെരുപ്പവും പലിശ നിരക്ക് വര്‍ധനയും കാരണം വികസിത രാജ്യങ്ങളുടെ വളര്‍ച്ച ഇടിയാമെന്നുള്ള നിഗമനവുമാണ് ടാറ്റ ഗ്രൂപ്പിന്റെ വന്‍കിട ഐടി കമ്പനിയായ ടിസിഎസ് ഓഹരികളുടെ 5 വര്‍ഷത്തെ അപരാജിത കുതിപ്പിന് തടയിട്ടത്. പ്രധാന സൂചികകളുടെ ഭാഗം കൂടിയായ ടിസിഎസ് ഓഹരിയില്‍ 13% ഇടിവാണ് ഈവര്‍ഷം രേഖപ്പെടുത്തുന്നത്. അതേസമയം സാമ്പത്തികമാന്ദ്യ ഭീഷണി ശക്തമായി തുടരുന്നതിനാല്‍ 2023-ലും ഐടി മേഖലയുടെ സാധ്യത പരിമിതമെന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മിക്ക അനലിസ്റ്റുകളും ടിസിഎസിനേക്കാള്‍ ഇന്‍ഫോസിസിനെയാണ് ശുപാര്‍ശ ചെയ്യുന്നതും.

അതുപോലെ 2021-ലെ മിന്നും താരമായിരുന്ന ടാറ്റ മോട്ടോര്‍സ് ഓഹരികളും ഇത്തവണ നിരാശപ്പെടുത്തി. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം മികച്ചതാണെങ്കിലും പ്രധാന ഉപവിഭാഗമായ ജാഗ്വാര്‍ ലാന്റ് റോവറിന്റെ മോശം പ്രകടനമാണ് ടാറ്റ മോട്ടോര്‍സ് ഓഹരിക്ക് തിരിച്ചടിയായത്. അതേസമയം യുഎസ്, യൂറോപ്യന്‍ മേഖലയില്‍ സാമ്പത്തികമാന്ദ്യ ആശങ്ക നിലനില്‍ക്കുന്നത് ടാറ്റ മോട്ടോര്‍സിന് സമീപ ഭാവിയിലും പ്രതിസന്ധി സൃഷ്ടിക്കാം. എന്നാല്‍ ജാഗ്വാര്‍ ലാന്റ് റോവറിന്റെ പ്രകടനം മെച്ചപ്പെടുന്നതിന്റെ സൂചന ലഭിച്ചാല്‍ ടാറ്റ മോട്ടോര്‍സ് ഓഹരി അതിവേഗം കരകയറുമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.
 

click me!