ഇ കോമേഴ്‌സ് പ്ലാറ്റഫോമായ ആമസോണിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശം. തട്ടിപ്പിന്റെ വഴികള്‍ ഇങ്ങനെ
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ തരത്തിലുള്ള ടാസ്‌ക് അടിസ്ഥാനത്തിലുള്ള നിക്ഷേപ തട്ടിപ്പുകളാണ് നടക്കുന്നത്. ഇപ്പോഴിതാ പാർട് ടൈം ചെയ്ത് പണം നേടാമെന്നുള്ള മോഹവാഗ്ദാനത്തില്‍ കുടുങ്ങിയ പൂനെയിലെ ഒരു അസിസ്റ്റന്റ് പ്രൊഫസറിന് നഷ്ടമായത് 21 ലക്ഷം രൂപയാണ്.
വാട്സാപ്പിലൂടെ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശമാണ് 42 കാരനായ അസിസ്റ്റന്റ് പ്രൊഫസർ സച്ചിദാനന്ദ് രാംദാസ് സത്പുട്ടിന് ലഭിച്ചത്. ഇ കോമേഴ്‌സ് പ്ലാറ്റഫോമായ ആമസോണിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശമായിരുന്നു അത്. ഈ മെസേജിൽ രേഖാ രഞ്ജൻ എന്ന പേരുള്ള ഒരു വ്യക്തിയുടെ വിവരങ്ങളും മൊബൈൽ നമ്പറും നൽകിയിരുന്നു.
പാർട്ട് ടൈം ജോലി ആയതിനാൽ തന്നെ ഓഫറിനെക്കുറിച്ച് കൂടുതലറിയാൻ സച്ചിദാനന്ദ് ആ നമ്പറിൽ ബന്ധപ്പെട്ടു. തന്റെ സ്ഥാപനം ആമസോണുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്നും അവരുടെ വെബ്‌സൈറ്റ് വഴി ഓർഡറുകൾ നൽകുന്നതിന് കമ്മീഷനുകൾ നൽകുമെന്നും അവരറിയിച്ചു.
ഇതൊരു നിയമാനുസൃതമായ ഓഫറാണെന്നും കുറച്ച് അധിക പണം സമ്പാദിക്കാമെന്ന പ്രതീക്ഷയിലും സച്ചിദാനന്ദ് ഈ ഓഫർ സ്വീകരിച്ചു. തുടർന്ന് കൂടുതൽ വിവരങ്ങളറിയാൻ ടെലിഗ്രാമിൽ ചേരാൻ അവർ നിർദ്ദേശിച്ചു. ജോലിക്കായി ടെലിഗ്രാമിൽ പ്രൊഫൈൽ ഉണ്ടാക്കാനായി സച്ചിദാനന്ദിനോട് 1,000 രൂപ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ അതിനുശേഷം, സച്ചിദാനന്ദിന് 1,300 രൂപ തിരികെ ലഭിച്ചു, ആദ്യത്തെ കമ്മീഷനൊപ്പം പണം തിരികെ നല്കിയതായിരുന്നു അത്. ഇതിലൂടെ അദ്ദേഹത്തിന്റെ വിശ്വാസ്യത നേടാനുമായി.
പിന്നീട്, മറ്റൊരു ടെലിഗ്രാം ഉപയോക്താവായ രാജുവിന് സച്ചിദാനന്ദിനെ പരിചയപ്പെടുത്തി അദ്ദേഹം ജോലികൾ വിശദീകരിച്ചു. ശ്രദ്ധാപൂർവം അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും വിവിധ ജോലികൾ പൂർത്തിയാക്കുകയും ചെയ്തു അദ്ദേഹം. ആദ്യം 2000 പിന്നീട് 3000 എന്നിങ്ങനെ നിക്ഷേപം നടത്തി. തുടർന്ന് അദ്ദേഹത്തിന് ടെലിഗ്രാം അക്കൗണ്ടിൽ യഥാക്രമം 3000 രൂപയും 6500 രൂപയും ലഭിച്ചു. ഇങ്ങനെ അദ്ദേഹത്തിന്റെ വരുമാനം വളർന്നു, ഒടുവിൽ 6.75 ലക്ഷം രൂപയിലെത്തി. കാര്യമായ ലാഭം കിട്ടിയെന്ന് വിശ്വസിച്ച് പണം പിൻവലിക്കാൻ തീരുമാനിച്ചു. എന്നാൽ വരുമാനം പിൻവലിക്കുന്നതിന് മുമ്പ് കൂടുതൽ ജോലികൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് തട്ടിപ്പുകാരൻ അറിയിച്ചു. പിന്നീട് പണം തിരിച്ചുകിട്ടാതായി. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് അദ്ദേഹത്തിന് പിന്നീട് മനസ്സിലായി.
തുടർന്ന് പോലീസിൽ പരാതിപ്പെടുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 പ്രകാരം വഞ്ചന കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം