ഇന്ത്യക്കാർക്കായി വലവിരിച്ച് സ്റ്റാർബക്‌സ്; ഒന്നും രണ്ടുമല്ല, തുറക്കുക 1000 സ്റ്റോർ

By Web Team  |  First Published Jan 9, 2024, 6:41 PM IST

ചായയില്‍ നിന്നും കാപ്പിയിലേക്ക് തിരിയുന്നവരുടെ എണ്ണം കൂടുന്നതായാണ് സ്റ്റാര്‍ബക്സ് വിലയിരുത്തുന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ സ്റ്റാര്‍ബക്സിന്‍റെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നായി ഇന്ത്യ മാറി


രാജ്യത്ത് കാപ്പി പ്രേമികളുടെ എണ്ണം കൂടുകയാണോ.. ആണെന്നാണ് ആഗോള കോഫി ഭീമന്‍ സ്റ്റാര്‍ബക്സിന്‍റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആയിരം സ്റ്റോറുകള്‍ തുറക്കാനാണ് സ്റ്റാര്‍ബക്സിന്‍റെ പദ്ധതി.ഓരോ മൂന്ന് ദിവസത്തിലും ഒരു പുതിയ സ്റ്റോർ തുറക്കുന്നതിന് തുല്യമാണിത്.2028-ഓടെ രാജ്യത്ത് തൊഴിലവസരങ്ങൾ ഇരട്ടിയാക്കാനും ഇതിലൂടെ സാധിക്കും. വിപുലീകരണം പൂർത്തിയാകുന്നതോടെ 8,600 പേർക്ക് തൊഴിലവസരം ഉറപ്പാക്കാനാകും.

പ്രധാനപ്പെട്ട നഗരങ്ങള്‍ക്ക് പുറത്ത് ചെറിയ പട്ടണങ്ങളിലേക്കും സ്റ്റാർബക്‌സ് പ്രവര്‍ത്തനം വ്യാപിപ്പിക്കും. എയര്‍പോര്‍ട്ടുകള്‍ക്ക് സമീപവും സ്റ്റോറുകള്‍ ആരംഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയായിരിക്കും ഇവയില്‍ ചിലത്. ചൂടു പാല്‍ ചായയില്‍ നിന്നും കാപ്പിയിലേക്ക് തിരിയുന്നവരുടെ എണ്ണം കൂടുന്നതായാണ് സ്റ്റാര്‍ബക്സ് വിലയിരുത്തുന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ സ്റ്റാര്‍ബക്സിന്‍റെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നായി ഇന്ത്യ മാറിയെന്ന് കമ്പനി സിഇഒ ലഷ്മണ്‍ നരസിംഹന്‍ പറയുന്നു.2030-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുന്നതിന്റെ  തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സ്റ്റാർബക്സ് രാജ്യത്തെ സാന്നിധ്യം വിപുലീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

2012 മുതല്‍ ആണ് ഇന്ത്യയില്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡുമായി 50 ശതമാനം സംയുക്ത സംരംഭത്തിലൂടെയാണ് സ്റ്റാര്‍ബക്സ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 54 നഗരങ്ങളിലായി 390 സ്റ്റോറുകളാണ് സ്റ്റാര്‍ബക്സിനുള്ളത്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ രാജ്യത്ത് 22 പുതിയ സ്റ്റാർബക്‌സ് ഔട്ട്‌ലെറ്റുകൾ ആരംഭിച്ചു.  മുൻവർഷത്തെ അപേക്ഷിച്ച് വരുമാനം 14 ശതമാനം വർദ്ധിക്കുകയും ചെയ്തു.

click me!