സ്ഥാപക ദിനത്തിൽ പുതിയ ലോഗോ പുറത്തിറക്കി സെബി

By Web Team  |  First Published Apr 12, 2023, 6:43 PM IST

പുത്തൻ ലോഗോയുമായി സെബി. സ്ഥാപക ദിനത്തിൽ പ്രൗഢിയോടെ തലയുയർത്തിപ്പിടിച്ച് ലോഗോ അനാച്ഛാദനം 



ദില്ലി: മാർക്കെറ്റ്  റെഗുലേറ്ററായ സെബി ഇന്ന് പുതിയ ലോഗോ പുറത്തിറക്കി. സെബിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ സെബി ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ സെബിയുടെ മുൻ ചെയർമാൻമാരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് പുതിയ ലോഗോ അവതരിപ്പിച്ചത്.

സെബിയുടെ സമ്പന്നമായ പാരമ്പര്യങ്ങളുടെ സവിശേഷമായ സംയോജനമാണ് പുതിയ ലോഗോയിൽ കാണാനാകുക എന്ന് ലോഗോ അനാച്ഛാദനം ചെയ്തുകൊണ്ട് സെബി ചെയർപേഴ്‌സൺ, മിസ് മാധബി പുരി ബുച്ച് പറഞ്ഞു.  

Latest Videos

undefined

1988 ഏപ്രിൽ 12-ന് സ്ഥാപിതമായ സെബി അതിന്റെ 35-ാം സ്ഥാപക ദിനമാണ് ഇന്ന് ആഘോഷിച്ചത്. കഴിഞ്ഞ 35 വർഷത്തിനിടയിൽ, സെബി വികസിക്കുകയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും വിപണിയുടെയും വികസനത്തിന് പിന്തുണ നൽകുന്ന ഒരു സ്ഥാപനമായി മാറുകയും ചെയ്തു. വർഷങ്ങളോളം മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്.  ജീവനക്കാരുടെ അചഞ്ചലമായ അർപ്പണബോധം കൊണ്ട് മികച്ച രീതിയിൽ വിപണിയെ നയിച്ചു.  

സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സെബി എന്ന ചുരുക്കപ്പേരിൽ ആണ് അറിയപ്പെടുന്നത്. 1988-ൽ ഗവൺമെന്റ് തീരുമാനപ്രകാരം സ്ഥാപിതമായതാണ് സെബി. ഓഹരി വിപണിയിലെ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനും വിപണിയുടെ വികസനത്തിനും നിയന്ത്രിക്കാനും  വേണ്ടിയാണ് സെബി സ്ഥാപിതമായത്. എന്നാൽ ചില സംഭവവികാസങ്ങൾ കാരണം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ നിയന്ത്രിക്കാനുള്ള കാര്യശേഷി സെബിക്ക് ഇല്ലാതെയായി. തന്മൂലം സെബിക്ക് നിയമപരമായൊരു പദവി പ്രദാനം ചെയ്യേണ്ടത് ഒരാവശ്യമായിത്തീർന്നു. അങ്ങനെ 1992-ൽ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം സെബി ഒരു നിയമാധിഷ്ഠിത സ്ഥാപനമായി തീർന്നു.

കേന്ദ്രഗവൺമെന്റ് നിയമിക്കുന്ന ഒരു ചെയർമാനും അഞ്ചംഗങ്ങളുമടങ്ങിയതാണ് ഡയറക്ടർ ബോർഡ്. സെബിയുടെ ആസ്ഥാനം മുംബൈയിലാണ്. മുംബൈയിൽ ഉള്ള ഹെഡ് ക്വാർട്ടേഴ്‌സ് കൂടാതെ ന്യൂ ഡൽഹി, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ് എന്നീ 4 പ്രധാന ഇടങ്ങളിൽ കൂടി ഓഫീസുകൾ ഉണ്ട്.
 

click me!