നവംബർ ഒന്ന് മുതൽ മൊത്തവ്യാപാര വിഭാഗത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ റുപ്പി പുറത്തിറക്കാൻ ആർബിഐ. പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ ഇന്ന് വിപണിയിൽ എത്തും
ദില്ലി: ഇന്ത്യയുടെ ഡിജിറ്റൽ രൂപ ഇന്ന് വിപണികളിലെത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് രാജ്യത്ത് ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നത്. 2022 നവംബർ 1 മുതൽ ഡിജിറ്റൽ രൂപ വിപണിയിൽ എത്തും എന്ന് ആർബിഐ അറിയിച്ചു.
ഡിജിറ്റൽ കറൻസിയുടെ ഗുണവും ദോഷവും കുറച്ചു കാലമായി റിസർവ് ബാങ്ക് വിലയിരുത്തുന്നുണ്ട്. രാജ്യത്തിൻറെ ഔദ്യോഗിക ഡിജിറ്റൽ കറൻസി ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതിയിലാണെന്ന് ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു. നിലവിലെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തടസ്സം വരാത്ത രീതിയിൽ ആയിരിക്കും ഡിജിറ്റൽ കറൻസി ഇടപാടുകൾ.
ALSO READ : 'ഇന്ത്യയുടെ സ്റ്റീൽ മാൻ' ഓർമ്മയായി; ജംഷീദ് ജെ. ഇറാനിക്ക് വിട നൽകി രാജ്യം
undefined
പരീക്ഷണാടിസ്ഥാനത്തിൽ ഇന്ന് മുതൽ വിപണിയിലെത്തിച്ച ശേഷം ഈ കാലയളവിലെ പഠനവിധേയമാക്കും. ഈ സമയത്ത് നേരിടുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചായിരിക്കും ഭാവിയിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുക. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്‌ബിസി എന്നീ ഒമ്പത് ബാങ്കുകളെനിലവിൽ ഡിജിറ്റൽ രൂപ പരീക്ഷണത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
ഈ സാമ്പത്തിക വർഷത്തിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുമെന്ന് ഫെബ്രുവരിയിലെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ക്രിപ്‌റ്റോകറൻസികൾക്ക് കൂടുതൽ പ്രചാരം വന്നതോടെ ആർബിഐ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനെ കുറിച്ച് നിരവധി ഇതിന് മുന്‍പ് തന്നെ ചർച്ചകൾ ഉണ്ടായിരുന്നു.
സ്വകാര്യ ക്രിപ്‌റ്റോകറൻസികളുമായി ബന്ധപ്പെട്ട അപകടസാധ്യതകളൊന്നുമില്ലാതെ, ഡിജിറ്റൽ കറൻസി ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്താനുള്ള അവസരം ഉപയോക്താക്കൾക്ക് നൽകേണ്ടത് സെൻട്രൽ ബാങ്കിന്റെ ഉത്തരവാദിത്തമാണ് എന്ന് പ്രസ്താവനയില്‍ ആർബിഐ വ്യക്തമാക്കുന്നു.