തമിഴ്നാട്ടിലേക്ക് തിരുമ്പി വരുമോ ഫോർഡ്; കഠിന ശ്രമവുമായി സ്റ്റാലിൻ

By Web Team  |  First Published Sep 11, 2024, 4:16 PM IST

തമിഴ്നാടുമായുള്ള ഫോര്‍ഡിന്‍റെ 30 വര്‍ഷത്തെ ബന്ധം പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകള്‍ ആരാഞ്ഞാണ് മുഖ്യമന്ത്രി ഫോര്‍ഡ് ഉദ്യോഗസ്ഥരെ കണ്ടത്.


പൂട്ടിപ്പോയ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് വീണ്ടും തമിഴ്നാട്ടിലേക്ക് തിരിച്ചുവരുമോ...യുഎസ് സന്ദര്‍ശിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ഫോര്‍ഡിലെ ഉദ്യോഗസ്ഥരുമായി  കൂടിക്കാഴ്ച നടത്തിയതിനെത്തുടര്‍ന്നാണ് ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ വീണ്ടും പ്രചരിക്കുന്നത്. കഴിഞ്ഞ മാസം 27ന് അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി സ്റ്റാലിന്‍ സെപ്റ്റംബര്‍ 12 വരെ 17 ദിവസത്തെ പര്യടനത്തിലാണ്. അമേരിക്കയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി സ്റ്റാലിന്‍ സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇതിന്‍റെ ഭാഗമായാണ് ഫോര്‍ഡ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി കണ്ടത്. 2022ലാണ് ചെന്നൈയിലെ മധ്യമലൈ നഗറിലെ ഫാക്ടറി പൂട്ടി ഫോര്‍ഡ് ഇന്ത്യ വിട്ടത്. തമിഴ്നാടുമായുള്ള ഫോര്‍ഡിന്‍റെ 30 വര്‍ഷത്തെ ബന്ധം പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകള്‍ ആരാഞ്ഞാണ് മുഖ്യമന്ത്രി ഫോര്‍ഡ് ഉദ്യോഗസ്ഥരെ കണ്ടത്. ഫാക്ടറി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 6 മാസമായി തമിഴ്നാട് സര്‍ക്കാര്‍ ഫോര്‍ഡ് ഇന്ത്യ മാനേജ്മെന്‍റുമായി ചര്‍ച്ച നടത്തിവരികയാണ്. ഫോര്‍ഡിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ മാസം അവസാനത്തോടെ തമിഴ്നാട്ടില്‍ എത്തുമെന്നും സൂചനകളുണ്ട്.

 
തമിഴ്നാട്ടിലും ഗുജറാത്തിലും ഫോര്‍ഡ് നിര്‍മാണ പ്ലാന്‍റുകള്‍ തുറന്നിരുന്നു.  ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ 32 രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തിരുന്നത് . എന്നാല്‍ ഉല്‍പ്പാദനത്തിലുണ്ടായ നഷ്ടം കാരണം രണ്ട് പ്ലാന്‍റുകളും 2 വര്‍ഷം മുമ്പ് അടച്ചുപൂട്ടുകയായിരുന്നു. ഈ പ്ലാന്‍റുകള്‍ക്ക് പ്രതിവര്‍ഷം 4 ലക്ഷം കാറുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമായിരുന്നെങ്കിലും 80,000 കാറുകള്‍ മാത്രമേ ഉല്‍പ്പാദിപ്പിക്കപ്പെട്ടിരുന്നുള്ളൂ. അതും ക്രമേണ കുറഞ്ഞു. 14,000 കോടിയുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് ഫോര്‍ഡ് ഇന്ത്യ വിടാന്‍ തീരുമാനിച്ചത്. ചെന്നൈയിലെ മധ്യമലയില്‍ ഏകദേശം 350 ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ചെന്നൈയില്‍ പ്ലാന്‍റ് വില്‍ക്കാന്‍ ഫോര്‍ഡ് മോട്ടോഴ്സ് ശ്രമിച്ചിരുന്നുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. ഗുജറാത്തിലെ ഫാക്ടറി 750 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് വാങ്ങുകയും ചെയ്തു.

Latest Videos

click me!