സ്വിഗ്ഗിയുടെ ബോൾട്ട് സർവീസ് ഇനി കൊച്ചിയിലേക്കും; ഇനി ഡെലിവെറി സൂപ്പർ ഫാസ്റ്റ്

By Web Team  |  First Published Dec 3, 2024, 12:50 PM IST

ബോള്‍ട്ടിന് കീഴില്‍ ഉപഭോകക്താക്കള്‍ക്ക് ബര്‍ഗര്‍, ചായ-കാപ്പി, ശീതളപാനീയങ്ങള്‍, പ്രഭാതഭക്ഷണം, എന്നിവ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.


ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി 10 മിനിറ്റിനുള്ളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സേവനമായ സ്വിഗ്ഗി 'ബോള്‍ട്ട്' 400 ലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് രാജ്യത്ത് ബോള്‍ട്ട് സേവനങ്ങള്‍ക്ക് സ്വിഗ്ഗി തുടക്കമിട്ടത്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, പൂനെ തുടങ്ങിയ വന്‍ നഗരങ്ങളില്‍ ആണ് സ്വിഗ്ഗി ബോള്‍ട്ട് ആദ്യം തുടങ്ങിയത്. നാനൂറിലധികം നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചതോടെ കൊച്ചി , ജയ്പൂര്‍, ലഖ്നൗ, അഹമ്മദാബാദ്, ഇന്‍ഡോര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും പത്ത് മിനിറ്റിനുള്ളില്‍ സ്വിഗി ബോള്‍ട്ട് ഭക്ഷണം എത്തിക്കും. ബോള്‍ട്ടിന് കീഴില്‍ ഉപഭോകക്താക്കള്‍ക്ക് ബര്‍ഗര്‍, ചായ-കാപ്പി, ശീതളപാനീയങ്ങള്‍, പ്രഭാതഭക്ഷണം, എന്നിവ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഇവ തയ്യാറാക്കാന്‍ വളരെ കുറച്ച് സമയം മാത്രമേ അവശ്യമുള്ളൂ എന്നതിനാലാണ് ബോള്‍ട്ടിന് കീഴില്‍ വിഭവങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നത്. ഐസ്ക്രീം, മധുരപലഹാരങ്ങള്‍, ലഘുഭക്ഷണങ്ങള്‍ എന്നിവയും ബോള്‍ട്ട് വഴി വിതരണം ചെയ്യുമെന്ന് സ്വിഗ്ഗി അറിയിച്ചു. അതേ സമയം ഉപഭോക്താക്കള്‍ അവരുടെ 2 കിലോമീറ്റര്‍ പരിധിയിലുള്ള റെസ്റ്റോറന്‍റുകളില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യണം.

സ്വിഗ്ഗിയുടെ എതിരാളികളായ സൊമാറ്റോ  2022 ല്‍ 10 മിനിറ്റിനുള്ളില്‍ ഭക്ഷണം എത്തിക്കുന്ന സേവനം പരീക്ഷിച്ചിരുന്നു, എന്നാല്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ച സേവനം നിര്‍ത്തുകയും പകരം സൊമാറ്റോ എവരിഡേ ആരംഭിക്കുകയും ചെയ്തു. താരതമ്യേന കുറഞ്ഞ സമയത്തിനുള്ളില്‍ കേന്ദ്രീകൃത അടുക്കളകളില്‍ നിന്ന് വീട്ടിലെ പാചകക്കാര്‍ തയ്യാറാക്കിയ ഭക്ഷണം വിതരണം ചെയ്യുന്നതാണ് സൊമാറ്റോ എവരിഡേ.
ഓണ്‍ലൈന്‍ വിതരണക്കാരായ സെപ്റ്റോ തങ്ങളുടെ കഫേ ബിസിനസ്സ് വിപുലീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൂടെ പരിമിതമായ അളവില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യും.

Latest Videos

ബെംഗളൂരു വിപണിയില്‍ സേവനം നല്‍കുന്ന മറ്റൊരു 10 മിനിറ്റ് ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഷ്, നഗരത്തിനകത്തും മറ്റ് ടയര്‍-1 ലൊക്കേഷനുകളിലും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനായുള്ള ശ്രമത്തിലാണ്.

tags
click me!