ഡോളറിന് മുൻപിൽ മുട്ടുവിറച്ച് രൂപ; ഇന്ത്യൻ കറന്‍സിക്ക് സംഭവിക്കുന്നതെന്ത്?

By Abhilash G Nair  |  First Published Oct 20, 2022, 3:24 PM IST

''അമേരിക്കയിലേക്ക്  മാത്രം ഉത്പന്ന കയറ്റുമതിയുള്ള ഒരു മലയാളി വ്യവസായി കഴിഞ്ഞ മാസം അമേരിക്കയില്‍ ചെന്നപ്പോള്‍ ‍ ഞെട്ടിപ്പോയി. കച്ചവടം കുറഞ്ഞതോടെ  50 മുതല്‍ 90 ശതമാനം വരെ വിലകുറച്ചാണ് വന്‍കിട റീട്ടയിലുകാര്‍ പുള്ളി നിര്‍മ്മിച്ചു കയറ്റി അയച്ച ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. സംഗതി പന്തിയല്ലെന്ന് ബോധ്യമായതോടെ ആദ്യ വിളി പോയത് കേരളത്തിലേക്കാണ്'' - അഭിലാഷ് ജി നായര്‍ എഴുതുന്നു


ന്‍റെ പൊന്നു രൂപേ.. നീ ഇതെങ്ങോട്ടാ.. എന്ന് ചോദിച്ചു പോകുന്നപോലെയാണ് ഓരോ ദിവസവും വിനിമയ വിപണിയിലെ കാഴ്ചകള്‍. ഡോളറിന്‍റെ മൂല്യം കുതിച്ചുകയറുന്നതനുസരിച്ച് രൂപയിങ്ങനെ താഴോട്ട് പതിക്കുകയാണ്. ഡോളറിന്‍റെ മൂല്യം ഇപ്പോള്‍ 83 മറി കടന്നു, ഇനിയിപ്പോ 85 വരെ പോയേക്കാമെന്നാണ് വിദഗ്ധരൊക്കെ പറയുന്നത്. അതിനിടക്കാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രസ്താവന ട്രോളര്‍മാര്‍ ഏറ്റെടുത്തത്. രൂപയുടെയോ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെയോ തകരാറുകൊണ്ടൊന്നുമല്ല ഇങ്ങനെ സംഭവിക്കുന്നതെന്നായിരുന്നു നിര്‍മ്മലാ ജി പറയാന്‍ ശ്രമിച്ചത്. പക്ഷെ  സംഗതി പാളിപ്പോയി. നിര്‍മ്മലാ ജി പറഞ്ഞതില്‍ ചെറിയ കാര്യമുണ്ടെന്നാണ്  എന്‍റേയും അഭിപ്രായം. പ്രശ്നം രൂപയുടേതല്ല, പക്ഷെ പണി കിട്ടുമ്പോള്‍ വലിയ പണി വരുന്നത്  ഇന്ത്യയ്ക്ക് കൂടിയാണ്. അത് നിര്‍മ്മലാ ജി പറഞ്ഞില്ലെന്നു മാത്രം.  

Latest Videos

undefined

ALSO READ : കാർ വില്പനയെക്കാൾ പെർഫ്യൂം വില്പനയിൽ മാസ്സായി മസ്ക്

ഉക്രൈന്‍ യുദ്ധവും അതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും അമേരിക്കയില്‍ നാണയപ്പെരുപ്പം കൂട്ടിയെന്ന് പറഞ്ഞത് നിര്‍മ്മലാജിയല്ല, ഫെഡറര്‍ റിസര്‍വ്  ചെയര്‍മാന്‍  ജെറോം പവലാണ്. പലിശ കൂട്ടാനായിരുന്നു പവലിന്‍റെ നീക്കം. പൂജ്യം ശതമാനമായിരുന്ന പലിശ ഘട്ടം ഘട്ടമായി ഫെഡറല്‍ റിസര്‍വ് ഉയര്‍ത്തിയതോടെ  ഡോളറിലേക്ക് കൂടുതല്‍ നിക്ഷേപമെത്തി. ബാങ്കുകളിലേക്കടക്കം വന്‍കിട നിക്ഷേപങ്ങള്‍ തിരിച്ചു വരുന്നത് ഡോളറിലാണല്ലോ. അപ്പോള്‍ ലോകമെങ്ങും ഡോളറിനുണ്ടായ ഡിമാന്‍ഡാണ്  രൂപ ഇങ്ങനെ മൂക്കു കുത്തി വീഴാനുള്ള പ്രധാന കാരണം. അതായത് പ്രശ്നം രൂപയുടേതോ ഇന്ത്യയുടേതൊ അല്ല. ഡോളറിന്‍റെ മൂല്യം കുതിച്ചുയരുന്നതാണ് കാരണം. ലോകത്തിലെ പ്രധാന ആറ് കറന്‍സികളെ കണക്കാക്കുന്ന ഡോളര്‍ സൂചിക തന്നെ മറ്റൊരു പ്രധാന തെളിവ് .കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ സൂചിക ഉയരുകയാണ്. അതിനര്‍ഥം യൂറോയും പൗണ്ടുമടക്കം  ലോകത്തിലെ എല്ലാ പ്രധാന കറന്‍സികളേക്കാളും ഡോളര്‍ ശക്തിപ്പെടുകയാണ്. ഡോളറിന്‍റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍  അവര്‍ക്കൊന്നും കഴിയാത്ത സാഹചര്യമാണിപ്പോള്‍. ഇനിയാണ് നിര്‍മ്മലാജി പറയാന്‍ ശ്രമിച്ച പോയിന്‍റ്.   കണക്കുകള്‍ നോക്കിയാല്‍ ഡോളറിനെതിരെ മാത്രമേ രൂപ ഇങ്ങനെ വീഴുന്നുള്ളു. ജപ്പാനിലെ യെന്നിന്‍റെ മുന്നിലോ യൂറോയുടെ മുന്നിലോ ബ്രിട്ടീഷ് പൗണ്ടിന്‍റെ മുന്നിലോ രൂപ ഇങ്ങനെ നിലംപരിശാകുന്നില്ല . ബ്രിട്ടീഷ് പൗണ്ടിനു മുന്നില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രൂപയുടെ മൂല്യം മെച്ചപ്പെട്ടു.   2021 ഒക്ടോബറില്‍ 88.30 രൂപയായിരുന്ന യൂറോ  ഇപ്പോള്‍ 82 രൂപയിലെത്തി. അതായത് ഡോളറൊഴികെ മറ്റ് പ്രധാന ആഗോള കറന്‍സികളുടെ മുന്നില്‍ രൂപ ഇപ്പോഴും കരുത്തു കാട്ടുന്നുണ്ട്. രൂപയ്‌ക്കോ  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കോ പ്രശ്നമൊന്നുമില്ല എന്നു സാരം.  പക്ഷെ ട്രോളര്‍മാര്‍ എയറിലാക്കിയതോടെ നിര്‍മ്മലാജിക്ക് ഇത് പറഞ്ഞു മുഴുമിപ്പിക്കാനായില്ലെന്നു മാത്രം.

ALSO READ: ബാങ്കുകളുടെ പ്രവർത്തന സമയം മാറ്റാൻ നിർദേശം; തിങ്കൾ മുതൽ വെള്ളി വരെ ആയേക്കും

അമേരിക്കയിലേക്ക്  മാത്രം ഉത്പന്ന കയറ്റുമതിയുള്ള ഒരു മലയാളി വ്യവസായി കഴിഞ്ഞ മാസം അമേരിക്കയില്‍ ചെന്നപ്പോള്‍ ‍ ഞെട്ടിപ്പോയി. കച്ചവടം കുറഞ്ഞതോടെ  50 മുതല്‍ 90 ശതമാനം വരെ വിലകുറച്ചാണ് വന്‍കിട റീട്ടയിലുകാര്‍ പുള്ളി നിര്‍മ്മിച്ചു കയറ്റി അയച്ച ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. സംഗതി പന്തിയല്ലെന്ന് ബോധ്യമായതോടെ ആദ്യ വിളി പോയത് കേരളത്തിലേക്കാണ്.  ഉത്പാദനം കുറക്കാനായിരുന്നു നിര്‍ദ്ദേശം. അതോടെ ഇനിയുള്ള മാസങ്ങളില്‍ പ്രതീക്ഷിച്ച കയറ്റുമതി വരുമാനം ഇല്ലെന്നും കമ്പനി ഉറപ്പിച്ചു. അതിനാല്‍ ഡോളറിന്‍റെ മൂല്യം കൂടുന്നതുകൊണ്ട് കയറ്റുമതിക്കാര്‍ക്ക് നേട്ടമൊന്നുമില്ലാത്ത സാമ്പത്തിക സാഹചര്യമാണ് എല്ലായിടത്തും . ഡോളര്‍ ഇങ്ങനെ കുതിച്ചയരുന്നതു മൂലം നമ്മുടെ നാട്ടിലും വിലക്കയറ്റമുണ്ടാകും. രാജ്യത്ത് ആവശ്യമുള്ള ക്രൂഡ് ഓയിലിന്‍റെ 80 ശതമാനവും നമ്മള്‍ ഇറക്കുമതി ചെയ്യുകയാണല്ലോ. ഡോളറിന്‍റെ മൂല്യം കൂടുമ്പോള്‍ ഇറക്കുമതി ചിലവ് സ്വാഭാവികമായും കൂടും. ഗുജറാത്തിലടക്കം തെരഞ്ഞെടുപ്പ് വരാനിരിക്കെ  പെട്രോള്‍ ഡീസല്‍ വില കൂട്ടാതിരിക്കാന്‍ പരമാവധി കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചേക്കും. അങ്ങനെ വന്നാല്‍ എണ്ണക്കമ്പനികളാണ് പ്രതിസന്ധിയിലാകുന്നത്. അവരുടെ നഷ്ടം നികത്താന്‍ വീണ്ടും കേന്ദ്രം പണം നല്‍കേണ്ടി വരും. അത് മറ്റ് വികസന പദ്ധതികളെ ബാധിക്കും. ഫലത്തില്‍ ഉയരുന്ന ഡോളറിന്‍റെ മൂല്യം പല മേഖലകളിലായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല . വിദേശ വായ്പകള്‍ എടുത്തിട്ടുള്ള സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ കമ്പനികളും വെള്ളം കുടിക്കും.  മക്കളെ വിദേശത്തു പഠിപ്പിക്കാനും  പി. ആര്‍. എടുക്കാനും  പെടാപാടുപെടുന്ന രക്ഷകര്‍ത്താക്കള്‍ക്കും ഇപ്പോഴത്തെ സാഹചര്യം വലിയ അധിക ചിലവുണ്ടാക്കുന്നുണ്ട്. ഡോളറിങ്ങനെ ഒരോ ദിവസവും മുന്നോട്ടു പോയാല്‍ ഐടി കമ്പനികള്‍ക്കാവും കോളടിക്കുക. അല്ലേലും ഇപ്പോള്‍  അവരുടെ സമയമല്ലേ.. 

click me!