സോപ്പും ഡിറ്റർജന്റും മുതൽ എഫ്എംസിജി ഉത്പന്നങ്ങൾക്കെല്ലാം വില കുറച്ച് റിലയൻസ്. ഇത് മുകേഷ് അംബാനിയുടെ പയറ്റിത്തെളിഞ്ഞ വിപണന തന്ത്രം
ദില്ലി: കാമ്പ കോളയെ പുനരാരംഭിച്ചുകൊണ്ട് ശീതളപാനീയ വിഭാഗത്തിൽ വിലയുദ്ധം സൃഷ്ടിച്ച ശേഷം, ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എഫ്എംസിജിയുടെ വ്യക്തിഗത, ഹോം കെയർ വിഭാഗത്തിൽ വിലയുദ്ധം ആരംഭിച്ചു. ഉത്പന്നങ്ങൾ 30 മുതൽ 35 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് റിലയൻസ് വാഗ്ദാനം ചെയ്യുന്നു.
ഹിന്ദുസ്ഥാൻ യുണിലിവർ, റെക്കിറ്റ്, നെസ്‌ലെ തുടങ്ങിയ ബ്രാൻഡുകൾ ആധിപത്യം പുലർത്തുന്ന, ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് വിഭാഗത്തിൽ മുൻനിരയിലേക്ക് എത്താനുള്ള റിലയൻസിന്റെ വില്പന തന്ത്രമാണ് ഈ വില കുറയ്ക്കൽ.
റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ (ആർആർവിഎൽ) ഉത്പന്നങ്ങൾ തെരെഞ്ഞെടുത്ത വിപണികളിൽ മാത്രമേ ലഭ്യമാകുകയുള്ളു. ആർസിപിഎൽ അതിന്റെ ഗ്ലിമ്മർ ബ്യൂട്ടി സോപ്പുകൾ, ഗെറ്റ് റിയൽ നാച്ചുറൽ സോപ്പുകൾ, പ്യൂരിക് ഹൈജീൻ സോപ്പുകൾ എന്നിവയ്ക്ക് 25 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. വിപണിയിൽ ഇവയോട് മത്സരിക്കുന്ന ലക്സ് സോപ്പിന്റെ വില 100 ഗ്രാമിന് 35 രൂപയാണ്. ഡെറ്റോൾ സോപ്പിന് 75 ഗ്രാമിന് 40 രൂപയാണ്. സന്തൂർ 100 ഗ്രാമിന് 34 രൂപയുമാണ് വില.
ഡിറ്റർജന്റിന്റെയും വില വളരെ കുറവാണ്. വാഷിങ് മെഷിനിൽ ഉപയോഗിക്കുന്ന സർഫ് എക്സൽ മാറ്റിക്കിന്റെ 2 ലിറ്റർ പായ്ക്കിന് വില 325 രൂപയാണെങ്കിൽ ജിയോ മാർട്ടിൽ ലഭിക്കുന്ന എൻസോ 2 ലിറ്റർ ഡിറ്റർജന്റിന്റെ വില 250 രൂപ മാത്രമാണ്. എൻസോ സോപ്പുപൊടിക്ക് ജിയോ മാർട്ടിൽ 149 രൂപയാണ് വില.
ഡിഷ് വാഷ് വിഭാഗത്തിൽ, 5, 10, 15 രൂപയ്ക്ക് സോപ്പുകളും 10, 30, 45 രൂപയ്ക്ക് ലിക്വിഡ് ജെൽ പായ്ക്കുകളും റിലയൻസ് പുറത്തിറക്കിയിട്ടുണ്ട്. എച്ച് യു എല്ലിന്റെ വിം, ജ്യോതി ലാബിന്റെ എക്സോ, പ്രിൽ, എന്നിവയുമായാണ് റിലയൻസ് മത്സരിക്കുന്നത്. എൻസോ ഡിറ്റർജന്റ് ബാറുകളുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ALSO READ: 9 ശതമാനത്തിന് മുകളിൽ പലിശ; ഫിക്സഡ് ഡെപ്പോസിറ്റിന് വമ്പൻ പലിശയുമായി ഈ മൂന്ന് ബാങ്കുകൾ
ALSO READ: റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തോ? സമയ പരിധി നീട്ടി; ഓൺലൈനായും ഓഫ്‌ലൈനായും ചെയ്യാം