പ്രവാസികൾക്കും ഇനി സ്വിഗ്ഗി വഴി ഓർഡർ ചെയ്യാം, പുതിയ സേവനം റെഡി

By Web TeamFirst Published Oct 26, 2024, 1:09 PM IST
Highlights

പ്രവാസികൾക്ക് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ സമ്മാനങ്ങൾ സ്വിഗ്ഗി വഴി ഓർഡർ ചെയ്യാം.

വിദേശത്തിരുന്ന് നാട്ടിലുള്ള ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഭക്ഷണം ഓർഡർ ചെയ്യണോ?.. ഇപ്പോഴിതാ അത്തരമൊരു സൗകര്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗി. 27 രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ആദ്യ ഘട്ടത്തിൽ ഈ സൗകര്യം ലഭ്യമാവുക. അമേരിക്ക, കാനഡ, ജർമനി, യു കെ, ഓസ്ട്രേലിയ, യു എ ഇ എന്നീ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പ്രവാസികളുടെ ഇന്റർനാഷണൽ ഫോൺ നമ്പർ ഉപയോഗിച്ച് തന്നെ സ്വിഗിയിൽ ലോഗിൻ ചെയ്യാം. ഭക്ഷണം ഓൺലൈൻ ആയി  ഓർഡർ ചെയ്യുക മാത്രമല്ല ക്വിക് കോമേഴ്‌സ് പ്ലാറ്റ്ഫോം ആയ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി നിത്യോപയോഗ സാധനങ്ങളും വിദേശത്തിരുന്നു ഓർഡർ ചെയ്യാം. ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ യു പി ഐ വഴിയോ പേയ്‌മെന്റ് നടത്താം.ഉത്സവ സീസണോടനുബന്ധിച്ച് പുതിയ സേവനം ലഭ്യമാക്കുന്നതിലൂടെ മികച്ച പ്രതികരണം ആണ് സ്വിഗ്ഗി പ്രതീക്ഷിക്കുന്നത്.

പ്രവാസികൾക്ക് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ സമ്മാനങ്ങൾ സ്വിഗ്ഗി വഴി ഓർഡർ ചെയ്യാം. നാട്ടിൽ ഉള്ള പ്രായമായ  മാതാപിതാക്കൾക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും വിദേശത്തിരുന്നു ഓർഡർ ചെയ്യാമെന്ന് സ്വിഗ്ഗി അറിയിച്ചു. ദീർഘ കാലമായുള്ള  പ്രവാസികളുടെ ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്നും കമ്പനി വ്യക്തമാക്കി.

Latest Videos

സ്വിഗ്ഗിയുടെ പുതിയ സൗകര്യം സ്ഥിരമായി പ്രവാസികൾക്ക് ലഭ്യമാകും. നേരത്തെ മറ്റൊരു ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ ക്വിക്ക് കോമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റ് സമാനമായ സൗകര്യം പ്രവാസികൾക്ക് ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് താത്കാലികമായി കുറച്ച് ദിവസത്തേക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്.

വിപുലമായ നെറ്റ്‌വർക്ക് ഉള്ളതിനാൽ വിശാലമായ സേവനം ലഭ്യമാക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സ്വിഗ്ഗി വ്യക്തമാക്കി. അറുന്നൂറോളം പട്ടണങ്ങളിലായി ഏതാണ്ട് 2 ലക്ഷത്തോളം റെസ്റ്റോറന്റുകൾ ആണ് സ്വിഗ്ഗിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. ആവശ്യ സാധനങ്ങൾ നിമിഷങ്ങൾക്കകം ഓൺലൈൻ ഓർഡർ അനുസരിച്ച് വീടുകളിൽ എത്തിക്കാൻ സഹായിക്കുന്ന സ്വിഗ്ഗി ഇൻസ്റ്റമാർട്ട് 43 പട്ടണങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
 

tags
click me!