ക്യാപ്റ്റൻമാരുടെ ശമ്പളം വർധിപ്പിക്കാൻ സ്പൈസ് ജെറ്റ്. പ്രതിമാസം ശമ്പള കണക്കുകൾ പുറത്തുവിട്ടു. അടുത്ത മാസം മുതൽ പർബല്യത്തിൽ വരും
ദില്ലി: ക്യാപ്റ്റൻമാരുടെ ശമ്പളം വർധിപ്പിക്കാൻ ഒരുങ്ങി സ്പൈസ് ജെറ്റ്. കൊവിഡിന് മുൻപുള്ള ശമ്പളത്തേക്കാൾ ഉയർന്ന ശമ്പളം ആയിരിക്കും എയർലൈൻ നൽകുക. പൈലറ്റുമാർ 80 മണിക്കൂർ ജോലി ചെയ്യുന്നതിന് പ്രതിമാസം 7 ലക്ഷം രൂപയായിരിക്കും ഇനി ശമ്പളം എന്ന് എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
പരിശീലകരുടെയും സീനിയർ ഓഫീസർമാരുടെയും ശമ്പളവും സ്പൈസ് ജെറ്റ് ആനുപാതികമായി വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന എയർലൈൻ ആണ് സ്‌പൈസ് ജെറ്റ്. എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീമിന്റെ (ഇസിഎൽജിഎസ്) ആദ്യഘട്ട പേയ്‌മെന്റ് ലഭിച്ചതിന് ശേഷമാണ് ക്യാപ്റ്റൻമാർക്ക് 20 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. പുതുക്കിയ ഇസിഎൽജിഎസ് പ്രകാരം 1,000 കോടി രൂപ അധികമായി വാങ്ങാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇസിഎൽജിഎസിനുപുറമെ 200 മില്യൺ യുഎസ് ഡോളർ സർക്കാരിൽ നിന്ന് സമാഹരിക്കാൻ മാനേജ്‌മെന്റ് നോക്കുകയാണെന്ന് ക്യാപ്റ്റൻ അറോറ പറഞ്ഞു.
ഓഗസ്റ്റിൽ, സ്പൈസ് ജെറ്റ് പരിശീലകർക്ക് 10 ശതമാനവും ക്യാപ്റ്റൻമാർക്കും ഓഫീസർമാർക്കും 8 ശതമാനവും ശമ്പളം ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചെലവ് ചുരുക്കാനായി ഏകദേശം 80 പൈലറ്റുമാരോട് മൂന്ന് മാസത്തേക്ക് ശമ്പളമില്ലാതെ അവധിയെടുക്കാൻ എയർലൈൻ ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് അന്ന് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. നവംബർ മുതലായിരിക്കും പുതുക്കിയ ശമ്പളം ലഭിക്കുക.
ബോയിംഗ് 737 ഫ്ലീറ്റിലെയും ബൊംബാർഡിയർ ക്യു 400 ഫ്ലീറ്റിലെയും എൺപതോളം വരുന്ന പൈലറ്റുമാരെ മൂന്ന് മാസമായി ശമ്പളമില്ലാതെ അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് സ്‌പൈസ് ജെറ്റ്. മാത്രമല്ല, സ്പൈസ് ജെറ്റിന്റെ പ്രവർത്തന ശേഷിയുടെ പരിധി 50 ശതമാനമാക്കിയത് സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഒക്ടോബർ അവസാനം വരെ നീട്ടിയിരുന്നു. പല വിമാനങ്ങളും സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ആണ് 50 ശതമാനം ഫ്ലൈറ്റുകൾ മാത്രം പ്രവർത്തിപ്പിക്കാൻ ജൂലൈയിൽ റെഗുലേറ്റർ എയർലൈനിനോട് നിർദേശിച്ചത്.