എസ്ഐപിയോ പിപിഎഫോ? നിക്ഷേപത്തിന് ഏതാണ് മികച്ചത്; അറിയേണ്ടതെല്ലാം

By Web Team  |  First Published Jul 16, 2024, 12:56 PM IST

എസ്ഐപി അല്ലെങ്കിൽ പിപിഎഫ്? ഇവയിൽ ഏത് തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാൻ രണ്ടിനെ കുറിച്ചും അറിഞ്ഞിരിക്കണം. 


ദീർഘകാല സാമ്പത്തിക ആസൂത്രണത്തിൻ്റെ കാര്യം വരുമ്പോൾ, രണ്ട് മികച്ച ഓപ്ഷനുകൾ പരിഗണിക്കാവുന്നതാണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനും (എസ്ഐപി) പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടും (പിപിഎഫ്). രണ്ടും വ്യത്യസ്‌ത സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്ന നിക്ഷേപങ്ങളാണ്. ഇവയിൽ ഏത് തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാൻ രണ്ടിനെ കുറിച്ചും അറിഞ്ഞിരിക്കണം. 

എസ്ഐപി

Latest Videos

undefined

സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി എന്നത് ഒരു നിക്ഷേപ രീതിയാണ്. പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കിലുള്ള നിര്‍ദ്ദിഷ്ട ഇടവേളകളില്‍ ഒരു നിശ്ചിത തുക വീതം നിശ്ചിത കാലയളവിലേക്ക് സമയ ബന്ധിതമായി ആവര്‍ത്തിച്ച് നിക്ഷേപിക്കുന്ന രീതിയാണിത്. നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക, എസ്‌ഐപി തീയതി, മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ എന്നിവ തീരുമാനിക്കാവുന്നതാണ്.

വിപണിയില്‍ ചാഞ്ചാട്ടവും അസ്ഥിരതയും പ്രകടമാകുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറ്റവും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപ സംവിധാനവുമാണിത്. വിപണിയില്‍ നിക്ഷേപിക്കാനുള്ള 'നല്ലനേരം' നോക്കാന്‍ ശ്രമിച്ച് തെറ്റുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാനും എസ്‌ഐപി മാര്‍ഗം പിന്തുടരുന്നതിലൂടെ സാധ്യമാണ്. കൂടാതെ, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെ കാര്യത്തില്‍ നേര്‍വഴി കാണിക്കാനും എസ്ഐപി മാതൃകയിലുള്ള നിക്ഷേപങ്ങള്‍ക്കു കഴിയും. ഇതിലൂടെ കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍, വിരമിക്കല്‍ സമ്പാദ്യം, വാഹനം വാങ്ങുക തുടങ്ങിയ പോലുളള വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി എസ്ഐപി നിക്ഷേപം ആസൂത്രണം ചെയ്യാനും സാധിക്കും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

നികുതി ഇളവ് ലഭിക്കുന്നതിനുള്ള ഏറെ ആകർഷകമായ നിക്ഷേപമായാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് കണക്കാക്കപ്പെടുന്നത്. പിപിഎഫിൽ നിക്ഷേപിക്കുന്നതിലൂടെ, ഉറപ്പായ റിട്ടേണുകൾക്കൊപ്പം നികുതി ഇളവിന്റെ ആനുകൂല്യവും ലഭിക്കും. മൊത്തം 15 വർഷത്തേക്ക് പിപിഎഫിൽ നിക്ഷേപിക്കാം. നിക്ഷേപകർക്ക് എല്ലാ വർഷവും 500 രൂപ മുതൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ അവസരം ഉണ്ട്. പിപിഎഫ് നിലവിൽ 7.1 ശതമാനം റിട്ടേൺ വാഗ്ദാനം ചെയ്യുന്ന ഒരു സേവിംഗ്സ് പ്ലാനാണ്.  അപകടസാധ്യതയില്ലാത്ത നിക്ഷേപ രീതി തെരഞ്ഞെടുക്കുന്ന നിക്ഷേപകർക്ക് അനുയോജ്യമാണ് പിപിഎഫ്. പിപിഎഫിന്റെ 15 വർഷത്തെ ലോക്ക്-ഇൻ കാലയളവ് അഞ്ച് വർഷമായി വിഭജിക്കാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, പ്രതിവർഷം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ഇളവിന് അർഹതയുണ്ട്.  

എന്തുകൊണ്ട് എസ്ഐപിയിൽ നിക്ഷേപിക്കാം?

സ്ഥിരവരുമാനമുള്ള നിക്ഷേപകർക്ക്, ഉയർന്ന റിട്ടേൺ ലഭിക്കാൻ സാധ്യതയുള്ള വിപണി അപകടസാധ്യതകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള നിക്ഷേപകർക്ക് അനുയോജ്യമാണ് എസ്ഐപി.

എന്തുകൊണ്ട് പിപിഎഫിൽ നിക്ഷേപിക്കാം?

സുരക്ഷിതത്വത്തിനും ഗ്യാരണ്ടീഡ് ആദായത്തിനും മുൻഗണന നൽകുന്ന യാഥാസ്ഥിതിക നിക്ഷേപകർക്ക് പിപിഎഫ് ഏറ്റവും അനുയോജ്യമാണ്. വിരമിക്കൽ ആസൂത്രണം ചെയ്യുന്നതിനോ ദീർഘകാല സാമ്പത്തിക ഭദ്രതയ്‌ക്കോ, നികുതി രഹിത റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നതിനും ദീർഘകാലത്തേക്ക് അച്ചടക്കമുള്ള സമ്പാദ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള മികച്ച തിരഞ്ഞെടുപ്പാണിത്.

tags
click me!