റാസ്കിക്ക് ഗ്ലൂക്കോ എനര്‍ജി എന്ന പേരില്‍ പുതിയ പാനീയവുമായി വിപണിയിലെത്തിയിരിക്കുകയാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്.
പെപ്സി, കൊക്കക്കോള, ടാറ്റ, ഡാബര്‍ എന്നീ വന്‍കിട കമ്പനികള്‍ പാനീയ വിപണിയില്‍ അരങ്ങു വാഴുമ്പോള്‍ മാറിനില്‍ക്കാന്‍ റിലയന്‍സിന് എങ്ങനെ സാധിക്കും. വരാനിരിക്കുന്ന വേനല്‍ക്കാലത്ത് എന്തായാലും പാനീയ വിപണിയിലെ മത്സരം ചൂടേറും. കാരണം റാസ്കിക്ക് ഗ്ലൂക്കോ എനര്‍ജി എന്ന പേരില്‍ പുതിയ പാനീയവുമായി വിപണിയിലെത്തിയിരിക്കുകയാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്. വെറും 10 രൂപയ്ക്കാണ് ഈ പാനീയം റിലയന്‍സ് വിപണിയില്‍ അവതരിപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷമാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ് ലിമിറ്റഡ് പാനീയ ബ്രാന്‍ഡായ റാസ്കിക്കിനെ ഏറ്റെടുത്തത്. തെക്ക് - കിഴക്കന്‍ യൂറോപ്പിലെ കൊക്കക്കോളയുടെ മേധാവിയായിരുന്ന വികാസ് ചൗള 2019 ലാണ് റാസ്കിക്ക് എന്ന പേരിലുള്ള പാനീയ ബ്രാന്‍ഡ് ആരംഭിക്കുന്നത്. ഇതിനെയാണ് കഴിഞ്ഞവര്‍ഷം റിലയന്‍സ് ഏറ്റെടുത്തത്. 2022ല്‍ സമാനമായ രീതിയില്‍ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള പ്യുവര്‍ ഡ്രിങ്ക്സ് ലിമിറ്റഡില്‍ നിന്ന് കാംബ കോളയും റിലയന്‍സ് വാങ്ങിയിരുന്നു. നിലവില്‍ കാംബ കോള 200 മില്ലി പാക്കിന് പത്തുരൂപക്കാണ് റിലയന്‍സാണ് വില്‍ക്കുന്നത്. അതേസമയം കൊക്കക്കോള, പെപ്സി, ഡാബര്‍, ടാറ്റ തുടങ്ങിയവയുടെ സമാന ഉല്‍പ്പന്നങ്ങള്‍ ഇതേ അളവിലുള്ള പാക്കിന് 20 രൂപയാണ് വില.
രാജ്യത്തമ്പാടും റാസ്കിക്ക് ഗ്ലൂക്കോ എനര്‍ജി ലഭ്യമാക്കാന്‍ ആണ് റിലയന്‍സിന്‍റെ പദ്ധതി. 10 രൂപയുടെ പാക്കിന് പുറമേ 750 മില്ലിയുടെ വലിയ ബോട്ടിലും കമ്പനി പുറത്തിറക്കും. മാമ്പഴം, ആപ്പിള്‍, മിക്സഡ് ഫ്രൂട്ട്, കരിക്ക്, എന്നീ വിഭാഗങ്ങളിലാണ് റാസ്കിക്ക് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. രാജ്യത്തെ ആള്‍ക്കഹോള്‍ ഇതര പാനീയ വിപണിയുടെ വാര്‍ഷിക വളര്‍ച്ച 8.7 ശതമാനമാണ്. 20030 ഓടെ വിപണിയുടെ മൊത്തം മൂല്യം 1.47 ലക്ഷം കോടി രൂപയായി ഉയരും എന്നാണ് വിലയിരുത്തല്‍