ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപത്തിന്റെ വിവരങ്ങൾ എങ്ങനെ കണ്ടെത്തും?
അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത് 42,270 കോടി രൂപയാണെന്നാണ് കണക്ക്. 36,185 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ പൊതുമേഖലാ ബാങ്കുകളിലും 6,087 കോടി രൂപ സ്വകാര്യമേഖലാ ബാങ്കുകളിലും ഉണ്ട്. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപത്തിന്റെ വിവരങ്ങൾ എങ്ങനെ കണ്ടെത്തും?
ഡെപ്പോസിറ്റ് എങ്ങനെയാണ് ക്ലെയിം ചെയ്യപ്പെടാത്തത്?
ഒരു നിക്ഷേപം എങ്ങനെയാണ് ക്ലെയിം ചെയ്യപ്പെടാത്തത് എന്ന് ആദ്യം മനസ്സിലാക്കണം. 10 വർഷമായി പ്രവർത്തിപ്പിക്കാത്ത ഏതെങ്കിലും സേവിംഗ്‌സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടിലെ ബാലൻസ്, അല്ലെങ്കിൽ 10 വർഷത്തിലേറെയായി മെച്യൂരിറ്റി തീയതി കടന്ന സ്ഥിരനിക്ഷേപങ്ങൾ ആണ് അവകാശികളില്ലാത്ത നിക്ഷേപമായി കണക്കാക്കുന്നത്. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപത്തിന്റെ വിവരങ്ങൾ നിക്ഷേപകർക്ക് ആർബിഐയുടെ ഉദ്‌ഗം (അൺക്ലെയിംഡ് ഡെപ്പോസിറ്റ്‌സ് ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ) പോർട്ടലിൽ തിരയാവുന്നതാണ്.
എന്താണ് ഉദ്ഗം പോർട്ടൽ?
നിക്ഷേപകർക്ക് അവരുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണാൻ കഴിയുന്ന ഒരു വെബ്‌സൈറ്റാണ് ഉദ്ഗം പോർട്ടൽ. റിസർവ് ബാങ്ക് ഇൻഫർമേഷൻ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് (റെബിറ്റ്), ഇന്ത്യൻ ഫിനാൻഷ്യൽ ടെക്‌നോളജി & അലൈഡ് സർവീസസ് (IFTAS), എന്നിവയുടെ സഹകരണത്തോടെയാണ് ഇതിന്റെ പ്രവർത്തനം.
നേരത്തെ ഏഴ് ബാങ്കുകളുടെ വിശദാംശങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്‌തിരുന്നു, എന്നാൽ ഇപ്പോൾ 30 ബാങ്കുകളുടെ വിവരങ്ങൾ ലഭിക്കും
ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എങ്ങനെ ലഭിക്കും?
1. ആദ്യം വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം.മൊബൈൽ നമ്പർ, പേരിന്റെ ആദ്യഭാഗം, അവസാന നാമം, പാസ്വേഡ്, ക്യാപ്ച തുടങ്ങിയ നിക്ഷേപകന്റെ വിശദാംശങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യുക.
2. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, മുകളിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാനും 30 ബാങ്കുകളിളെ ക്ലെയിം ചെയ്യാത്ത നിക്ഷേപ വിവരങ്ങൾ അറിയാനും സാധിക്കും.