കേരളത്തിന് അഭിമാന നിമിഷം, വമ്പൻ യുഎസ് കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് തുറന്നു; വലിയ സാധ്യതയെന്ന് മന്ത്രി

By Web Team  |  First Published Aug 3, 2024, 8:00 AM IST

അര്‍മഡയുടെ ഓഫീസ് തുറക്കുന്നതിന് ഇന്ത്യയിലെ പല സ്ഥലങ്ങളും പരിഗണിച്ചിരുന്നുവെന്നും മികച്ച എഞ്ചിനീയറിംഗ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളതിനാലാണ് കേരളത്തെ തെരഞ്ഞെടുത്തതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച അര്‍മഡ സ്ഥാപക ചീഫ് ടെക്നോളജി ഓഫീസര്‍ പ്രദീപ് നായര്‍ പറഞ്ഞു


തിരുവനന്തപുരം: എഡ്ജ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ഉല്‍പന്നങ്ങളിലെ മുന്‍നിരയിലുള്ള യുഎസ് കമ്പനിയായ അര്‍മഡയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് ടെക്നോപാര്‍ക്കില്‍ തുറന്നു. ലോകമെമ്പാടുമുള്ള ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതിന് തങ്ങളുടെ വിഭവശേഷി പ്രയോജനപ്പെടുത്താനാണ് അര്‍മഡ ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഓഫീസ് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

അര്‍മഡ സ്ഥാപക ചീഫ് ടെക്നോളജി ഓഫീസര്‍ പ്രദീപ് നായര്‍ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം. മുഹമ്മദ് ഹനീഷ്, ഐ ആന്‍ഡ് പിആര്‍ഡി സെക്രട്ടറിയും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), അര്‍മഡ എന്‍ജിനീയറിങ് വൈസ് പ്രസിഡന്‍റ് അനീഷ് സ്വാമിനാഥന്‍, അര്‍മഡയുടെ ഇന്ത്യയിലെ ആര്‍ ആന്‍ഡ് ഡി വിഭാഗം മേധാവി ശരത് ചന്ദ്രന്‍, ടെക്നോപാര്‍ക്കിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Latest Videos

undefined

ലൈഫ് സയന്‍സ്, പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സംസ്ഥാനത്തെ ഹബ്ബായ തിരുവനന്തപുരത്തിന് ഈ മേഖലകളിലെ സാങ്കേതിക വികസനത്തിന് വലിയാ സാധ്യതയാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ഇതിന് പ്രചോദനമേകാന്‍ അര്‍മഡയ്ക്ക് സാധിക്കും. അര്‍മഡയുടെ ഇന്ത്യയിലെ ആദ്യത്തെ ഗവേഷണ-വികസന കേന്ദ്രമാണ് തിരുവനന്തപുരത്തേത്. മള്‍ട്ടി നാഷണല്‍ കമ്പനികളെയും വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളി ഐടി പ്രൊഫഷണലുകളെ കേരളത്തിലെ ഐടി മേഖലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനത്തിന്‍റെയും അംബാസഡറാകാന്‍ അര്‍മഡയ്ക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അവസരങ്ങള്‍ക്കു പുറമേ എഐ മേഖലയിലെ നിക്ഷേപത്തിന് സംസ്ഥാനത്ത് വലിയ സാധ്യതകളാണുള്ളതെന്ന് എപിഎം. മുഹമ്മദ് ഹനീഷ് പറഞ്ഞു.

അര്‍മഡയുടെ ഓഫീസ് തുറക്കുന്നതിന് ഇന്ത്യയിലെ പല സ്ഥലങ്ങളും പരിഗണിച്ചിരുന്നുവെന്നും മികച്ച എഞ്ചിനീയറിംഗ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളതിനാലാണ് കേരളത്തെ തെരഞ്ഞെടുത്തതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച അര്‍മഡ സ്ഥാപക ചീഫ് ടെക്നോളജി ഓഫീസര്‍ പ്രദീപ് നായര്‍ പറഞ്ഞു. അര്‍മഡയുടെ ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് തിരുവനന്തപുരം ടെക്നോപാര്‍ക്ക് കാമ്പസില്‍ തുറക്കുന്നതിലൂടെ ടെക്നോപാര്‍ക്കിനോടും കേരളത്തോടുമുള്ള ബന്ധം പ്രഖ്യാപിക്കാനാകുന്നതില്‍ സന്തോഷമുണ്ട്. 

ലോകോത്തര നിലവാരമുള്ള ഹരിത കാമ്പസ് അന്തരീക്ഷം, സമഗ്രമായ പിന്തുണാ സേവനങ്ങള്‍, ചുരുങ്ങിയ ചെലവ്, ഉയര്‍ന്ന നൈപുണ്യമുള്ള ജീവനക്കാര്‍ എന്നിവയാല്‍ ടെക്നോപാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ഐടി ലക്ഷ്യസ്ഥാനമായി നിലകൊള്ളുന്നു. അര്‍മഡയുടെ ഇന്ത്യയിലെ ഗവേഷണ-വികസന കേന്ദ്രത്തിന് അനുയോജ്യമായ സ്ഥലമാണിത്. ടെക്നോപാര്‍ക്ക് അധികൃതര്‍ ബന്ധപ്പെടുകയും അവരുടെ പിന്തുണയോടെ ഓഫീസ് ആരംഭിച്ച് മുന്നോട്ടുപോകാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിലിക്കണ്‍ വാലിയിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് പ്രതിഭകളുമായി സഹകരിക്കാന്‍ കേരളത്തിലെ വളര്‍ന്നുവരുന്ന എഞ്ചിനീയറിംഗ് പ്രതിഭകളെ പ്രാപ്തരാക്കുക എന്നതാണ് പ്രദീപ് നായരുടെ കാഴ്ചപ്പാട്. അതിനൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ഐടി പ്രൊഫഷണലുകളെ സ്വന്തം സംസ്ഥാനത്തിലേക്ക് മടങ്ങാനും, അത്യാധുനിക സാങ്കേതിക ഉല്‍പ്പന്നങ്ങളുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും അര്‍മഡ ലക്ഷ്യമിടുന്നു.

മികച്ച കണക്ടിവിറ്റിക്കു പുറമേ കടല്‍, ബഹിരാകാശ വ്യവസായ മേഖലകളിലെ അനന്തസാധ്യതകളും തിരുവനന്തപുരത്തെ തന്ത്രപ്രധാന ഇടമായി മാറ്റുന്നുവെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു. മികച്ച ഐടി ആവാസവ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും ടെക്നോപാര്‍ക്കിലെ മറ്റ് 490 ലേറെ കമ്പനികള്‍ക്കൊപ്പം അര്‍മഡയുടെയും വിപുലീകരണത്തിന് സഹായിക്കുമെന്നും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അര്‍മഡയുടെ മുന്‍നിര ഉല്‍പ്പന്നങ്ങളില്‍ എഡ്ജ്, ഫുള്‍-സ്റ്റാക്ക് മോഡുലാര്‍ ഡാറ്റ സെന്‍റര്‍ സൊല്യൂഷന്‍ - ഇന്‍ഡസ്ട്രി ലീഡിങ് കമ്പ്യുട്ട് റിമോട്ട് സൈറ്റ്സ് ഇന്‍ എ റഗ്ഗഡൈസ്ഡ്, മൊബൈല്‍ ഫോം ഫാക്ടര്‍, എഡ്ജ് എഐ ആപ്ലിക്കേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അടുത്തിടെ, എം12 (മൈക്രോസോഫ്റ്റിന്‍റെ വെഞ്ച്വര്‍ ഫണ്ട്) നേതൃത്വത്തിലുള്ള 40 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് റൗണ്ട് അര്‍മഡ പ്രഖ്യാപിച്ചു. ആകെ തുക 100 മില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ചെയ്തു. സ്റ്റാര്‍ലിങ്കുമായി ആഴത്തിലുള്ള സഹകരണമുള്ള അര്‍മഡ ഹാലിബര്‍ട്ടണ്‍, അവെവ, സ്കൈഡിയോ എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുമായും അടുത്തിടെ പങ്കാളിത്തം ഒപ്പുവച്ചു. നിരവധി പുതിയ കമ്പനികളുടെ വരവോടെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളൊരുക്കി ആഗോള സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്ന പ്രധാന ലക്ഷ്യസ്ഥാനമെന്ന പദവി ടെക്നോപാര്‍ക്ക് ഊട്ടിയുറപ്പിക്കുന്നു.

അർജുന്‍റെ ഭാര്യക്ക് ബാങ്കിൽ ജോലി, വയനാട്ടില്‍ 120 ദിവസം കൊണ്ട് 11 കുടുംബങ്ങൾക്ക് വീട്; പ്രഖ്യാപനവുമായി ബാങ്ക്

കൈ കാണിച്ചിട്ടും നിർത്താതെ പാഞ്ഞ് സ്കൂട്ടർ, പിന്നാലെ കുതിച്ച് എക്സൈസും; പരിശോധിച്ചപ്പോൾ കണ്ടത് നോട്ടുകെട്ടുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!