റിസ്കില്ലാതെ സുരക്ഷിതമായ നിക്ഷേപത്തിലൂടെ പ്രതിമാസ വരുമാനം ഉറപ്പിക്കാം. ഉയർന്ന പലിശ നൽകുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി. പലിശ നിരക്കുകൾ അറിയാം
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപം നടത്തുന്നവർക്കും, നിക്ഷേപിക്കാൻ താൽപ്പര്യമുള്ളവർക്കും ഇനി സന്തോഷിക്കാൻ രണ്ടുണ്ട് കാരണങ്ങൾ. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധിയും പലിശനിരക്കും ഉയർത്തിയതായി സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയത് ദിവസങ്ങൾക്ക് മുൻപാണ്. മാസത്തിൽ പലിശവരുമാനം വേണമെന്നുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. നിങ്ങൾ ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും എല്ലാ മാസവും ഒരു നിശ്ചിത പലിശ നേടുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. പേര് സൂചിപ്പിക്കുന്നത് പോലെ, ഏത് പോസ്റ്റ് ഓഫീസിലും നിങ്ങൾക്ക് നിക്ഷേപം തുടങ്ങാവുന്നതാണ്. സുരക്ഷിതമായ നിക്ഷേപങ്ങളിൽ നിന്ന് പ്രതിമാസ വരുമാന ഓപ്ഷനുകൾ തേടുന്ന, റിസ്‌ക് എടുക്കാൻ താൽപര്യമില്ലാത്ത വ്യക്തികളാണ് പൊതുവെ ഈ സ്‌കീം പ്രധാനമായും തിരഞ്ഞെടുക്കുന്നത്.
undefined
പുതിയ നിക്ഷേപപരിധിയും, പലിശനിരക്കും
ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ഒരു വ്യക്തിക്ക് നിലവിൽ പരമാവധി 9 ലക്ഷം രൂപയും, ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം. നേരത്തെ സിംഗിൾ അക്കൗണ്ടിൽ 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 9 ലക്ഷം രൂപയുമായിരുന്നു പരിധി. 2023 ഏപ്രിൽ ഒന്ന് മുതലാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധിയും ഉയർത്തി കേന്ദ്ര ധനമന്ത്രാലയം നോട്ടിഫിക്കേഷൻ പുറത്തിറക്കിയത്.
കൂടാതെ, 2023 ഏപ്രിൽ-ജൂൺ പാദത്തിൽ പലിശ നിരക്ക് പ്രതിവർഷം 7.4 ശതമാനമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ 7.10 ശതമാനമായിരുന്നു പലിശ നിരക്ക്. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും കേന്ദ്ര സർക്കാർ അവലോകനം ചെയ്യാറുണ്ട്. പലിശ മാസത്തിലാണ് വിതരണം ചെയ്യുക.. അക്കൗണ്ട് ആരംഭിച്ച് ഒരു മാസം പൂർത്തിയായാൽ മാസ പലിശ വിതരണം ചെയ്ത് തുടങ്ങും.
ALSO READ: ആഡംബരത്തിന്റെ അവസാന വാക്ക്! അനന്ത് അംബാനിയുടെ വാച്ചിന്റെ വില പുറത്ത്
പദ്ധതി വിശദാംശങ്ങൾ
പ്രതിമാസവരുമാന പദ്ധതിയിൽ വ്യക്തിഗത അക്കൗണ്ടും പ്രായ പൂർത്തിയായവർക്ക് ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം.കുറഞ്ഞത് 1000 രൂപ ഉപയോഗിച്ച് ഒരു അക്കൗണ്ട് തുറക്കാം.പ്രായപൂർത്തിയാവാത്തവരുടെ പേരിൽ രക്ഷിതാക്കൾക്കും അക്കൗണ്ട് ആരംഭിക്കാം. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വേണ്ടി ഒരു രക്ഷിതാവ് തുറക്കുന്ന അക്കൗണ്ടിന്റെ പരിധി പ്രത്യേകമായിരിക്കും. 1000 രൂപയുടെ ഗുണിതങ്ങളായി 9 ലക്ഷം രൂപ വരെ സിംഗിൾ അക്കൗണ്ടിൽ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷമാണ് പരിധി.ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് അക്കൗണ്ടുടമകൾക്ക് തുല്യ പങ്കാളിത്തമായിരിക്കും.
5 വർഷമാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ കാലാവധി. ഏതെങ്കിലും നിക്ഷേപകൻ പരിധിയിൽക്കൂടുതൽ നിക്ഷേപം നടത്തിയാൽ, അധിക നിക്ഷേപം തിരികെ നൽകും. മാത്രമല്ല എല്ലാ മാസവും അടയ്ക്കേണ്ട പലിശ അക്കൗണ്ട് ഉടമ ക്ലെയിം ചെയ്യുന്നില്ലെങ്കിൽ, അത്തരം പലിശയ്ക്ക് അധിക പലിശ ലഭിക്കില്ല.നിക്ഷേപ തീയതി മുതൽ 1 വർഷം അവസാനിക്കുന്നതിന് മുമ്പ് ഒരു നിക്ഷേപവും പിൻവലിക്കാൻ പാടില്ല. അക്കൗണ്ട് തുറന്ന തീയതി മുതൽ 1 വർഷത്തിന് ശേഷവും 3 വർഷത്തിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, പ്രിൻസിപ്പലിന്റെ 2 ശതമാനം കുറച്ച് ബാക്കി തുക നൽകും.അക്കൗണ്ട് തുറന്ന തീയതി മുതൽ 5 വർഷത്തിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, നിക്ഷേപതുകയിൽ നിന്ന് 1 ശതമാനം തുക കുറയ്ക്കും. പോസ്റ്റ് ഓഫീസിലോ ഇസിഎസിലോ ഉള്ള ഒരു സേവിംഗ്സ് അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റ് വഴി പലിശ എടുക്കാം.
ALSO READ: പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, 72,000 കോടി നഷ്ടപരിഹാരം നല്കാൻ ജോൺസൺ ആൻഡ് ജോൺസൺ
ഒരു അക്കൗണ്ട് കാലാവധിക്ക് മുൻപ് ക്ലോസ് ചെയ്യണമെങ്കിൽ ഒരു പാസ് ബുക്കിനൊപ്പം ഒരു നിശ്ചിത അപേക്ഷാ ഫോറം, ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിൽ സമർപ്പിക്കണം. 5 വർഷം പൂർത്തിയായാൽ പാസ് ബുക്കിനൊപ്പം നിശ്ചിത അപേക്ഷാ ഫോറം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിൽ സമർപ്പിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാം.
നികുതി നിക്ഷേപത്തിനും പലിശയ്ക്കും നികുതി ഇളവുകളൊന്നും ലഭിക്കാത്തൊരു ലഘു സമ്പാദ്യ പദ്ധതിയാണിത്. മാസത്തിൽ ലഭിക്കുന്ന പലിശ നിക്ഷേപകന്റെ നികുതി സ്ലാബിന് അനുസരിച്ച് നികുതി ഈടാക്കും.