ഉത്സവ സീസണോട് അനുബന്ധിച്ച് ഭവന വായ്പകൾക്ക് ഇളവ് നൽകി എസ്ബിഐ. പലിശ നിരക്ക് കുറയുന്നത് ഭവന വായ്പാ എടുത്തവർക്ക് ആശ്വാസമാകും. എന്നാൽ ഈ നിബന്ധനകൾ ബാധകമാണ്
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ ഉത്സവ സീസണിൽ ഭവന വായ്പകളിൽ ഇളവ് നൽകുന്നു. 2022 ഒക്ടോബർ 4 മുതൽ 2023 ജനുവരി 31 വരെയുള്ള ഭവന വായ്പകളിൽ 15 ബേസിസ് പോയിന്റ് മുതൽ 30 ബേസിസ് പോയിന്റ് വരെ ഇളവാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. എസ്ബിഐയുടെ ഭാവന വായ്പയുടെ പലിശ നിരക്ക് സാധരണ 8.55 ശതമാനം മുതൽ 9.05 ശതമാനം വരെയാണ്. എന്നാൽ ഉത്സവ സീസണിൽ ഇത് 8.40 ശതമാനം വരെ ആയിരിക്കും.
Read Also: ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാം പണം വാരാം; പലിശ കുത്തനെ കൂട്ടി ഈ പൊതുമേഖലാ ബാങ്ക്
അതേസമയം, എസ്ബിഐയുടെ ഭവന വായ്പയുടെ കിഴിവ് ലഭിക്കുക സിബിൽ സ്‌കോർ അനുസരിച്ച് ആയിരിക്കും. 800-നേക്കാൾ കൂടുതലോ അതിന് തുല്യമോ ആയ സിബിൽ സ്‌കോർ ഉള്ള വായ്പക്കാർക്ക് ബാങ്ക് 8.40 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് 8.55 ശതമാനം എന്ന സാധാരണ നിരക്കിനെ അപേക്ഷിച്ച് 15 ബേസിസ് പോയിന്റ് കുറവാണ്. കൂടാതെ, 750 മുതൽ 799 വരെ ക്രെഡിറ്റ് സ്കോർ ഉള്ള വായ്പക്കാർക്ക് സാധാരണ നിരക്കായ 8.65 നെക്കാൾ 25 ബേസിസ് പോയിന്റ് ഇളവോടെ 8.40 ശതമാനം പലിശ നിരക്ക് അനുവദിക്കുന്നു. അതേസമയം, 700 മുതൽ 749 വരെ സിബിൽ സ്‌കോർ ഉള്ള വായ്പക്കാർക്ക് സാധരണ ഭവന വായ്പയുടെ പലിശ നിരക്ക് 8.75 ശതമാനം ആണ്. എന്നാൽ ഉത്സവ സീസണിൽ എസ്ബിഐ 20 ബേസിസ് പോയിന്റുകളുടെ ഇളവ് നൽകുന്നു. 8.55% ശതമാനമാണ് ഈ കാലയളവിലെ പലിശ നിരക്ക്.
Read Also: രൂപ വീണ്ടും വീണു; ഡോളറിനെതിരെ ഏറ്റവും താഴ്ന്ന നിരക്കിൽ
അതേസമയം, ഒന്ന് മുതൽ 699 വരെ ക്രെഡിറ്റ് സ്‌കോറുകളുള്ള വായ്പക്കാർക്ക് ഭവനവായ്പയുടെ പലിശ നിരക്കിൽ മാറ്റമില്ല. ഇവരുടെ വായ്പ നിരക്ക് 8.85 ശതമാനമായിരിക്കും. എന്നാൽ ശ്രദ്ധിക്കേണ്ട വസ്തുത എന്താണെന്നാൽ, സ്ത്രീ വായ്പക്കാർക്ക് നൽകുന്ന 5 ബേസിസ് പോയിന്റ് ഇളവും സാലറി അക്കൗണ്ട് ഉടമകൾക്ക് നൽകുന്ന 5 ബേസിസ് പോയിന്റ് ഇളവും ഉൾപ്പെടുന്നതാണ് പുതിയ ഇളവ് നിരക്കുകൾ എന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്