ഡിസംബറിൽ ദില്ലിയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഗൂഗിളിനെ ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിളിന്റെ ഇന്ത്യയോടുള്ള പ്രതിബദ്ധതയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മോദി തിങ്കളാഴ്ച പിച്ചൈയുമായി സംവദിച്ചിരുന്നു. എക്‌സിൽ പങ്കിട്ട പോസ്റ്റിൽ ആണ് ഈ കൂടിക്കാഴ്ചയ്ക്ക് സുന്ദർ പിച്ചൈ നന്ദി അറിയിച്ചത്.
"ഇന്ത്യയോടുള്ള ഗൂഗിളിന്റെ നിലവിലുള്ള പ്രതിബദ്ധതയെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് പ്രയോജനപ്പെടുത്തി ഗൂഗിൾ എങ്ങനെ പ്രവർത്തനങ്ങളെ വിപുലീകരിക്കുന്നു എന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനുള്ള അവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിക്കുന്നു." എക്‌സിൽ പിച്ചൈ എഴുതി.
ALSO READ: വരുന്നു, ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ; മുകേഷ് അംബാനിയുടെ വ്യവസായ തന്ത്രം ഇങ്ങനെ
ചർച്ചയ്ക്കിടെ ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമ്മാണ ആവാസവ്യവസ്ഥ വിപുലീകരിക്കുന്നതിൽ പങ്കെടുക്കാനുള്ള ഗൂഗിളിന്റെ പദ്ധതിയെക്കുറിച്ച് മോദിയും പിച്ചൈയും ചർച്ച ചെയ്തു. ഇന്ത്യയിൽ ക്രോം ബുക്ക് നിർമ്മിക്കുന്നതിന് എച്ച്പിയുമായുള്ള ഗൂഗിളിന്റെ പങ്കാളിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
കൂടാതെ, ഗൂഗിളിന്റെ 100 ഭാഷാ സംരംഭത്തെ പ്രധാനമന്ത്രി അംഗീകരിക്കുകയും ഇന്ത്യൻ ഭാഷകളിൽ എഐ ടൂളുകൾ ലഭ്യമാക്കുന്നതിനുള്ള ഗൂഗിളിന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒപ്പം ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ ഗ്ലോബൽ ഫിൻടെക് ഓപ്പറേഷൻസ് സെന്റർ തുറക്കാനുള്ള ഗൂഗിളിന്റെ പദ്ധതികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
അതേസമയം, ഗൂഗിൾപേ, യുപിഐ എന്നിവയുടെ സ്വീകാര്യതയും വ്യാപ്തിയും പ്രയോജനപ്പെടുത്തി ഇന്ത്യയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ഗൂഗിളിന്റെ പദ്ധതികളെക്കുറിച്ച് പിച്ചൈ പ്രധാനമന്ത്രിയോട് സംസാരിച്ചു. ഇന്ത്യയുടെ വികസന പാതയിലേക്ക് സംഭാവന നൽകാനുള്ള ഗൂഗിളിന്റെ പ്രതിബദ്ധത അദ്ദേഹം അറിയിച്ചു.
2023 ഡിസംബറിൽ ദില്ലിയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഗൂഗിളിനെ ക്ഷണിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഉച്ചകോടിയിൽ വരാനിരിക്കുന്ന ആഗോള പങ്കാളിത്തത്തിലേക്ക് സംഭാവന നൽകാൻ ഗൂഗിളിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം