കോൾ സെന്ററുകൾ നവീകരിച്ച് എസ്ബിഐ. ഇനി മുതൽ; 30 സേവനങ്ങൾ 12 ഭാഷകളിൽ ലഭ്യമാകും. ഇതിലൂടെ ഉപയോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ എസ്ബിഐയ്ക്ക് സാധിക്കുന്നു
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ കോൾ സെന്റർ സേവനങ്ങൾ ശക്തിപ്പെടുത്തി. ഇതോടെ രാജ്യത്തെ 12 ഭാഷകളിൽ ബാങ്ക് നൽകുന്ന മുപ്പതോളം സേവനങ്ങൾ ലഭ്യമാകും. ദിവസം 24 മണിക്കൂറും കോൾ സെന്റർ പ്രവർത്തിക്കും എന്നുള്ളതാണ് മറ്റൊരു നേട്ടം.
നിലവിൽ ഈ കോൺടാക്ട് സെന്ററുകൾ ഒരുമാസം ഒന്നരക്കോടി കോളുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ 40 ശതമാനവും ഐ വി ആർ വഴിയുള്ള സ്വയം സേവനങ്ങളാണ്. നാല് ടോൾഫ്രീ നമ്പറുകൾ വഴി വരുന്ന ബാക്കിയുള്ള 60 ശതമാനം കോളുകളും 3600 ഓളം വരുന്ന കോൾ സെന്റർ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്.
Read Also: പുതിയ പെർഫ്യൂം പുറത്തിറക്കി ഇലോൺ മസ്ക്; ഇത് 'ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം'
എന്നാൽ ഉപഭോക്താക്കൾക്ക് സേവനം നൽകുക എന്ന ലക്ഷ്യം മാത്രമല്ല ഈ കോൾ സെന്ററുകൾ ശക്തിപ്പെടുത്തുന്നതിലൂടെ ബാങ്കിന് ഉള്ളത്. ബിസിനസ് ലക്ഷ്യങ്ങൾ നേടിയെടുക്കുകയും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിന്റെ ഉദ്ദേശമാണ്. ഈ കോൾ സെന്ററുകൾ വഴി കൂടുതൽ പേർക്ക് പ്രീ അപ്രൂവ്ഡ് ലോണുകൾ നൽകാൻ കഴിയുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കൾക്ക് അക്കൗണ്ട്, എടിഎം കാർഡ്, ചെക്ക് ബുക്ക്, എമർജൻസി സേവനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് ഈ കോൾ സെന്റർ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്.
അതേസമയം, എസ്ബിഐയുടെ ഭാവന വായ്പ 6 ലക്ഷം കോടി രൂപ കടന്നു. 28 ലക്ഷത്തിലധികം പേരാണ് എസ്ബിഐയിൽ നിന്നും ഭവന വായ്പ എടുത്തിട്ടുള്ളത്. ഈ ഉത്സവ സീസണിൽ ഭവന വായ്പകളിൽ എസ്ബിഐ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 2022 ഒക്ടോബർ 4 മുതൽ 2023 ജനുവരി 31 വരെയുള്ള ഭവന വായ്പകളിൽ 15 ബേസിസ് പോയിന്റ് മുതൽ 30 ബേസിസ് പോയിന്റ് വരെ ഇളവാണ് എസ്ബിഐ നൽകുക. സാധരണ എസ്ബിഐയുടെ ഭാവന വായ്പയുടെ പലിശ നിരക്ക് 8.55 ശതമാനം മുതൽ 9.05 ശതമാനം വരെയാണ്. എന്നാൽ ഉത്സവ സീസണിൽ ഇത് 8.40 ശതമാനം വരെ ആയിരിക്കും. കൂടാതെ 2023 ജനുവരി 31 വരെ പ്രോസസ്സിംഗ് ഫീസിൽ ഇളവുകളും എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.
Read Also: ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാം പണം വാരാം; പലിശ കുത്തനെ കൂട്ടി ഈ പൊതുമേഖലാ ബാങ്ക്