ഇഷ്ടഭക്ഷണം ഓാർഡർ ചെയ്ത് കഴിക്കണമെങ്കില്‍ ഇനി മുതൽ അൽപം പണം കൂടുതലായി ചെലവഴിക്കേണ്ടിവരും. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയിൽ നിന്നുമുള്ള ഭക്ഷണങ്ങൾക്ക് ചെലവേറും
ഇന്നത്തെക്കാലത്ത് ഓൺലൈൻ ആയി ഇഷ്ടഭക്ഷണം ഓാർഡർ ചെയ്ത് കഴിക്കാനിഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് .കാരണം ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി വീട് വിട്ട് കഴിയേണ്ടിവരുന്നവർ കൂടുതലായും ഓൺലൈൻ ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്. ഇന്ന് നഗരങ്ങളിൽ മാത്രമല്ല ഗ്രാമപ്രദേശങ്ങളിലും ഫുഡ് ഡെലിവറി ചെയ്യുന്നവരെ കാണാം. കൃത്യമായ വിലാസം നൽകിയാൽ നമ്മളിരിക്കുന്ന ഇടത്തേക്ക് പറഞ്ഞ സമയത്തിന് ഭക്ഷണം എത്തിച്ചേരും. മാത്രമല്ല ഹോട്ടലിൽ പോയിരിന്നു കാത്തിരിക്കാതെ സമയവും ലാഭിക്കാം. എന്നാൽ ഈ ലാഭത്തിന് ഇനി മുതൽ അൽപം പണം കൂടുതലായി ചെലവഴിക്കേണ്ടിവരും.
ALSO READ: 'മുകേഷ് അംബാനി മത്സരിക്കട്ടെ, ഭയമില്ല ബഹുമാനം മാത്രം'; ഇന്ത്യയിൽ പത്താമത്തെ ഫാക്ടറിയുമായി നെസ്‌ലെ
രാജ്യത്തെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയിൽ നിന്നുമുള്ള ഭക്ഷണങ്ങൾക്ക് ചെലവേറുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു ഫുഡ് ഓർഡറിന് 2 രൂപ എന്ന നിലയിൽ 'പ്ലാറ്റ്‌ഫോം ഫീസ്' ഈടാക്കാൻ ഒരുങ്ങുകയാണ് ഓൺലൈൻ ഭക്ഷണവിതരണ ശൃഖലയായ സ്വിഗ്ഗി. കമ്പനിയുടെ ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായാണ് രണ്ട് രൂപ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്.
ഓർഡർ മൂല്യം പരിഗണിക്കാതെ, എല്ലാ ഉപഭോക്താക്കളിൽ നിന്നും 2 രൂപ അധിക ഫീസ് ആയി വാങ്ങിക്കാനാണ് കമ്പനി തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ആദ്യ പടിയായി ബംഗളൂരുവിലും ഹൈദരാബാദിലുമാണ് പ്ലാറ്റ്‌ഫോം ഫീസ് ഉൾപ്പെടെയുള്ള വില വർധനവ് വരുന്നത്.
ALSO READ: സ്വർണമുണ്ടെങ്കിൽ വായ്പ എളുപ്പം; കുറഞ്ഞ പലിശ നിരക്കുള്ള 5 ബാങ്കുകൾ
റിപ്പോർട്ട് പ്രകാരം ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ പ്ലാറ്റ്‌ഫോം നിരക്കുകൾ ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. ഇൻസ്റ്റാമാർട്ട് ഡെലിവറികൾക്ക് ഫുഡ് ഡെലിവറിക്ക് മാത്രം ബാധകമായ പ്ലാറ്റ്‌ഫോം ഫീസ് നിലവിൽ ബാധകമല്ല.ഫുഡ് ഡെലിവറി ബിസിനസിൽ കമ്പനി നിലവിൽ നഷ്ടം നേരിടുന്ന ഘട്ടത്തിലാണെന്ന് സ്വിഗ്ഗിയുടെ ചീഫ് എക്സിക്യൂട്ടീവും സഹസ്ഥാപകനുമായ ശ്രീഹർഷ മജെറ്റി ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറയുന്നു.
സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്വിഗ്ഗി 380 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഭക്ഷ്യ വിതരണത്തിനുള്ള വളർച്ചാ നിരക്ക് കുറഞ്ഞതോടെ, ലാഭവും വരുമാനവും കുറഞ്ഞെന്നും കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല സ്വിഗ്ഗി 2022 ൽ കനത്ത നഷ്ടം നേരിട്ടിരുന്നു . കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വിഗ്ഗിയുടെ നഷ്ടം 2.24 മടങ്ങ് വർധിച്ച് 3,628.9 കോടി രൂപയായി ഉയർന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഓർഡറിംഗ്, ഡെലിവറി പ്ലാറ്റ്ഫോമുകളിലൊന്നാണ് 2014 ൽ സ്ഥാപിതമായ സ്വിഗ്ഗി. 2019 മാർച്ച് വരെ ഉള്ള കണക്കുകൾ പ്രകാരം 100 ഇന്ത്യൻ നഗരങ്ങളിൽ പ്രവർത്തിച്ചുവരുന്നു