75 ഓളം വ്യാപാരികളോട്, കൊടുക്കാനുള്ള പണത്തിന് അവധി പറഞ്ഞാണ് സപ്ലൈക്കോ പിടിച്ച് നിൽക്കുന്നത്.
തിരുവനന്തപുരം : ഓണച്ചന്തകളിലേക്ക് അവശ്യസാധനങ്ങൾ ഇറക്കുന്ന കരാറുകാര്‍ക്ക് നൽകാൻ സപ്ലൈക്കോ കണ്ടെത്തേണ്ടത് 400 കോടിയോളം രൂപ. വിപണി ഇടപെടലിന് ധനവകുപ്പ് അനുവദിച്ച 70 കോടി ഒന്നിനും തികയാത്ത അവസ്ഥയാണ്. 75 ഓളം വ്യാപാരികളോട്, കൊടുക്കാനുള്ള പണത്തിന് അവധി പറഞ്ഞാണ് സപ്ലൈക്കോ പിടിച്ച് നിൽക്കുന്നത്.
വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടിയ കാലത്ത് സൂപ്പര്‍ സ്പെഷ്യൽ ഓണച്ചന്തകളും മുൻപെങ്ങുമില്ലാത്ത ആനുകൂല്യങ്ങളും പ്രഖ്യാപിച്ചാണ് സപ്ലൈക്കോ ഓണക്കാല വിപണി ആസൂത്രണം ചെയ്തിട്ടുള്ളത്. തലസ്ഥാനത്ത് പുത്തിരിക്കണ്ടം മൈതാനത്ത് അടക്കം മെട്രോ ഫെയറുകൾക്കുള്ള പ്രാരംഭ പണികൾ തിരക്കിട്ട് നടക്കുകയുമാണ്. പതിനെട്ടിനാണ് ഉദ്ഘാടനം. തൊട്ടടുത്ത ദിവസം മുതൽ എല്ലാ അവശ്യസാധനങ്ങളും ലഭ്യമാകുമെന്നാണ് ഭക്ഷ്യമന്ത്രിയും ആവർത്തിക്കുന്നത്. അവശ്യ സാധനങ്ങളിറക്കുന്ന 75 ഓളം സ്ഥിരം കരാറുകാരുമായാണ് ഓണക്കാലത്തും ധാരണയിലെത്തിയിട്ടുള്ളത്.
ആദ്യം കണ്ടെത്തിയത് കത്തിക്കരിഞ്ഞ കാലുകൾ, പിന്നെ അരയ്ക്ക് മുകളിലെ ഭാഗം; ഒടുവിൽ മൃതദേഹം തിരിച്ചറിഞ്ഞു
ഇതുവരെ സാധനങ്ങളിറക്കിയ വകയിൽ കുടിശിക 600 കോടി നിലവിലുണ്ട്. ഓണക്കാല വിപണിക്ക് മാത്രം 400 കോടിയോളം വേണമെന്നാണ് കണക്ക്. ധനവകുപ്പ് ആകെ നൽകിയ 250 കോടിയിൽ 70 കോടി മാത്രമാണ് വിപണി ഇടപെടലിന് വകയിരുത്തിയിട്ടുള്ളത്. ഓണക്കാലത്ത് സബ്സിഡിക്ക് പോലും 80 കോടിക്ക് മുകളിൽ ചെലവു വരുമെന്നിരിക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സപ്ലൈക്കോ നീങ്ങുന്നത്. 250 കോടി കൂടി അടിയന്തരമായി നൽകണമെന്ന ഭക്ഷ്യമന്ത്രിയുടെ ആവശ്യത്തിൽ ധനവകുപ്പ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. വ്യാപാരികളോട് കൊടുക്കാനുള്ള പണത്തിന് അവധി ചോദിച്ചാണ് തൽക്കാലം പിടിച്ച് നിൽക്കുന്നതെന്നാണ് സപ്ലൈക്കോ വൃത്തങ്ങൾ പറയുന്നത്. മെട്രോ ഫെയറുകൾക്ക് പുറമെ ജില്ലാ ഫെയറുകളും താലൂക്ക് തലവിപണികളും നിയോജക മണ്ഡലം അടിസ്ഥാനത്തിൽ പ്രത്യേക ഓണ ചന്തകളും നടത്താനാണ് നിലവിലെ തീരുമാനം. സര്‍ക്കാര്‍ സബ്സിഡി ഉത്പന്നങ്ങൾക്ക് പുറമെ മറ്റ് അവശ്യ സാധനങ്ങൾ ഓഫര്‍ നിരക്കിൽ ലഭ്യമാക്കുമെന്നാണ് അവകാശ വാദം.
'കടം വാങ്ങിയെങ്കിലും ഓണത്തിന് മുമ്പ് ഭക്ഷ്യധാന്യങ്ങൾ സപ്ലൈകോയിലെത്തിക്കും', മന്ത്രിയുടെ ഉറപ്പ്