ഉയര്‍ന്ന പലിശനിരക്കുള്ള എസ്ബിഐ വീകെയര്‍ പദ്ധതി വീണ്ടും നീട്ടി ; ജൂണ്‍ വരെ അംഗമാകാം

By Web Team  |  First Published Apr 3, 2023, 7:17 PM IST

ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥിരനിക്ഷേപ പദ്ധതി. പ്രധാന ലക്ഷ്യം മുതിര്‍ന്ന പൗരന്മാരുടെ ടേം ഡെപ്പോസിറ്റുകള്‍ക്ക് അധിക പലിശ നല്‍കിക്കൊണ്ട് അവരുടെ വരുമാനം സംരക്ഷിക്കുക എന്നത്


ദില്ലി: എസ്ബിഐ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി അവതരിപ്പിച്ച,  എസ്ബിഐ വീകെയര്‍ നിക്ഷേപ പദ്ധതി വീണ്ടും നീട്ടി. പുതിയ തിയ്യതി പ്രകാരം 2023 ജൂണ്‍ 30 വരെ പദ്ധതിയില്‍ അക്കൗണ്ട് തുറക്കാം. 2020 മെയ് മാസത്തിലാണ് എസ്ബിഐ വീ കെയര്‍ സീനിയര്‍ സിറ്റിസണ്‍സ് ടേം ഡെപ്പോസിറ്റ് സ്‌കീം പ്രാബല്യത്തില്‍ വന്നത്.

വീ കെയര്‍- പലിശ നിരക്ക്

അഞ്ച് മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് വീ കെയര്‍ പദ്ധതി അനുസരിച്ച് 7.50 ശതമാനമാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്കുളള പലിശനിരക്ക്. ഈ സ്ഥിര നിക്ഷേപ പദ്ധതിയുടെ പ്രധാന ലക്ഷ്യം മുതിര്‍ന്ന പൗരന്മാരുടെ ടേം ഡെപ്പോസിറ്റുകള്‍ക്ക് അധിക പലിശ നല്‍കിക്കൊണ്ട് അവരുടെ വരുമാനം സംരക്ഷിക്കുക എന്നതാണ്. ബ്രാഞ്ച് സന്ദര്‍ശിച്ചോ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ യോനോ ആപ്പ് ഉപയോഗിച്ചോ വീ കെയര്‍ എഫ്ഡി ബുക്ക് ചെയ്യാം.

വീ കെയര്‍ സ്ഥിര നിക്ഷേപ പദ്ധതിയുടെ പലിശ മാസത്തിലൊരിക്കല്‍ വാങ്ങാം. അല്ലെങ്കില്‍ വര്‍ഷത്തില്‍ തവണകളായും വാങ്ങാം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ , പലിശവരുമാനം അക്കൗണ്ടിലെത്തും. എന്നാല്‍ പലിശ ,നിശ്ചിത തുകയില്‍ കൂടുതലാണെങ്കില്‍ ടിഡിഎസ് അടക്കേണ്ടിവരും.

60 വയസ്സിനും അതിന് മുകളിലും പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമേ ഈ സ്‌കീമില്‍ നിക്ഷേപിക്കാന്‍ കഴിയൂ. ഈ സ്‌കീം ഒരു ആഭ്യന്തര ടേം ഡെപ്പോസിറ്റാണ്, അതിനാല്‍ എന്‍ആര്‍ഐ ആയിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ അര്‍ഹതയില്ല. പരമാവധി 10 വര്‍ഷമാണ് നിക്ഷേപ കാലാവധി .നേരത്തെ മാര്‍ച്ച് 31 ആയിരുന്നു പദ്ധതിയില്‍ അംഗമാകാനുള്ള അവസാന തിയ്യതി. ആര്‍ബിഐ റിപ്പോ നിരക്കില്‍ വര്‍ധനവ് വരുത്തിയതിനെതുടര്‍ന്ന് ബാങ്കുകള് പലിശ നിരക്ക് കൂട്ടിയ പശ്ചാത്തലത്തിലും നേരത്തെ പദ്ധതി കാലാവധി നീട്ടിയിരുന്നു

എസ്ബിഐ എഫ്ഡി പലിശ നിരക്ക്

7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള, 2 കോടി രൂപയില്‍ താഴെയുള്ള നിക്ഷപങ്ങള്‍ക്ക് എസ്ബിഐ 3.50 ശതമാനത്തിനും 7.50 ശതമാനത്തിനും ഇടയില്‍  പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

എസ്ബിഐ മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള പലിശ നിരക്കുകള്‍ സാധാരണ പൗരന്‍മാരെ അപേക്ഷിച്ച്  പൊതുവെ ഉയര്‍ന്നതാണ്. 7 ദിവസം മുതല്‍ 45 ദിവസം വരെ കലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനമാണ് പലിശനിരക്ക്.  46 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 5 ശതമാനം പലിശ ലഭിക്കും. 180 മുതല്‍ 210 ദിവസം വരെ കാലാവധിയുല്‌ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനവും, 211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനവും പലിശ ലഭിക്കും. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.3 ശതമാനമാണ് പലിശനിരക്ക്. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നത്. 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴയുള്ള നിക്ഷേപങ്ങള്‍ക്ക് 7 ശതമാനവും, അഞ്ച് വര്‍ഷം മതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനവുമാണ് എസ്ബിഐ നല്‍കുന്ന പലിശ നിരക്ക്. കൂടാതെ എസ്ബിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഈ എഫ്ഡി സ്‌കീമിന് കീഴില്‍ വായ്പയും ലഭിക്കും.

എസ്ബിഐ സര്‍വോത്തം നിക്ഷേപം

ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥിരനിക്ഷേപ പദ്ധതിയാണിത്.ഈ പദ്ധതിയിലൂടെ  നിക്ഷേപകര്‍ക്ക് സാധാരണ സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശനിരക്ക് ലഭിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.9 ശതമാനം പലിശ ലഭിക്കും. ഒരു വര്‍ഷത്തെ കാലാവധിയില്‍ ബാങ്കില്‍ 7.6 ശതമാനം പലിശ ലഭിക്കും.

click me!