4000 കോടിയുടെ നഷ്ടം! ബൈജൂസിലെ നിക്ഷേപം, തിരിച്ചടി നേരിട്ട് ഈ സ്ഥാപനം; ഇത് പൂജ്യം മൂല്യത്തിലേക്കുള്ള തകർച്ചയോ?

By Web Team  |  First Published Jun 24, 2024, 6:19 PM IST

ആഗോള നിക്ഷേപ സ്ഥാപനമായ പ്രോസസ് ഏകദേശം 4,150 കോടി രൂപ ബൈജുവിൽ നിക്ഷേപിച്ചിരുന്നു. ഈ  നിക്ഷേപത്തിൽ  4000 കോടി രൂപയുടെ നഷ്ടമാണ് പ്രോസസിനുണ്ടായത്.


പ്രതിസന്ധിയിലായ എജ്യൂടെക് കമ്പനിയായ ബൈജൂസിലെ 9.6 ശതമാനം ഓഹരിയുടെ മൂല്യം എഴുതിത്തള്ളിയതായി ഡച്ച് ആസ്ഥാനമായ ആഗോള നിക്ഷേപ സ്ഥാപനമായ പ്രോസസ്. പ്രോസസ് ഏകദേശം 4150 കോടി രൂപ ബൈജുവിൽ നിക്ഷേപിച്ചിരുന്നു. ഈ  നിക്ഷേപത്തിൽ  4000 കോടി രൂപയുടെ നഷ്ടമാണ് പ്രോസസിനുണ്ടായത്. ബൈജൂസിലെ പ്രോസസിന്റെ നിക്ഷേപ മൂല്യം പൂജ്യമായി കണക്കാക്കിയത്  ബൈജൂസിന്റെ മൂല്യനിർണയത്തിന് വലിയ തിരിച്ചടിയാകും.    നിലവിൽ ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.   കമ്പനിയുടെ സാമ്പത്തിക സ്ഥിതി, ബാധ്യതകൾ, ഭാവി വീക്ഷണം എന്നിവയെക്കുറിച്ചുള്ള മതിയായ വിവരങ്ങൾ ഇല്ലാത്തതിനാലാണ്   ബൈജുവിനെ തരംതാഴ്ത്തിയതെന്ന് പ്രോസസ് വക്താവ് പറഞ്ഞു. മറ്റ്  പ്രമുഖ ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ സ്വിഗ്ഗി, മീഷോ, എറുഡിറ്റസ് എന്നിവയിലെല്ലാം പ്രോസസ് നിക്ഷേപം നടത്തിയിട്ടുണ്ട്.

പ്രധാനപ്പെട്ട പല നിക്ഷേപകരും ബൈജൂസിലെ നിക്ഷേപ മൂല്യം പൂജ്യമായാണ് കണക്കാക്കിയിരിക്കുന്നത്.  കമ്പനികളുടെ മൂല്യനിർണ്ണയം അതിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രനെയും ബാധിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറക്കിയ ഫോബ്‌സ് ബില്യണയർ ഇൻഡക്‌സ് 2024 അനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി പൂജ്യമായി കുറഞ്ഞു. കടുത്ത പ്രതിസന്ധിക്കിടെ സുപ്രധാന സ്ഥാനങ്ങളിലുള്ളവർ രാജി വയ്ക്കുന്നതും ബൈജൂസിന് തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ അജയ് ഗോയൽ കമ്പനി വിട്ടിരുന്നു, തുടർന്ന് ഈ വർഷം ഏപ്രിലിൽ ബൈജൂസ് ഇന്ത്യ  സിഇഒ അർജുൻ മോഹനും രാജിവച്ചു.   ഉപദേശക സമിതി അംഗങ്ങളായ  രജനിഷ് കുമാറും മോഹൻദാസ് പൈയും കഴിഞ്ഞ മാസം രാജി പ്രഖ്യാപിച്ചിരുന്നു.  ജൂൺ 30ന് അവസാനിക്കുന്ന കരാർ പുതുക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.

Latest Videos

കോവിഡിന് ശേഷം ഓൺലൈൻ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാന്ദ്യമാണ് ബൈജൂസിന് തിരിച്ചടിയായത്.   ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും ചേർന്ന് സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി വലിയ തോതിലുള്ള വിദേശ നിക്ഷേപം പലപ്പോഴായി നേടിയിരുന്നു.2011 നും 2023 നും ഇടയിൽ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ബൈജൂസിന് ലഭിച്ചു. ഏതാണ്ട് 1.8 ലക്ഷം കോടി മൂല്യമുള്ള കമ്പനിയായി വളർന്ന ബൈജൂസിന്റെ തകർച്ച വളരെ പെട്ടെന്നായിരുന്നു.

tags
click me!