ഒരേസമയം മറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നത് കണ്ടത്തിയതിനെ തുടർന്ന് 300 ജീവനക്കാരെ വിപ്രോ പുറത്താക്കിയിരുന്നു. കമ്പനികളുടെ നയത്തെ എതിർത്തിരിക്കുകയാണ് കേന്ദ്രം
ദില്ലി: ഒരേ സമയം ഒന്നിൽ കൂടുതൽ കമ്പനികളിൽ ജോലി ചെയ്യാൻ പാടില്ലെന്ന ടെക് കമ്പനികളുടെ നയത്തിനോട് വിയോജിച്ച് കേന്ദ്രം. മൂൺലൈറ്റിംഗ് എന്നറിയപ്പെടുന്ന ഈ സംവിധാനം വഞ്ചനയാണെന്ന് പ്രമുഖ ഐടി കമ്പനികളായ ഇൻഫോസിസും വിപ്രോയും അടക്കം വ്യക്തമാക്കിയിരുന്നു. എന്നാൽ മൂൺലൈറ്റിംഗിനെ അനുകൂലിച്ച് രംഗത്തിയിരിക്കുകയാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
Read Also: 'ഈ പണി ഇവിടെ നടക്കില്ല'; ജീവനക്കാരെ പുറത്താക്കി വിപ്രോ
ഒരു സമയം ഒരു കമ്പനിയുടെ ജീവനക്കാരനായിരിക്കെ മറ്റു കമ്പനികളിൽ ജോലി ചെയ്യരുതെന്ന് പ്രമുഖ ഐടി സ്ഥാപനങ്ങളായ ഇൻഫോസിസും വിപ്രോയും ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം വിപ്രോയിൽ മുഴുവൻ സമയ തൊഴിലാളി ആയിരിക്കെ മറ്റ് 7 കമ്പനികളിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിപ്രോ 300 ജീവനക്കാരെ പുറത്താക്കിയിരുന്നു.
ഇന്നത്തെ യുവത്വത്തിന് അവരുടെ കഴിവുകളിൽ വിശ്വാസമുണ്ട്. അതിൽ നിന്നും കൂടുതൽ ധനസമ്പാദനം നടത്താനുള്ള ലക്ഷ്യബോധവും ആത്മവിശ്വാസവും ഉണ്ട്. അതിനാൽ ഒരേ സമയം ഒന്നിൽ കൂടുതൽ ജോലി ചെയ്യുന്നെന്ന് ആരോപിച്ച് അതിൽ നിന്നും പിന്തിരിപ്പിക്കാനുള്ള കമ്പനികളുടെ ശ്രമങ്ങൾ പരാജയപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്നാൽ ജീവനക്കാർ മറ്റ് തൊഴിൽ കരാർ വ്യവസ്ഥകൾ ലഘിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആദ്യമായാണ് മൂൺലൈറ്റിനിനെ കുറിച്ച് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഒരു വിശദീകരണം ഉണ്ടാകുന്നത്.
Read Also: വിളച്ചിലെടുത്താൽ പണി പോകും; രണ്ടു വള്ളത്തിൽ കാലിടേണ്ട എന്ന് ഇൻഫോസിസ്
ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ഐബിഎം എന്നിവയുൾപ്പെടെയുള്ള പ്രമുഖ ഐടി സ്ഥാപനങ്ങൾ എല്ലാം തന്നെ മൂൺലൈറ്റിംഗിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. അതേസമയം ജീവനക്കാർ തങ്ങളുടെ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും നിലനിർത്തിയാൽ മൂൺലൈറ്റിംഗ് ആകാം എന്ന് ടെക് മഹീന്ദ്രയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി പി ഗുർനാനി പറഞ്ഞു.