കോർപറേറ്റ് മുതലാളിയിൽ നിന്നും രത്തനെ വ്യത്യസ്തനാക്കിത് എന്ത്; ഇന്ത്യക്കാർ ടാറ്റയെ സ്നേഹിക്കാനുള്ള കാരണം ഇതോ...

By Web Team  |  First Published Oct 10, 2024, 5:23 PM IST

140 കോടി ജനങ്ങള്‍ക്കിടയില്‍ നിരവധി ബിസിനസുകാരുണ്ട്. പക്ഷെ ഈ 140 കോടി ജനങ്ങളും ഒരു പോലെ ഒരു ബിസിനസുകാരനേയും ഇത്രയധികം സ്നേഹിച്ചിട്ടുണ്ടാകില്ല.


സോഷ്യല്‍ മീഡിയയിലെല്ലാം അന്തരിച്ച രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള കുറിപ്പുകളാണ്. ഇന്നു വരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹം വിട പറയുമ്പോള്‍ ഒരു വേദന എന്ന് പലരും കുറിക്കുന്നു. 140 കോടി ജനങ്ങള്‍ക്കിടയില്‍ നിരവധി ബിസിനസുകാരുണ്ട്. പക്ഷെ ഈ 140 കോടി ജനങ്ങളും ഒരു പോലെ ഒരു ബിസിനസുകാരനേയും ഇത്രയധികം സ്നേഹിച്ചിട്ടുണ്ടാകില്ല.സാധാരണ ബിസിനസുകാരെ പോലെ ലാഭത്തിന്‍റെ മാത്രം പിന്നാലെ ഓടിയില്ല എന്നത് തന്നെയാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. പകരം വരുമാനത്തിന്‍റെ ഗണ്യമായൊരു ഭാഗവും അദ്ദേഹം നീക്കി വച്ചത് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യ സേവന സംഘടനകളിലൊന്നായി ടാറ്റ ട്രസ്റ്റിനെ വളര്‍ത്തിയെടുത്തത് രത്തന്‍ ടാറ്റയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, സുസ്ഥിര ജീവിതം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമായി അദ്ദേഹം മുന്‍കൈയെടുത്തു. ഇന്ത്യ കോവിഡിനെതിരെ പോരാടുമ്പോള്‍ അദ്ദേഹം 500 കോടി രൂപയാണ് സംഭാവന ചെയ്തത്. കേരളത്തില്‍ കാസര്‍കോഡും ഇതിന്‍റെ ഭാഗമായി ടാറ്റ ആശുപത്രി പണിതിരുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അദ്ദേഹം കൈയയച്ചു സഹായം നല്‍കി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, വിവിധ ഐഐഎം കാമ്പസുകള്‍ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ടാറ്റ ട്രസ്റ്റ് ധനസഹായം നല്‍കിയിട്ടുണ്ട്. മുംബൈയിലെ 26/11 ആക്രമണത്തിന് ശേഷം, ഇരകളെയും അവരുടെ കുടുംബങ്ങളെയും പുനരധിവസിപ്പിക്കാനും സഹായിക്കുന്നതിനായി രത്തന്‍ ടാറ്റ 'താജ് പബ്ലിക് സര്‍വീസ് വെല്‍ഫെയര്‍ ട്രസ്റ്റ് സ്ഥാപിച്ചു. താജ് ഹോട്ടലിലുണ്ടായ ആക്രമണത്തിന്‍റെ ഇരകള്‍ക്ക് അദ്ദേഹം നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. തെരുവ് നായകളോട് പോലും രത്തന്‍ ടാറ്റ കരുണ കാണിച്ചു.ബോംബെ ഹൗസിലുള്ള ടാറ്റ സണ്‍സിന്‍റെ ആസ്ഥാനത്തും തെരുവ് നായ്ക്കളെ പരിചരിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest Videos

ബിസിനസുകാരനെന്നതിലുപരി മനുഷ്യ സ്നേഹിയായി അറിയപ്പെട്ടതുകൊണ്ടാണ് രാജ്യം രത്തന്‍ ടാറ്റക്ക് ഉന്നത സിവിലിയന്‍ പുരസ്കാരങ്ങള്‍ നല്‍കിയത്. 2000 ല്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സര്‍വകലാശാലകളില്‍ നിന്ന് ഓണററി ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ വിട വാങ്ങുമ്പോള്‍ നഷ്ടം ബിസിനസ് ലോകത്തിന് മാത്രമല്ല, മറിച്ച് മഹത്തായ ഒരു മനുഷ്യ സ്നേഹിയുടെ ഇടം കൂടിയാണ് ശൂന്യമാകുന്നത്.

click me!