ചരക്ക് സേവന നികുതി, റെസ്റ്റോറൻ്റ് നിരക്കുകൾ, ഡെലിവറി ഫീസ് എന്നിവ കൂടാതെ ഓരോ ഭക്ഷണ ഓർഡറിനും ബാധകമായ അധിക ചാർജാണ് പ്ലാറ്റ്ഫോം ഫീസ്.
മുംബൈ: സെമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ദീപാവലി ആഘോഷത്തിന് മുന്നോടിയായാണ് രണ്ട് ഓൺലൈൻ ഫുഡ് ഡെലിവറി ഭീമന്മാരും വില ഉയർത്തിയത്. ഇതോടെ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവർ അധിക തുക നൽകണം. ഉത്സവ സീസണിൽ കൂടുതൽ ഓർഡറുകൾ പ്രതീക്ഷിച്ചാണ് സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റഫോം ഫീ 10 രൂപയാക്കിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് അവതരിപ്പിച്ചത്. 2 രൂപയായിരുന്നു ആദ്യത്തെ ചാർജ്. പിന്നീട് ഫീസ് 3 രൂപയാക്കി ഉയർത്തി, ജനുവരി 1 ന് വീണ്ടും 4 രൂപയായി ഉയർത്തി. ഡിസംബർ 31 ന് പ്ലാറ്റ്ഫോം ഫീസ് 9 രൂപയായി താൽക്കാലികമായി ഉയർത്തിയിരുന്നു.
ചരക്ക് സേവന നികുതി, റെസ്റ്റോറൻ്റ് നിരക്കുകൾ, ഡെലിവറി ഫീസ് എന്നിവ കൂടാതെ ഓരോ ഭക്ഷണ ഓർഡറിനും ബാധകമായ അധിക ചാർജാണ് പ്ലാറ്റ്ഫോം ഫീസ്.
അതേസമയം, പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തിയതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ, സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഫുഡ് ഡെലിവറി ചാർജുകൾ തുടർച്ചയായി വർധിക്കുന്നതെങ്ങനെയെന്നും ഓർഡറുകൾ ചെലവേറിയതാണെന്നും നിരവധി എക്സ് ഉപയോക്താക്കൾ പരാതിയുമായി എത്തിയിട്ടുണ്ട്.