ആകാശത്തിലും ഭൂമിയിലും ടാറ്റയുടെ സാന്നിധ്യമറിയിച്ച് അദ്ദേഹം വിടവാങ്ങുമ്പോള്‍ പരമാവധി ലാഭം എന്ന ബിസിനസ് മന്ത്രത്തെ അവഗണിച്ച് പരമാവധി സേവനം എന്നതിനെ ജീവിത ലക്ഷ്യമാക്കി മാറ്റിയ വ്യക്തിത്വം കൂടിയാണ് മറയുന്നത്.
ആഗോള ബിസിനസ് രംഗത്ത് ടാറ്റയെന്നാല്‍ ഇന്ത്യന്‍ കമ്പനി മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെ നിന്ന് ടാറ്റയെ ആഗോള കമ്പനിയാക്കിയത് രത്തന്‍ ടാറ്റയായിരുന്നു. 5 ബില്യണ്‍ ഡോളറില്‍ നിന്ന് 100 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള, നൂറ് രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാക്കി മാറ്റിയ രത്തന്‍ ടാറ്റയുടെ ദീര്‍ഘ വീക്ഷണം കോര്‍പ്പറേറ്റ് ലോകത്തിന് തന്നെ ഉള്‍ക്കാഴ്ച നല്‍കി.1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പിനെ നയിച്ച വ്യക്തിയെന്ന നിലയില്‍, രത്തന്‍ ടാറ്റയുടെ ജീവിതം എന്നത് ഉയര്‍ന്ന ബിസിനസ്സ് നേട്ടങ്ങള്‍ മാത്രമല്ല, 'ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും' ഒന്നാം സ്ഥാനം നല്‍കാനുള്ള ധാര്‍മ്മികതയില്‍ ആഴത്തില്‍ വേരൂന്നിയ ഒന്ന് കൂടിയായിരുന്നു.
1961-ല്‍ ടാറ്റ ഗ്രൂപ്പിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രവേശനം ഉന്നത സ്ഥാനത്തേക്കായിരുന്നില്ല. താഴെത്തട്ടിലുള്ളവര്‍ക്കൊപ്പമുള്ള ജോലി ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചയ്ക്ക് കരുത്ത് പകരുന്ന ആളുകളെക്കുറിച്ച് സവിശേഷമായ ഒരു ധാരണ അദ്ദേഹത്തിന് നല്‍കി. ജെആര്‍ഡി ടാറ്റയുടെ പിന്‍ഗാമിയായി 1991-ല്‍ രത്തന്‍ ടാറ്റ, ടാറ്റ സണ്‍സിന്‍റെ ചെയര്‍മാനായി ചുമതലയേറ്റു. അക്കാലത്ത്, ടാറ്റ ഗ്രൂപ്പ് ഏകദേശം 5 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ഒരു ഇന്ത്യന്‍ കമ്പനി മാത്രയായിരുന്നു. 2012-ല്‍ അദ്ദേഹം വിരമിച്ചപ്പോഴേക്കും ടാറ്റ ഗ്രൂപ്പ് 100 ബില്യണ്‍ ഡോളറിന്‍റെ വരുമാനമുള്ള കമ്പനിയായി വികസിച്ചിരുന്നു. ഇന്ന്, സ്റ്റീല്‍, ഓട്ടോമൊബൈല്‍ മുതല്‍ ഐടി സേവനങ്ങള്‍, വരെയുള്ള വ്യവസായങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള ടാറ്റ ഗ്രൂപ്പ് 100-ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
undefined
കടല്‍ കടന്ന ടാറ്റ
വിദേശ രാജ്യങ്ങളിലേക്കുളള ടാറ്റയുടെ പ്രവേശനത്തില്‍ അദ്ദേഹത്തിന്‍റെ സമീപനം ധീരമായിരുന്നു. ആഗോളതലത്തില്‍ ടാറ്റ പല കമ്പനികളെയും ഏറ്റെടുത്തപ്പോള്‍ ഉയര്‍ന്നത് ഇന്ത്യയുടെ പ്രതിച്ഛായ കൂടിയാണ്. ഇതില്‍ എപ്പോഴും ശ്രദ്ധേയമായത് ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ടാറ്റ വാങ്ങിയതായിരുന്നു. ബ്രിട്ടീഷുകാരുടെ അഭിമാനമായിരുന്ന വാഹന നിര്‍മാണ കമ്പനി ഇന്ത്യയുടേതായി മാറിയപ്പോള്‍ നൂറ്റാണ്ടുകള്‍ ഇന്ത്യയെ അടക്കിഭരിച്ച ഇംഗ്ലീഷുകാരോടുള്ള മധുര പ്രതികാരമായാണ് അതിനെ ലോകം വിലയിരുത്തിയത്.2.3 ബില്യണ്‍ ഡോളറിന് ആണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ടാറ്റ ഏറ്റെടുത്തത്. ടാറ്റ മോട്ടോഴ്സിനെ ഒരു ആഗോള ബ്രാന്‍റാക്കി മാറ്റുന്നതിനും ഇത് വഴി സാധിച്ചു.
ഇത് മാത്രമല്ല ബ്രിട്ടനിലെ രണ്ട് പ്രധാനപ്പെട്ട കമ്പനികളെയും ടാറ്റ ഏറ്റെടുത്തിട്ടുണ്ട്. 2000ത്തില്‍ 450 മില്യണ്‍ ഡോളറിന് ബ്രിട്ടീഷ് തേയില ഭീമനായ ടെറ്റ്ലിയെ വാങ്ങി ആഗോള പാനീയ വിപണിയിലേക്ക് ടാറ്റ പ്രവേശിച്ചു. 2007ല്‍ ബ്രിട്ടീഷ് - ഡച്ച് സ്റ്റീല്‍ കമ്പനിയായ കോറസിനെ 13 ബില്യണ്‍ ഡോളറിന് ടാറ്റ സ്റ്റീല്‍ ഏറ്റെടുത്തു. ഇത് വഴി ടാറ്റയെ ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളില്‍ ഒന്നാക്കി മാറ്റിയതും രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലാണ്.
ടാറ്റയുടെ അഭിമാനമായിരുന്ന എയര്‍ ഇന്ത്യ തിരിച്ച് ടാറ്റ ഗ്രൂപ്പിന്‍റെ കീഴില്‍ തന്നെ തിരിച്ചെത്തുന്നത് കണ്ടാണ് രത്തന്‍ ടാറ്റയുടെ മടക്കം. ആകാശത്തിലും ഭൂമിയിലും ടാറ്റയുടെ സാന്നിധ്യമറിയിച്ച് അദ്ദേഹം വിടവാങ്ങുമ്പോള്‍ പരമാവധി ലാഭം എന്ന ബിസിനസ് മന്ത്രത്തെ അവഗണിച്ച് പരമാവധി സേവനം എന്നതിനെ ജീവിത ലക്ഷ്യമാക്കി മാറ്റിയ വ്യക്തിത്വം കൂടിയാണ് മറയുന്നത്.