മുസ്കാൻ അഗർവാൾ ഐ ഐ ഐ ടി ഉനയുടെ ചരിത്രത്തിൽ തന്നെ ഒരു വിദ്യാർഥി നേടുന്ന എക്കാലത്തെയും ഉയർന്ന ശമ്പള പാക്കേജിന്‍റെ റെക്കോർഡ് സൃഷ്ടിച്ചത്
ലഖ്നൗ: ശമ്പളക്കാര്യത്തിൽ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ഐ ഐ ഐ ടി വിദ്യാർഥിനി. പഠിച്ചിറങ്ങുമ്പോൾ തന്നെ വാർഷിക ശമ്പളമായി ഈ പെൺകുട്ടി നേടിയെടുത്തത് 60 ലക്ഷം രൂപയാണ്. കേവലം 21 വയസ് മാത്രമുള്ള ഈ വിദ്യാർഥിനി, ഈ പ്രായത്തിലെ ശമ്പളത്തുകയുടെ കാര്യത്തിൽ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ ഐ ഐ ടി) ഉനയിലെ വിദ്യാർഥിനിയായ മുസ്‌കാൻ അഗർവാളാണ് പഠിച്ചിറങ്ങുമ്പോൾ തന്നെ ലിങ്ക്ഡ് ഇൻ പ്ലാറ്റ്ഫോമിൽ വാർഷിക ശമ്പളം 60 ലക്ഷം ലഭിക്കുന്ന ജോലി നേടികൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
undefined
നാട്ടുകാര് മൊത്തം തൊഴിൽ തിരയുന്ന ലിങ്ക്ഡ് ഇനിലാണ് മുസ്കാൻ, ഈ പ്രായത്തിൽ അവിശ്വസനീയമായ തൊഴിൽ നേടി ചരിത്രം സൃഷ്ടിച്ചത്. ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശിനിയായ മുസ്‌കാൻ ഐ ഐ ഐ ടി ഉനയിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിലാണ് ബിടെക് പൂർത്തിയാക്കിയത്. ഐ ഐ ഐ ടി ഉനയിൽ നിന്നും ക്യാമ്പസ് ഇന്‍റർവ്യൂവിലൂടെയാണ് ഈ വമ്പൻ ജോലി സ്വന്തമാക്കിയത്. മുസ്‌കാൻ അഗർവാൾ ഐ ഐ ഐ ടി ഉനയുടെ ചരിത്രത്തിൽ തന്നെ ഒരു വിദ്യാർഥി നേടുന്ന എക്കാലത്തെയും ഉയർന്ന ശമ്പള പാക്കേജിന്‍റെ റെക്കോർഡ് സൃഷ്ടിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം, ഇന്ത്യയിലെ ഏറ്റവും വലിയ കോഡിംഗ് മത്സരമായ TechGig Geek Goddess 2022 ൽ 69,000 ത്തിലധികം മത്സരാർത്ഥികളെ പിന്നിലാക്കി 1.5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് നേടിയും മുസ്‌കാൻ അഗർവാൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ടെക്‌നോളജി മേഖലയിലെ നേട്ടങ്ങൾ അഗർവാളിനെ ലിങ്ക്ഡ്ഇനിൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയറായി ജോലി ലഭിക്കുന്നതിന് സഹായകമാകുകയും ചെയ്തു. കഴിഞ്ഞ വർഷം ഐ ഐ ഐ ടി ഉനയിൽ നിന്നുള്ള മറ്റൊരു വിദ്യാർഥിനി 47 ലക്ഷം രൂപയുടെ വാർഷിക പാക്കേജ് ഉള്ള ജോലി നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം