ആഗോള ബാങ്കുകളുമായി മത്സരിക്കാൻ എസ്ബിഐ; പുതിയ ബ്രാഞ്ചുകൾ ഉടനെ തുറക്കും

By Web Team  |  First Published Oct 29, 2024, 3:48 PM IST

എച്ച്എസ്ബിസി ഹോള്‍ഡിംഗ്സ് പിഎല്‍സി, ബാര്‍ക്ലേസ് പിഎല്‍സി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പിഎല്‍സി തുടങ്ങിയ ആഗോള ബാങ്കുകളുമായി മല്‍സരിക്കുന്നതിന്‍റെ ഭാഗമായാണ് എസ്ബിഐയുടെ നീക്കം


ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് അത് എത്തിക്കുന്നതിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന്  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍ ചല്ല ശ്രീനിവാസലു ഷെട്ടി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡിജിറ്റലൈസേഷനിലും സാങ്കേതികവിദ്യയിലും കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇത് പുതിയ ഉപഭോക്താക്കളെ സൃഷടിക്കാന്‍ ബാങ്കിനെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്കിന്‍റെ സാന്നിധ്യമില്ലാത്ത പ്രദേശങ്ങളില്‍ പുതിയ ശാഖകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം 50,000 മുതല്‍ 60,000 വരെ സേവിംഗ്സ് അക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ ബാങ്കിന്‍റെ  മൊബൈല്‍ ആപ്പിന് സാധിക്കും. പക്ഷെ നിക്ഷേപ സമാഹരണം നടത്തുന്നതിന് ശാഖകളുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപങ്ങളിലെ കുറവ് വായ്പകള്‍ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്ക് തടസമാകുന്നുണ്ട്. സുരക്ഷിതമല്ലാത്ത റീട്ടെയില്‍ വായ്പകള്‍ അനുവദിക്കുന്നത് ബാങ്കിംഗ് മേഖലയില്‍ അപകട സാധ്യത കൂട്ടുന്നു.

രാജ്യത്തെ സമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെല്‍ത്ത് മാനേജ്മെന്‍റ് സാങ്കേതികവിദ്യയില്‍ നിക്ഷേപം നടത്തുന്നുണ്ട്. എച്ച്എസ്ബിസി ഹോള്‍ഡിംഗ്സ് പിഎല്‍സി, ബാര്‍ക്ലേസ് പിഎല്‍സി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പിഎല്‍സി തുടങ്ങിയ ആഗോള ബാങ്കുകളുമായി മല്‍സരിക്കുന്നതിന്‍റെ ഭാഗമായാണ് എസ്ബിഐയുടെ നീക്കമെന്ന്  ചല്ല ശ്രീനിവാസലു ഷെട്ടി പറഞ്ഞു .ഇതിന്‍റെ ഭാഗമായി എസ്ബിഐ ഏകദേശം 2,000 റിലേഷന്‍ഷിപ്പ് മാനേജര്‍മാരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Videos

ദിനേശ് ഖരയുടെ പിന്‍ഗാമിയായാണ് ചല്ല ശ്രീനിവാസലു ഷെട്ടി എസ്ബിഐ ചെയര്‍മാനായത്. അതിന് മുമ്പ്, ബാങ്കിന്‍റെ ഏറ്റവും മുതിര്‍ന്ന മാനേജിംഗ് ഡയറക്ടറായിരുന്നു ഷെട്ടി. 1988 ല്‍ പ്രൊബേഷണറി ഓഫീസറായാണ് അദ്ദേഹം എസ്ബിഐയില്‍ തന്‍റെ കരിയര്‍ ആരംഭിച്ചത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ - സ്ട്രെസ്ഡ് അസറ്റ്സ് റെസൊല്യൂഷന്‍ ഗ്രൂപ്പ്, ചീഫ് ജനറല്‍ മാനേജര്‍, കോര്‍പ്പറേറ്റ് അക്കൗണ്ട്സ് ഗ്രൂപ്പില്‍ ജനറല്‍ മാനേജര്‍, കൊമേഴ്സ്യല്‍ ബ്രാഞ്ചില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ഇന്‍ഡോര്‍, എസ്ബിഐയിലെ വിപി & ഹെഡ് (സിന്‍ഡിക്കേഷന്‍സ്) എന്നിവയുള്‍പ്പെടെ സെറ്റി പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

click me!