ഒറ്റയടിയ്ക്ക് 65,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ സമ്മതമറിയിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ശുദ്ധോര്‍ജ ഉല്‍പാദന മേഖലയിലാണ് റിലയന്‍സ് നിക്ഷേപം നടത്തുക.
ഭരണം തുടങ്ങി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വമ്പന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ആന്ധ്രയിലെ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍. ഒറ്റയടിയ്ക്ക് 65,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ സമ്മതമറിയിച്ചിരിക്കുന്നതാകട്ടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും. ശുദ്ധോര്‍ജ ഉല്‍പാദന മേഖലയിലാണ് റിലയന്‍സ് നിക്ഷേപം നടത്തുക. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആന്ധ്രാപ്രദേശില്‍ 500 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള തരിശുനിലങ്ങളില്‍ 130 കോടി രൂപ വീതം നിക്ഷേപം ആവശ്യമുള്ള കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റുകള്‍ വികസിപ്പിക്കും. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് ഈ പദ്ധതികള്‍ 250,000 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
റിലയന്‍സിന്‍റെ ക്ലീന്‍ എനര്‍ജി സംരംഭത്തിന് നേതൃത്വം നല്‍കുന്ന അനന്ത് അംബാനിയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന മന്ത്രിസഭയുടെ ഉപസമിതിയുടെ അധ്യക്ഷന്‍ കൂടിയായ ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷും തമ്മില്‍ മുംബൈയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് അന്തിമരൂപമായത്. ജൈവ ഇന്ധന മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി, ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പുതുതായി അവതരിപ്പിച്ച സംയോജിത ശുദ്ധ ഊര്‍ജ്ജ നയത്തിന് കീഴില്‍ നിരവധി ആനുകൂല്യങ്ങള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇത് പ്രകാരം അഞ്ച് വര്‍ഷത്തേക്ക് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റുകളിലെ സ്ഥിര മൂലധന നിക്ഷേപത്തിന് 20 ശതമാനം മൂലധന സബ്സിഡിയും അതേ കാലയളവിലെ സംസ്ഥാന ചരക്ക് സേവന നികുതിയുടെ (എസ്ജിഎസ്ടി) പൂര്‍ണ്ണമായ റീഇംബേഴ്സ്മെന്‍റും ലഭിക്കും.
തൊഴിലിന് പുറമേ തരിശുഭൂമികളെ പുനരുജ്ജീവിപ്പിക്കാനും ജൈവ ഇന്ധന നിര്‍മാണത്തിന് ഉപയോഗിക്കുന്ന വിളകളുടെ കൃഷിയില്‍ പരിശീലനം നല്‍കി കര്‍ഷകരെ സഹായിക്കാനും റിലയന്‍സിന്‍റെ പദ്ധതി സഹായകരമാകും. ഇത് കര്‍ഷകരുടെ വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിക്കും. നേരത്തെ ആന്ധ്രപ്രദേശില്‍ സോളാര്‍, കാറ്റാടി വൈദ്യുതി മേഖലയില്‍ 40,000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റ പവര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്