സോമാറ്റോയും സ്വിഗ്ഗിയും ഇനി പാടുപെടും; ഈ വിപണിയെ നോട്ടമിട്ട് മുകേഷ് അംബാനി, കച്ചകെട്ടി റിലയന്‍സ്

By Web Team  |  First Published Oct 8, 2024, 3:45 PM IST

ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്പീക്കറുകള്‍ തുടങ്ങിയ ചെറിയ ഇലക്ട്രോണിക്സുകളിലേക്കും ജിയോ മാര്‍ട്ട് സേവനം വിപുലീകരിക്കാന്‍ കമ്പനിക്ക്  പദ്ധതികളുണ്ട്.


രാവിലെ അടുക്കളയില്‍ കയറി പാചകം ചെയ്യാന്‍ നോക്കുമ്പോള്‍ അത്യാവശ്യമായി ഒരു സാധനം ഇല്ലെന്ന് മനസിലാക്കുമ്പോള്‍ പണ്ടൊക്കെയാണെങ്കില്‍ അത് കടയില്‍ പോയി വാങ്ങണം. ഇപ്പോഴാണെങ്കില്‍ മൊബൈലില്‍ ഓര്‍ഡര്‍ ചെയ്താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ വീട്ടിലെത്തും. ക്വിക്ക് കൊമേഴ്സ് അഥവാ ദ്രുത വാണിജ്യ സേവനങ്ങള്‍ എന്നറിയപ്പെടുന്ന ഈ ബിസിനസ് രംഗം അതിവേഗത്തിലാണ് ഇന്ത്യയില്‍ വളര്‍ച്ച കൈവരിക്കുന്നത്. സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ്ബാസ്ക്കറ്റ് തുടങ്ങിയവരാണ് നിലവില്‍ രാജ്യത്തെ ക്വിക്ക് കൊമേഴ്സ് മേഖല നിയന്ത്രിക്കുന്നത്. ഈ കമ്പനികള്‍ക്കെല്ലാം വെല്ലുവിളിയുയര്‍ത്തി റിലയന്‍സ് റീട്ടെയിലും ക്വിക്ക് കൊമേഴ്സ് മേഖലയില്‍ സജീവമാകുന്നു.  നവി മുംബൈയിലെയും ബെംഗളൂരുവിലെയും തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ കമ്പനി അതിന്‍റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജിയോമാര്‍ട്ട് വഴി ദ്രുത വാണിജ്യ സേവനം ആരംഭിച്ചുകഴിഞ്ഞു.

തുടക്കത്തില്‍,  രാജ്യവ്യാപകമായി റിലയന്‍സിന്‍റെ 3,000 റീട്ടെയില്‍ സ്റ്റോററുകളില്‍ നിന്നുള്ള പലചരക്ക് സാധനങ്ങള്‍ വില്‍ക്കും. ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്പീക്കറുകള്‍ തുടങ്ങിയ ചെറിയ ഇലക്ട്രോണിക്സുകളിലേക്കും ജിയോ മാര്‍ട്ട് സേവനം വിപുലീകരിക്കാന്‍ കമ്പനിക്ക്  പദ്ധതികളുണ്ട്. റിലയന്‍സ് ഡിജിറ്റല്‍, ട്രെന്‍ഡ്സ്‌ ഔട്ട്ലെറ്റുകള്‍ ഉള്‍പ്പെടെയുള്ള റിലയന്‍സിന്‍റെ നിലവിലുള്ള സ്റ്റോറുകളുടെ ശൃംഖലയിലൂടെ ആയിരിക്കും ദ്രുത വാണിജ്യ സേവനങ്ങള്‍ ലഭ്യമാക്കുക. ഈ മാസം അവസാനത്തോടെ ഇന്ത്യയിലുടനീളം ദ്രുത വാണിജ്യ സേവനങ്ങള്‍ വിപുലീകരിക്കാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്. മിക്ക ഓര്‍ഡറുകളും 10-15 മിനിറ്റിനുള്ളില്‍ വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്, ബാക്കിയുള്ളവ 30 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കും.

Latest Videos

സ്റ്റോറുകളെയോ വെയര്‍ഹൗസുകളെയോ ആശ്രയിക്കുന്ന മറ്റ് ക്വിക്ക് കൊമേഴ്സ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി, റിലയന്‍സ് അതിന്‍റെ നിലവിലുള്ള റീട്ടെയില്‍ സൗകര്യങ്ങള്‍ ഉപയോഗിക്കും. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി ഡെലിവറി ഫീസോ പ്ലാറ്റ്ഫോം ഫീസോ ഈടാക്കില്ല. ഡെലിവറികള്‍ക്ക് അധിക ചാര്‍ജുകള്‍ ഈടാക്കുന്ന ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ്ബാസ്ക്കറ്റ് തുടങ്ങിയവയ്ക്ക് ഇത് തിരിച്ചടിയാണ്. കൂടാതെ ജിയോ മാര്‍ട്ട് സേവനങ്ങള്‍ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ലഭ്യമാക്കും. മറ്റ് ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ ഇതുവരെ പ്രവേശിക്കാത്ത പ്രദേശങ്ങളാണ് ഇത്. രാജ്യത്തെ 1,150 നഗരങ്ങളിലേക്ക് അതിവേഗ വാണിജ്യ സേവനം വ്യാപിപ്പിക്കുക എന്നതാണ് റിലയന്‍സിന്‍റെ ലക്ഷ്യം

click me!