സാൻ ഫ്രാൻസിസ്കോയിലേക്കും ന്യൂയോർക്ക് ഏരിയയിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളായ നെവാർക്ക് ലിബർട്ടിയിലേക്കും ജോൺ എഫ് കെന്നഡിയിലേക്കും മുംബൈയിൽ നിന്നും കൂടുതൽ വിമാനങ്ങൾ, കൂടെ പ്രീമിയം ഇക്കോണമി ക്ലാസ്
ദില്ലി: പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കുന്നതിനായി 30 വിമാനങ്ങൾ പാട്ടത്തിനെടുത്ത് എയർ ഇന്ത്യ. ഇഇരുപത്തിയൊന്ന് എയർബസ് എ 320 നിയോകളും നാല് എയർബസ് എ 321 നിയോകളും അഞ്ച് ബോയിംഗ് ബി 777-200 എൽആർ വിമാനങ്ങളും പാട്ടത്തിനെടുക്കുന്ന വിമാനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു. 2023-ഓടെ ആയിരിക്കും ഈ വിമാനങ്ങൾ എയർ ഇന്ത്യയ്ക്ക് ലഭിക്കുക.
ബിസിനസ് മോഡൽ മാറ്റി, യാത്രക്കാർക്കായി പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ ആണ് എയർ ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. അതിനാൽ തന്നെ പുതുതായി വാടകയ്‌ക്കെടുക്കുന്ന എല്ലാ വിമാനങ്ങൾക്കും പ്രീമിയം ഇക്കോണമി ക്ലാസ് ഉണ്ടായിരിക്കും. എയർ ഇന്ത്യയുടെ നിലവിലുള്ള വിമാനങ്ങളിൽ ഇക്കണോമി ക്ലാസും ബിസിനസ് ക്ലാസും ഉണ്ട്. ബിസിനസ് മോഡൽ മാറ്റി എയർ ഇന്ത്യ പ്രീമിയം ഇക്കോണമി ക്ലാസും നൽകും.
Read Also: പണപ്പെരുപ്പം ഏഴ് ശതമാനത്തിലേക്ക് ഉയർന്നു; ആർബിഐ വായ്പ നിരക്കുകൾ ഉയർത്തിയേക്കും
ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻ വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് ഉള്ള ഇന്ത്യയിലെ ഒരേയൊരു എയർലൈൻ ആണ്.
വിമാനങ്ങൾ വാങ്ങുന്നതിനായി കഴിഞ്ഞ രണ്ട് മാസങ്ങളായി എയർബസുമായും ബോയിംഗുമായും ചർച്ചകൾ നടത്തിവരികയാണ് എയർ ഇന്ത്യ. രണ്ട് കമ്പനികളിലേതെങ്കിലും പർച്ചേസ് ഓർഡർ നൽകിയതിന് ശേഷം ഉടനെ തന്നെ പുതിയ വിമാനങ്ങളുടെ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ വാടക വിമാനങ്ങളുടെ സഹായത്തോടെ ഉടൻ വിപുലീകരണം നടത്താനാണ് എയർ ഇന്ത്യയുടെ തീരുമാനം.
എയർ ഇന്ത്യയുടെ നാരോ ബോഡി ഫ്ലീറ്റിൽ 70 വിമാനങ്ങൾ ഉൾപ്പെടുന്നു, അതിൽ 54 എണ്ണം സർവീസ് നടത്തുന്നുണ്ട്. ഇതിന്റെ വൈഡ് ബോഡി ഫ്ലീറ്റിൽ 43 വിമാനങ്ങളുണ്ട്, അതിൽ 33 എണ്ണം പ്രവർത്തനക്ഷമമാണ്. നിലവിലുള്ള ബാക്കിയുള്ള നാരോ ബോഡി ഫ്ലീറ്റും വൈഡ് ബോഡി ഫ്ലീറ്റും 2023 ന്റെ തുടക്കത്തോടെ ക്രമേണ സേവനം ആരംഭിക്കും
വാടകയ്‌ക്കെടുത്ത വിമാനങ്ങൾ 2022 ഡിസംബറിനും 2023 മാർച്ചിനും ഇടയിൽ എത്തുമെന്നും, ഇന്ത്യൻ മെട്രോ നഗരങ്ങളിൽ നിന്നും യുഎസ്എയിലേക്കുള്ള റൂട്ടുകളിൽ അവ സർവീസ് ആരംഭിക്കുമെന്നും എയർലൈൻ അറിയിച്ചു.
Read Also: മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ; ഈ മൂന്ന് നിക്ഷേപ പദ്ധതികളെ അറിയാം
സാൻ ഫ്രാൻസിസ്കോയിലേക്കും ന്യൂയോർക്ക് ഏരിയയിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളായ നെവാർക്ക് ലിബർട്ടിയിലേക്കും ജോൺ എഫ് കെന്നഡിയിലേക്കും മുംബൈയിൽ നിന്നും കൂടുതൽ വിമാനങ്ങൾ കൂട്ടിച്ചേർക്കും, ബാംഗ്ലൂരിന് സാൻ ഫ്രാൻസിസ്കോയിലേക്ക് ആഴ്ചയിൽ 3 തവണ സർവീസ് ഉണ്ടാകും. ഇന്ത്യ-യുഎസ്, ഇന്ത്യ-കാനഡ റൂട്ടുകളിൽ എയർ ഇന്ത്യ വിമാനങ്ങൾക്ക് വലിയ ഡിമാൻഡാണ്, പ്രത്യേകിച്ചും 2020-ൽ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനും ഈ വർഷം ഫെബ്രുവരിയിൽ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനും ശേഷവും.
രണ്ട് മാസം മുമ്പ്, എയർ ഇന്ത്യ തങ്ങളുടെ വിപുലീകരണ പദ്ധതികൾ നടപ്പിലാക്കുന്നതിനാൽ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം 58 ൽ നിന്ന് 65 ആയി ഉയർത്തിയിരുന്നു.