മറന്നുപോയ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ കണ്ടെത്താനും നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കെവൈസി അപ്ഡേറ്റ് ചെയ്യാനും പ്ലാറ്റ്ഫോം നിക്ഷേപകരെ സഹായിക്കും
മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തി പിന്നീട് അതിനെക്കുറിച്ച് മറന്നുപോയ പലരുമുണ്ടാകും. ഇങ്ങനെയുള്ളവര്‍ക്ക് നിക്ഷേപ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വഴിയൊരുങ്ങുന്നു. നിഷ്ക്രിയവും ക്ലെയിം ചെയ്യപ്പെടാത്തതുമായ മ്യൂച്വല്‍ ഫണ്ട് ഫോളിയോകള്‍ കണ്ടെത്തുന്നതിന് നിക്ഷേപകര്‍ക്കായി ഒരു സേവന പ്ലാറ്റ്ഫോം വികസിപ്പിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കി.. മ്യൂച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്മെന്‍റ് ട്രെയ്സിംഗ് ആന്‍ഡ് റിട്രീവല്‍ അസിസ്റ്റന്‍റ് (എംഐടിആര്‍) എന്ന് പേരിട്ടിരിക്കുന്ന നിര്‍ദ്ദിഷ്ട സേവന പ്ലാറ്റ്ഫോം രണ്ട് പ്രമുഖ രജിസ്ട്രാര്‍മാരും ട്രാന്‍സ്ഫര്‍ ഏജന്‍റുമാരും ചേര്‍ന്ന് വികസിപ്പിക്കുമെന്ന് സെബി വ്യക്തമാക്കി. രജിസ്ട്രാര്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഏജന്‍റുമാരായ കമ്പ്യൂട്ടര്‍ ഏജ് മാനേജ്മെന്‍റ് സര്‍വീസസ് (കാംസ്), കെഎഫ്ഐഎന്‍ ടെക്നോളജീസ് - എന്നിവ പ്ലാറ്റ്ഫോം വികസിപ്പിക്കുകയും ഒരു ബീറ്റാ പതിപ്പ് പുറത്തിറക്കുകയും ചെയ്യും. മറന്നുപോയ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ കണ്ടെത്താനും നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കെവൈസി അപ്ഡേറ്റ് ചെയ്യാനും പ്ലാറ്റ്ഫോം നിക്ഷേപകരെ സഹായിക്കും. ഇതോടൊപ്പം, ക്ലെയിം ചെയ്യപ്പെടാത്ത മ്യൂച്വല്‍ ഫണ്ട് ഫോളിയോകളുടെ എണ്ണം കുറയ്ക്കുന്നതിനും ഈ പ്ലാറ്റ്ഫോം സഹായിക്കും.
എങ്ങനെയാണ് അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത്?
മ്യൂച്വല്‍ ഫണ്ട് സ്കീമുകളിലെ നിക്ഷേപം നിക്ഷേപകനോ നോമിനിയോ നിയമപരമായ അവകാശിയോ പിന്‍വലിക്കുന്നതിനോ കൈമാറ്റത്തിനോ ബന്ധപ്പെട്ട അസറ്റ് മാനേജ്മെന്‍റ് കമ്പനിയെ സമീപിക്കുന്നതുവരെ നിക്ഷേപം തുടരും. പാന്‍, ഇമെയില്‍ ഐഡി അല്ലെങ്കില്‍ സാധുവായ വിലാസം ലഭ്യമല്ലാത്തതിനാല്‍, യൂണിറ്റ് ഹോള്‍ഡറുടെ സംയോജിത അക്കൗണ്ട് സ്റ്റേറ്റ്മെന്‍റില്‍ ഈ മ്യൂച്ച്വല്‍ ഫണ്ട് ഫോളിയോ ദൃശ്യമാകാതിരിക്കാനും സാധ്യതയുണ്ട്. ഈ രീതിയില്‍, ഈ മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകള്‍ നിര്‍ജ്ജീവമായിത്തീരുന്നു.
ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് പുതിയ സേവന പ്ലാറ്റ്ഫോം വികസിപ്പിക്കാന്‍ സെബി നിര്‍ദ്ദേശിച്ചത്. ജനുവരി 7 വരെ ഈ നിര്‍ദ്ദേശത്തില്‍ സെബി പൊതുജനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്.