ആഡംബര കാറുകളുടെ എണ്ണം, വിലയേറിയ മദ്യം, പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം എന്നിവയിൽ സിംഗപ്പൂർ ന്യൂയോർക്കിനേക്കാൾ മുന്നിലെത്തി
ഏറ്റവും പുതിയ ആഗോള സർവേ പ്രകാരം, സിംഗപ്പൂരും സൂറിച്ചും ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളായി മാറി.ന്യൂയോർക്കിനെ മറികടന്നാണ് രണ്ട് നഗരങ്ങളും പട്ടികയിൽ ഒന്നാമതായി ഇടം പിടിച്ചത്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ വേൾഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിംഗ് 2023 റിപ്പോർട്ട് അനുസരിച്ച്, ആഡംബര കാറുകളുടെ എണ്ണം, വിലയേറിയ മദ്യം, പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം എന്നിവയിൽ സിംഗപ്പൂർ ന്യൂയോർക്കിനേക്കാൾ മുന്നിലെത്തി . സ്വിസ് ഫ്രാങ്കിന്റെ വർധിച്ച മൂല്യം, പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം, ആഡംബര വീട്ടുപകരണങ്ങൾ,എന്നിവയുടെ ഭാഗമായി കഴിഞ്ഞ വർഷം ആറാം സ്ഥാനത്തുണ്ടായിരുന്ന സൂറിച്ച് ഒന്നാം സ്ഥാനം സിംഗപ്പൂരിനൊപ്പം പങ്കിട്ടു.
ന്യൂയോർക്കിനൊപ്പം മൂന്നാം സ്ഥാനത്ത് ജനീവയുമുണ്ട്. ഏറ്റവും ചെലവേറിയ അഞ്ച് സ്ഥലങ്ങളുടെ പട്ടികയിൽ ഹോങ്കോംഗും ഇടംപിടിച്ചു. കോവിഡിന് ശേഷമുള്ള തിരിച്ചുവരവും ഉപഭോക്തൃ ഡിമാൻഡ് വർധിച്ചതുമാണ് ഹോങ്കോംഗ് പട്ടികയിലെത്താനുള്ള കാരണം. ആഗസ്ത് 14 നും സെപ്തംബർ 11 നും ഇടയിലാണ് സർവേ നടത്തിയത്, ആഗോളതലത്തിൽ 173 നഗരങ്ങളിലെ 400-ലധികം വിലകളാണ് പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി താരതമ്യം ചെയ്തത്. സിംഗപ്പൂർ, സൂറിച്ച്, ജനീവ , ന്യൂയോർക്ക്, ഹോങ്കോംഗ്, ലോസ് ഏഞ്ചൽസ്, പാരീസ്, കോപ്പൻഹേഗൻ, ടെൽ അവീവ്, സാൻ ഫ്രാൻസിസ്കോ എന്നിവയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ 10 നഗരങ്ങൾ.
ലോസ് ആഞ്ചലസ് (ആറാം സ്ഥാനം), സാൻ ഫ്രാൻസിസ്കോ (10) എന്നിവ മാത്രമാണ് ആദ്യ പത്തിൽ ഇടം നേടിയ യുഎസ് നഗരങ്ങൾ. ''ചീപ്പസ്റ്റ് സിറ്റി '' ആയി സിറിയൻ തലസ്ഥാനമായ ഡമാസ്കസ് ആണ് പട്ടികയിലിടം പിടിച്ചത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് മുമ്പാണ് സർവേ നടത്തിയത് എന്നതിനാലാണ് ഇസ്രായേലിന്റെ ടെൽ അവീവ് ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടിയത്.