ശമ്പളം കൂടിയാല്‍ ഇഎംഐ കൂട്ടി അടച്ചു തീര്‍ക്കണോ? എസ്ഐപിയില്‍ നിക്ഷേപിക്കണോ? ഏതാണ് നേട്ടം?

By Web Team  |  First Published Dec 25, 2024, 12:13 PM IST

അധിക വരുമാനം ഉപയോഗിച്ച് വായ്പ അടച്ചു തീര്‍ക്കുകയാണോ സേവിംഗ്സ് ആരംഭിക്കുകയാണോ വേണ്ടത്? 


വായ്പ എടുത്തവര്‍ എപ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് എത്രയും പെട്ടെന്ന് വായ്പ അടച്ചുതീര്‍ക്കണമെന്നത്. ചില അവസരങ്ങളില്‍ ശമ്പള വര്‍ധന പോലുള്ളവ ലഭിക്കുമ്പോള്‍, ഇഎംഐ തുക കൂട്ടി വായ്പ നേരത്തെ അടച്ചു തീര്‍ത്താലോ എന്ന് ആലോചിക്കും. അപ്പോഴായിരിക്കും സേവിംഗ്സ് ഒന്നുമില്ല എന്ന് ഓര്‍ക്കുന്നത്. അധിക വരുമാനം ഉപയോഗിച്ച് വായ്പ അടച്ചു തീര്‍ക്കുകയാണോ സേവിംഗ്സ് ആരംഭിക്കുകയാണോ വേണ്ടത് എന്ന സംശയം ഉയരും. ഇത് ഒരു ഉദാഹരണത്തിലൂടെ പരിശോധിക്കാം.

20 വര്‍ഷ കാലാവധിയില്‍ 86,000 രൂപയുടെ പ്രതിമാസ ഇഎംഐ ഉള്ള ഒരു കോടി രൂപ ഭവനവായ്പയുള്ള ഒരു വ്യക്തിയെ ഉദാഹരണമായെടുക്കാം. ഈ വ്യക്തിക്ക് പ്രതിമാസം 24,000 രൂപ ശമ്പള വര്‍ദ്ധനവ് ലഭിക്കുന്നുവെന്ന് കരുതുക, ഇത് വായ്പ തിരിച്ചടവ് ത്വരിതപ്പെടുത്തുന്നതിനോ നിക്ഷേപങ്ങളിലേക്ക് കടക്കുന്നതിനോ ഉള്ള അവസരം ഒരുക്കുന്നു . ഇഎംഐ 86,000 രൂപയില്‍ നിന്ന് 1.1 ലക്ഷം രൂപയായി വര്‍ധിപ്പിച്ചാല്‍ വായ്പാ കാലാവധി 20ല്‍ നിന്ന് 13.75 വര്‍ഷമായി കുറയ്ക്കാം. ഇത് പലിശയിനത്തില്‍ 35 ലക്ഷം രൂപ ലാഭിക്കുന്നതിനും സഹായിക്കുന്നു.

നേട്ടങ്ങള്‍

- സാമ്പത്തിക സമ്മര്‍ദ്ദം കുറക്കുന്നു
- പലിശ ചെലവുകളില്‍ ലാഭം
- കാര്യമായ സാമ്പത്തിക ബാധ്യതയില്‍ നിന്നും മോചനം

ദോഷങ്ങള്‍:

- നിക്ഷേപങ്ങളില്‍ നിന്ന് ഉയര്‍ന്ന വരുമാനം ലഭിക്കാനുള്ള അവസരം നഷ്ടമാകുന്നു

അധികമായി ലഭിക്കുന്ന ശമ്പളം എസ്ഐപികളില്‍ നിക്ഷേപിച്ചാലോ

അധികമായി ലഭിക്കുന്ന 24,000 രൂപ 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കാന്‍ സാധ്യതയുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനുകളില്‍ (എസ്ഐപി) നിക്ഷേപിച്ചാല്‍ 17 വര്‍ഷത്തിനുള്ളില്‍, 1.6 കോടി രൂപയുടെ കോര്‍പ്പസ് ഉണ്ടാക്കാന്‍ കഴിയും.

നേട്ടങ്ങള്‍

- അടിയന്തര സാഹചര്യങ്ങള്‍ക്കോ മറ്റ് സാമ്പത്തിക ആവശ്യങ്ങള്‍ക്കോ ഉള്ള പണം സ്വരൂപിക്കാം

- മുന്‍കൂര്‍ പേയ്മെന്‍റ് വഴി ലാഭിക്കുന്ന പലിശയേക്കാള്‍ ഉയര്‍ന്ന വരുമാനം ഉറപ്പാക്കാം

- പണപ്പെരുപ്പത്തിനേക്കാള്‍ നേട്ടം ലഭിക്കുന്ന നിക്ഷേപം

ദോഷങ്ങള്‍:

- എസ്ഐപി ഓഹരി വിപണിയിലെ ലാഭ നഷ്ട സാധ്യതകളെ ആശ്രയിച്ചിരിക്കുന്നു

നേരത്തെയുള്ള വായ്പ തിരിച്ചടവ് മാനസിക ആശ്വാസം നല്‍കുമ്പോള്‍, എസ്ഐപികളില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗണ്യമായി വലിയ സമ്പത്ത് സൃഷ്ടിക്കുന്നതിന് സഹായിക്കുന്നു.

tags
click me!